Connect with us

International

ബ്രദര്‍ഹുഡ് പ്രവര്‍ത്തകരുടെ അറസ്റ്റ്: പിന്തുണയുമായി ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി

Published

|

Last Updated

കൈറോ: സംഘര്‍ഷങ്ങളില്‍ പങ്കാളികളായ 500ലധികം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയെ പിന്തുണച്ച് ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തി രംഗത്തെത്തി. 2011ലെ അറബ് വിപ്ലവത്തിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഈജിപ്തില്‍ ആക്രമണങ്ങള്‍ക്ക് ശ്രമിച്ച 500ലധികം പേരെ ഈജിപ്ത് സുരക്ഷാ സൈന്യം പിടികൂടി ജയിലിലടച്ചിരുന്നു. ഇത്തരം സംഭവങ്ങളില്‍ താന്‍ ദുഃഖിതനല്ലെന്നും ക്രിമിനല്‍ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ പിടികൂടി വിചാരണ ചെയ്യണമെന്നും ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ശൈഖ് ശൗഖി അല്ലാം സിംഗപ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇവരുടെ പ്രവര്‍ത്തനങ്ങളെ താന്‍ പൂര്‍ണമായും എതിര്‍ക്കുകയാണ്. ഇത് രാജ്യത്തിന്റെ നിയമങ്ങളെ കാറ്റില്‍ പറത്തുന്ന പ്രവൃത്തികളാണ്. പിടികൂടിയവരെ നിയമത്തിന് വിധേയമായി വിചാരണ ചെയ്യണം. അവരെ പിടികൂടിയത് വെറും രാഷ്ട്രീയ പ്രശ്‌നങ്ങളുടെ പേരിലല്ല. രാജ്യത്തിന്റെ നിയമങ്ങളെ കൈയിലെടുക്കുന്ന നടപടിയാണ് ഇവര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്‌ലാമിക് റിലീജ്യസ് കൗണ്‍സിലിന്റെ ക്ഷണപ്രകാരം ഇവിടെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
പൊതുമുതല്‍ കത്തിക്കല്‍, ബോംബ് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ആക്രമണം നടത്തല്‍ തുടങ്ങിയ കേസുകളില്‍ 516 ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ സുരക്ഷാ സൈന്യം അറസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി മുഹമ്മദ് ഇബ്‌റാഹിം വ്യക്തമാക്കിയിരുന്നു.