Connect with us

National

രാജ്യസുരക്ഷയിലെ വീഴ്ച്ച: പരീക്കര്‍ വിമര്‍ശിച്ചത് ഗുജ്‌റാളിനെയെന്ന് സൂചന

Published

|

Last Updated

ന്യൂഡല്‍ഹി: ചില മുന്‍ പ്രധാനമന്ത്രിമാര്‍ രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ പരാമര്‍ശം ഐ കെ ഗുജ്‌റാളിനെ ഉദ്ദേശിച്ചെന്ന് റിപ്പോര്‍ട്ട്. അയല്‍ രാജ്യങ്ങളില്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ ശൃംഖല തകര്‍ത്തതിനെയാണ് പരീക്കര്‍ ഉദ്ദേശിച്ചതെന്ന് ചില ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശനയത്തിലെ ഗുജ്‌റാള്‍ സിദ്ധാന്തത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ നടപടിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. 1997-98 കാലത്ത് ഐക്യമുന്നണി സര്‍ക്കാറിന്റെ അവസാന കാലത്താണ് ഗുജ്‌റാള്‍ പ്രധാനമന്ത്രിയായത്.
മുന്‍ പ്രധാനമന്ത്രിമാരെ മുഴുവന്‍ ആക്ഷേപിക്കുന്ന പ്രസ്താവനയാണ് പരീക്കര്‍ നടത്തിയതെന്നും തെളിവുകളുണ്ടെങ്കില്‍ അത് പുറത്ത് വിടാനും ആരാണ് രാജ്യ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തതെന്ന് വ്യക്തമാക്കാന്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇന്നലെയും പാര്‍ട്ടി നേതാക്കള്‍ ഈ ആവശ്യം ആവര്‍ത്തിച്ചെങ്കിലും പ്രതികരിക്കാന്‍ പരീക്കര്‍ തയ്യാറായില്ല. മുന്‍ പ്രധാനമന്ത്രിമാര്‍ എന്തിലാണ് വിട്ടുവീഴ്ച ചെയ്തതെന്നും ഏത് തരത്തിലുള്ള ആസ്തികളെയാണ് മന്ത്രി ഉദ്ദേശിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചോദിച്ചു. തന്ത്രപ്രധാനമായ ഏതെങ്കിലും സാധന സാമഗ്രികളെയാണോ അല്ലെങ്കില്‍ രഹസ്യാന്വേഷണ സംവിധാനങ്ങളെയാണോ പ്രതിരോധ മന്ത്രി ഉദ്ദേശിച്ചതെന്നും ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാനായില്ലെങ്കില്‍ മന്ത്രി മാപ്പു പറയണമെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.
ഗുജറാത്ത് തീരത്ത് തീവ്രവാദികളുമായെത്തിയ പാക് ബോട്ട് തകര്‍ത്ത സംഭവത്തെ കുറിച്ച് സംസാരിക്കവെയാണ് ചില മുന്‍ പ്രധാനമന്ത്രിമാര്‍ രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന് മനോഹര്‍ പരീക്കര്‍ ആരോപിച്ചത്. ബോട്ട് തകര്‍ത്ത സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടാത്തത് എന്ത് കൊണ്ട് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സുരക്ഷാ കാര്യങ്ങളില്‍ നമുക്ക് രഹസ്യ സ്രോതസുകളുടെ ആഴത്തിലുള്ള ആസ്തികളുണ്ടാക്കേണ്ടതുണ്ട്. 20-30 വര്‍ഷങ്ങള്‍ കൊണ്ടാണ് ഇത്തരം ആസ്തികള്‍ ഒരുക്കിയെടുക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ പല മുന്‍ പ്രധാനമന്ത്രിമാരും സന്ധി ചെയ്തതായാണ് നാം കണ്ടിട്ടുള്ളത്. താന്‍ ആരുടേയും പേര് പറയുന്നില്ലെന്നും എല്ലാവര്‍ക്കും അതെല്ലാം അറിയാമെന്നുമാണ് മനോഹര്‍ പരീക്കര്‍ പറഞ്ഞത്.

Latest