Connect with us

International

ഹൂത്തി വിമതരും പ്രസിഡന്റും തമ്മില്‍ ധാരണ

Published

|

Last Updated

സന്‍ആ: കൂടുതല്‍ അധികാരം വേണമെന്ന് ആവശ്യപ്പെട്ട് മാസങ്ങളായി പ്രക്ഷോഭത്തിലേര്‍പ്പെട്ട യമനിലെ ഹൂത്തി വിമതരും പ്രസിഡന്റും ഇതുസംബന്ധിച്ച് പൊതുധാരണയിലെത്തി. അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറിലെത്തിയതെന്ന് യമന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞ ഹൂത്തി വിമതര്‍ അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയിരുന്നു. നേരത്തെ യമന്‍ തലസ്ഥാനമായ സന്‍ആയുടെ പൂര്‍ണ നിയന്ത്രണം ഹൂത്തി വിമതര്‍ പിടിച്ചെടുത്തിരുന്നു. കൂടുതല്‍ അധികാരം ഹൂത്തികളുമായി പങ്ക് വെക്കാമെന്ന ധാരണയിലാണ് ഇപ്പോള്‍ കരാറിലെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയുടെ വീടിന് ചുറ്റുമുള്ള ഹൂത്തി വിമതരെ പിന്‍വലിക്കും. അതേസമയം, കരാറിലെത്തിയെങ്കിലും ആരാണ് യമനിന്റെ അധികാരം പൂര്‍ണമായും കൈകാര്യം ചെയ്യുക എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അതുപോലെ ഹാദിക്ക് എത്രത്തോളം അധികാരം ഭരണത്തിലുണ്ടാകുമെന്ന കാര്യവും അവ്യക്തമാണ്. അടുത്തിടെ ഹൂത്തി വിമതര്‍ പ്രസിഡന്റ് ഹാദിയുടെ അടുത്ത ഒരാളെ ബന്ദിയാക്കിയിരുന്നു. ഇദ്ദേഹത്തെ മോചിപ്പിക്കാനും കരാറില്‍ ധാരണയായി. ഭരണഘടനയില്‍ പരിഷ്‌കരണം വരുത്തുക, ഭരണത്തില്‍ കൂടുതല്‍ പ്രാതിനിധ്യം അനുവദിച്ചു നല്‍കുക, പാര്‍ലിമെന്റില്‍ തങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹൂത്തി വിമതര്‍ മാസങ്ങളായി സര്‍ക്കാറിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയിരുന്നത്. പശ്ചിമ യമനികള്‍ക്കും അധികാരത്തില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കാന്‍ കരാറിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ബുധനാഴ്ച രാത്രിയാണ് ഇരുകൂട്ടരും കരാറിലെത്തിയത്.

Latest