Connect with us

Gulf

പ്രശ്‌നങ്ങള്‍,പ്രതികരണങ്ങള്‍

Published

|

Last Updated

ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നവരുടെ അവസ്ഥ സമഗ്രമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ദീര്‍ഘകാലം മരുഭൂമിയില്‍ അധ്വാനിച്ച് നാട്ടില്‍ തിരച്ചെത്തി പ്രതീക്ഷയോടെ ചെറു സംരംഭങ്ങള്‍ തുടങ്ങിയവരില്‍ പലരും നിരാശയിലാണ്. അവരെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനും സമൂഹത്തിനുമുണ്ട്.

എം എ യൂസുഫലി
ഇന്ത്യയിലെ ചില വിമാനത്താവളങ്ങള്‍ക്ക് ഇന്റര്‍നാഷനല്‍ ഹബ് പദവി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമനിച്ചപ്പോള്‍, അതില്‍ കേരളത്തില്‍ നിന്നുള്ള ഒരു വിമാനത്താവളംപോലും പെട്ടില്ല. കൊച്ചിക്ക് ഹബിനുള്ള യോഗ്യത ഉണ്ട്. കേന്ദ്രം അത് കണക്കിലെടുത്തില്ല. വിദേശത്തുനിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്ക് വര്‍ധിക്കാന്‍ ഇത് ഇടയാക്കും. അയാട്ട, അടിസ്ഥാന നിരക്ക് തയ്യാറാക്കുമ്പോള്‍ ചെന്നൈയെ ആണ് ഇന്റര്‍നാഷനല്‍ ഹബ് ആയി പരിഗണിക്കുക. അവിടെ നിന്ന് കേരളത്തിലേക്കുള്ള ദൂരം കണക്കാക്കി ചെന്നൈയിലേക്കുള്ളതിനെക്കാള്‍ നിരക്ക് കേരളത്തിലേക്ക് വാങ്ങും
ഇസ്മായില്‍ റാവൂത്തര്‍
മലയാളത്തിലെഴുതിയാലും അനുഭവ തീഷ്ണതയുണ്ടെങ്കില്‍ ലോകം ശ്രദ്ധിക്കും. ആടു ജീവിതത്തിന് ലോകത്തിന്റെ വിവിധ ഭാഷകളിലേക്ക് തര്‍ജമകളുണ്ടായി. ഗള്‍ഫ് മലയാളിയുടെ അനുഭവ മണ്ഡലം ഇനിയും ധാരാളമായി പ്രകാശനം ചെയ്യപ്പെടാനുണ്ട്. ലോകം അതിന് കണ്ണു തുറന്ന് നില്‍ക്കുന്നത് ഗള്‍ഫിലെ എഴുത്തുകാര്‍ കാണണം. കേരള സാഹിത്യ അക്കാദമിയും നോര്‍ക്കയും അവരെ പ്രോത്സാഹിപ്പിക്കണം
ബെന്യാമിന്‍
കൊച്ചിയില്‍ രണ്ടു ദിവസം നീണ്ട ആഗോള മലയാളീ പ്രവാസി സംഗമത്തില്‍ ഉയര്‍ന്നു കേട്ട വാക്കുകളാണ് മുകളിലുള്ളത്. വിദേശ മലയാളികളെക്കുറിച്ച് നിരവധി വിഷയങ്ങള്‍ വിവിധ സെഷനുകളില്‍ ഉയര്‍ന്നുവന്നു. എല്ലാം സാകൂതം കേള്‍ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രവാസികാര്യ മന്ത്രി കെ സി ജോസഫും ഉന്നത ഉദ്യോഗസ്ഥരും തയ്യാറായി. പ്രശ്‌നങ്ങള്‍ക്കും ആവലാതികള്‍ക്കും പരിഹാരമാകുമോ? നിര്‍ദേശങ്ങള്‍ സ്വീകരിക്കപ്പെടുമോ? മുന്‍കാലങ്ങളില്‍ ഇത്തരം ചര്‍ച്ചകള്‍ ധാരാളമായി നടന്നിട്ടുണ്ടെങ്കിലും അടിസ്ഥാന പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കപ്പെട്ടില്ല.
പക്ഷേ, പ്രതീക്ഷ കൈവിടാന്‍ പാടില്ല. ഗള്‍ഫ് മലയാളികളുടെയും തിരിച്ചെത്തിയവരുടെയും വിഷമതകള്‍ നാട്ടുകാര്‍ അറിയേണ്ടതും പ്രധാനം. അത്തരമൊരു സഫലീകരണം ഗാന്ധിനഗറില്‍ പ്രവാസി ഭാരതീയ ദിവസിലും കൊച്ചിയില്‍ ആഗോള മലയാളീ പ്രവാസി സംഗമത്തിലും നടന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും സവിധത്തിലേക്ക് ആവലാതികളുടെ ഭാണ്ഡങ്ങളെത്തി. ഗള്‍ഫില്‍ നിന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രവാസി ഭാരതീയ സമ്മാന്‍ നേടിയ അശ്‌റഫ് താമരശ്ശേരി അടക്കം പല പ്രതിനിധികളും ഗുജറാത്തില്‍ വെച്ച് അഭ്യര്‍ഥിക്കുകയുണ്ടായി. ഈ വിഷയം പ്രധാന മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ പ്രതിനിധികള്‍ക്ക് ചാരിതാര്‍ഥ്യം.
ആഗോള മലയാളി പ്രവാസി സംഗമം സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഗള്‍ഫിലെ മലയാളി വിദ്യാര്‍ഥികളുടേത് മുതല്‍ വന്‍ നിക്ഷേപകരുടെ വരെ നിരവധി കാര്യങ്ങള്‍ ഉയര്‍ന്നു വന്നു. ദീര്‍ഘകാലം ഗള്‍ഫില്‍ വിദഗ്ധ ജോലി ചെയ്തതിന് നോര്‍ക്ക അക്രഡിറ്റഡ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയാല്‍ പലര്‍ക്കും ഗുണകരമാകുമെന്ന് കെ എം സി സി പ്രസിഡന്റ് അന്‍വര്‍ നഹ ചൂണ്ടിക്കാട്ടി. നടപടികള്‍ കൈക്കൊള്ളാമെന്ന് മന്ത്രി കെ സി ജോസഫ് ഉടന്‍ മറുപടി നല്‍കി. കൊച്ചിയില്‍ നടന്ന മൊത്തം ചര്‍ച്ചയുടെ സ്വഭാവത്തിന്റെ ഒരു ഉദാഹരണമാണ് അക്രഡിറ്റഡ് സര്‍ട്ടിഫിക്കറ്റ് എന്നത്. കേരള സര്‍ക്കാറിന്റെ ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായ പരിധി 55ല്‍ നിന്ന് 60 ആക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്നും പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാമെന്നും മന്ത്രി പറഞ്ഞതിനെ കരഘോഷത്തോടെയാണ് പ്രതിനിധികള്‍ സ്വാഗതം ചെയ്തത്. ആ നിലയില്‍ പ്രവാസി സംഗമങ്ങള്‍ പതിരായിട്ടില്ല.
                                                                                                                                                                               (തുടരും)

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest