Connect with us

Kerala

സിപിഎമ്മിന്റെ ജനസ്വാധീനത്തില്‍ ചോര്‍ച്ചയെന്ന് എം എ ബേബി

Published

|

Last Updated

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് സംസ്ഥാനത്ത് സീറ്റ് വര്‍ധിച്ചെങ്കിലും അഭിമാനിക്കാന്‍ വകയില്ലെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ സ്വയം വിമര്‍ശം. സി പി എമ്മിന്റെ ജനസ്വാധീനത്തില്‍ ഇടിവുണ്ടായി. സീറ്റ് നാലില്‍ നിന്ന് എട്ടായി ഉയര്‍ന്നുവെന്ന് മേനി നടിച്ചിട്ട് കാര്യമില്ല. കേരളത്തിലെ സാഹചര്യത്തില്‍ ഇതിലും കൂടുതല്‍ സീറ്റുകള്‍ നേടാമായിരുന്നു. രാജ്യത്ത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് തിരഞ്ഞെടുപ്പിലുണ്ടായത് . എന്നാല്‍ ഇടതുപക്ഷം ചരിത്രത്തിലെ ഏറ്റവും തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ നേരിട്ടതെന്നും സി പി എം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഏതാനും സീറ്റ് കിട്ടിയതിന്റെ പേരില്‍ ഇടതുപക്ഷം മേനി നടിക്കേണ്ട ആവശ്യമില്ല. കേരളത്തിലെ അനുകൂല രാഷ്ട്രീയ സാഹചര്യം മുതലാക്കാന്‍ പാര്‍ട്ടി പരാജയപ്പെട്ടു. എങ്കിലും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആശ്വസിക്കാന്‍ വകയുണ്ട്. ത്രിപുരയില്‍ മികച്ച വിജയം നേടിയെങ്കിലും പശ്ചിമബംഗാളില്‍ വലിയ തിരിച്ചടിയാണ് സി പി എം നേരിട്ടത്. പാര്‍ട്ടിയുടെ ജനസ്വാധീനത്തില്‍ ചോര്‍ച്ചയുണ്ടായി. സി പി ഐയുടെ സ്ഥിതിയും മോശമായി.
കോണ്‍ഗ്രസ് പാളയത്തില്‍ പോയതുകൊണ്ട് ആര്‍ എസ് പിക്ക് ഒരു സീറ്റ് കിട്ടി. ഇടതുപക്ഷ പ്രസ്ഥാനത്തിന് ചില പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ കാരണങ്ങള്‍ അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കും. യു ഡി എഫ് ഭരണം സംസ്ഥാനത്തെ തകര്‍ച്ചയുടെ പടുകുഴിയിലേക്ക് ചവിട്ടിത്താഴ്ത്തുകയാണ്. ചാണ്ടി-മാണി-കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ട് സംസ്ഥാന ഭരണം നാടിനെ അപമാനത്തിലാക്കി. ഇടതുസര്‍ക്കാര്‍ നല്‍കിയ നേട്ടങ്ങള്‍ ഒന്നൊന്നായി ഇല്ലായ്മ ചെയ്യുകയാണ്.
കുറ്റവാളികളുടെ സംരക്ഷകന്‍ മാത്രമല്ല കുറ്റകൃത്യങ്ങളില്‍ പങ്കാളി കൂടിയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു. സോളാര്‍ കേസിലെ പരാതിക്കാരന്റെ മൊഴി ഇതിന് തെളിവാണ്. ടി പി വധത്തിന് പിന്നില്‍ രാഷ്ട്രീയമല്ല, വ്യക്തി വിരോധമാണന്ന് ഉന്നതപോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍ സി പി എം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് സ്ഥാപിക്കാനായിരുന്നു ശ്രമം. എന്നാല്‍ സോളാര്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് പറയരുതെന്നായിരുന്നു നിര്‍ദേശം. എങ്ങും അഴിമതിയുടെ ദുര്‍ഗന്ധം വമിക്കുകയാണെന്നും എം എ ബേബി ആരോപിച്ചു. കോട്ടയത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വന്ന കാലതാമസവും ഉറച്ച കോട്ടകളായ ഏറ്റുമാനൂര്‍, വൈക്കം എന്നിവിടങ്ങളില്‍ മുന്നണി വോട്ടിലുണ്ടായ വിള്ളലും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി കീഴ്ഘടകങ്ങള്‍ വേണ്ട രീതിയില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല.
കെ എം മാണിക്കെതിരായ പ്രതിഷേധങ്ങള്‍ വേണ്ടത്ര ശക്തമായിരുന്നില്ലെന്നും വിമര്‍ശം ഉയര്‍ന്നു. ഡി വൈ എഫ് ഐ സമരങ്ങള്‍ പലപ്പോഴും അക്രമ സമരങ്ങളായി മാറുകയാണെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി.

---- facebook comment plugin here -----

Latest