Connect with us

Eranakulam

വി എസ് പക്ഷത്തെ വെട്ടിനിരത്തി; എറണാകുളത്ത് പി രാജീവ് സെക്രട്ടറി

Published

|

Last Updated

കൊച്ചി: സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയായി പി രാജീവ് എം പി തിരഞ്ഞെടുക്കപ്പെട്ടു. നിലവിലുണ്ടായിരുന്ന കമ്മിറ്റിയില്‍ നിന്ന് ഏഴംഗങ്ങളെ ഒഴിവാക്കിയും പുതുതായി ഒമ്പത് അംഗങ്ങളെ ഉള്‍പ്പെടുത്തിയും പുതിയ ജില്ലാ കമ്മിറ്റിയെ ജില്ലാ സമ്മേളനം ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഒഴിവാക്കിയ ഏഴംഗങ്ങളില്‍ ആറു പേര്‍ വി എസ് വിഭാഗക്കാരാണ്. പുതുതായി ഉള്‍പ്പെടുത്തിയ ഒമ്പത് അംഗങ്ങളില്‍ ഏഴു പേര്‍ ഔദ്യോഗിക പക്ഷക്കാരും. ഒളിക്യാമറാ വിവാദത്തെ തുടര്‍ന്ന് പുറത്തായ ഗോപി കോട്ടമുറിക്കലും ഒളിക്യാമറ വെച്ചതിന് പുറത്തായ കെ എ ചാക്കോച്ചനും ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തി.

വി എസ് പക്ഷത്തിന്റെ രണ്ട് ദശാബ്ദത്തിലേറെ നീണ്ട ആധിപത്യത്തിന് ജില്ലാ സമ്മേളനം അന്ത്യം കുറിച്ചു. 43 അംഗങ്ങളുള്ള പുതിയ ജില്ലാ കമ്മിറ്റിയില്‍ 17 പേര്‍ വി എസ് പക്ഷക്കാരും 26 പേര്‍ ഔദ്യോഗിക പക്ഷക്കാരുമാണ്. 38 സംസ്ഥാന സമ്മേളന പ്രതിനിധികളില്‍ 20 പേര്‍ ഔദ്യോഗിക പക്ഷക്കാരാണ്.
സി എം ദിനേശ്മണി, കെ ചന്ദ്രന്‍പിള്ള, സി എന്‍ മോഹനന്‍, പി രാജീവ്, കെ ജെ ജേക്കബ്, ടി കെ മോഹനന്‍, പി എം ഇസ്മാഈല്‍, എം പി പത്രോസ്, വി പി ശശീന്ദ്രന്‍, എം ബി സ്യമന്തഭദ്രന്‍, സി കെ മണിശങ്കര്‍, പി ആര്‍ മുരളീധരന്‍, സി ബി ദേവദര്‍ശനന്‍, കെ എന്‍ ഉണ്ണികൃഷ്ണന്‍, പി എന്‍ സീനുലാല്‍, എം അനില്‍കുമാര്‍, ടി കെ വത്സന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, എം സി സുരേന്ദ്രന്‍, സി എന്‍ സുന്ദരന്‍, സി കെ പരീത്, കെ എന്‍ ഗോപിനാഥ്, ഹെന്നി ബേബി, വി എ സക്കീര്‍ ഹുസൈന്‍, കെ ബി സോമശേഖരന്‍, വി എം ശശി, വി എസ് സദാനന്ദന്‍, പി എസ് ഷൈല, പി കെ സോമന്‍, എന്‍ സി മോഹനന്‍, ടി ഐ ശശി, കെ തുളസി, പി ജെ വര്‍ഗീസ്, പി എന്‍ ബാലകൃഷ്ണന്‍, ഒ എന്‍ വിജയന്‍, എം കെ ശിവരാജന്‍, കെ വി ഏലിയാസ്, വി സലീം, ആര്‍ അനില്‍കുമാര്‍, ടി സി ഷിബു, ടി ആര്‍ ബോസ്, ഗോപി കോട്ടമുറിക്കല്‍, കെ എ ചാക്കോച്ചന്‍ എന്നിവരാണ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍.
എറണാകുളം ജില്ലാ ഘടകത്തില്‍ വിഭാഗീയത അവസാനിച്ചുവെന്ന പിണറായി വിജയന്റെ പ്രഖ്യാപനം അന്വര്‍ഥമാക്കിക്കൊണ്ടാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വി എസ് പക്ഷത്തെ ആറു പേരടക്കം ഏഴ് പേരെ ഒഴിവാക്കിക്കൊണ്ടും രണ്ട് വി എസ് പക്ഷക്കാരടക്കം ഒമ്പത് പേരെ ഉള്‍പ്പെടുത്തിക്കൊണ്ടുമുള്ള പാനല്‍ മുന്നോട്ടു വെച്ചപ്പോള്‍ വി എസ് പക്ഷ നേതാക്കള്‍ എതിര്‍പ്പൊന്നും കൂടാതെ അംഗീകരിക്കുകയായിരുന്നു. പി രാജീവ്, ഗോപി കോട്ടമുറിക്കല്‍, കെ എ ചാക്കോച്ചന്‍, എം കെ ശിവരാജന്‍, ടി സി ഷിബു, ടി ആര്‍ ബോസ്, കെ വി ഏലിയാസ്, ആര്‍ അനില്‍കുമാര്‍, വി സലിം എന്നിവരാണ് പുതുതായി കമ്മിറ്റിയില്‍ വന്നത്. ഇതില്‍ ചാക്കോച്ചനും ഏലിയാസും മാത്രമാണ്് വി എസ് പക്ഷക്കാര്‍. സരോജിനി ബാലാനന്ദന്‍, സി വി ഔസേഫ്, കെ എന്‍ നായര്‍, ടി ആര്‍ ഗോപിനാഥ്, എം പി വര്‍ഗീസ്, കെ ബി ഭദ്രന്‍, പി ആര്‍ ഗംഗാധരന്‍ എന്നിവരാണ് ഒഴിവാക്കപ്പെട്ടവര്‍. ഇതില്‍ ടി ആര്‍ ഗോപിനാഥ് ഒഴികെയുള്ളവര്‍ വി എസ് പക്ഷക്കാരാണ്.
നിലവിലുള്ള ജില്ലാ കമ്മിറ്റിയെ അതേപടി നിലനിര്‍ത്താത്ത പക്ഷം മത്സരം നടക്കുമെന്ന് വി എസ് പക്ഷം മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ അവസാനം വരെയും ആകാംക്ഷ നിലനിന്നിരുന്നു. വി എസ് പക്ഷത്തെ വെട്ടിനിരത്തിക്കൊണ്ടുള്ള പാനലിനെതിരെ മത്സരിക്കാന്‍ പലരും മുന്നോട്ടു വരുമെന്നായിരുന്നു കരുതപ്പെട്ടത്. പക്ഷേ പ്രതിനിധികളുടെ എണ്ണത്തില്‍ ഔദ്യോഗിക പക്ഷത്തിന് വ്യക്തമായ ആധിപത്യമുള്ളതിനാല്‍ മത്സര രംഗത്തിറങ്ങിയാല്‍ വെട്ടിനിരത്തലിലൂടെ കൂടുതല്‍ പേര്‍ പുറത്തു പോകാനുള്ള സാധ്യത മുന്നില്‍ കണ്ട് മത്സരത്തില്‍ നിന്ന് അവര്‍ പിന്‍വാങ്ങുകയായിരുന്നു.
വി എസ് പക്ഷം മത്സരിക്കാന്‍ ഒരുങ്ങിയാല്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ ഔദ്യോഗിക പക്ഷവും തയ്യാറെടുപ്പ് നടത്തിയിരുന്നു. വി എസ് അച്യുതാനന്ദന്‍ കൂടി പങ്കെടുത്ത സമ്മേളനത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമായി. സംസ്ഥാന കമ്മിറ്റി അംഗമായ പി രാജീവിന്റെ പേര് ഔദ്യോഗിക പാനലില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ അദ്ദേഹമായിരിക്കും ജില്ലാ സെക്രട്ടറി എന്ന് ഉറപ്പായിരുന്നു. സമ്മേളനത്തില്‍ പാനല്‍ അവതരിപ്പിച്ച് സംസാരിച്ച നിലവിലെ സെക്രട്ടറി സി എം ദിനേശ്മണി മാറിയ സാഹചര്യത്തില്‍ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടതുണ്ടെന്ന് ആമുഖമായി വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്ന് പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്നാണ് സെക്രട്ടറിയെ തിരഞ്ഞെടുത്തത്. മൂന്ന് പേര്‍ രാജീവിന്റെ പേര് നിര്‍ദേശിച്ചു. എതിര്‍പ്പ് കൂടാതെ എല്ലാവരും നിര്‍ദേശം അംഗീകരിച്ചു.
സംസ്ഥാന സമ്മേളന പ്രതിനിധികളുടെ തിരഞ്ഞെടുപ്പും മത്സരം കൂടാതെ നടന്നു. തുടര്‍ന്ന് പുതിയ ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് ജില്ലാ സെക്രട്ടറിയായി പി രാജീവിനെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു.
പുതിയ ജില്ലാ സെക്രട്ടേറിയറ്റിനെ സംസ്ഥാന സമ്മേളനത്തിന് ശേഷമാകും തിരഞ്ഞെടുക്കുക. ഔദ്യോഗിക പക്ഷത്തിന് ആധിപത്യമുള്ളതായിരിക്കും പുതിയ സെക്രട്ടേറിയറ്റ്. വി എസ് പക്ഷത്തെ പ്രമുഖര്‍ പലരും സെക്രട്ടേറിയറ്റില്‍ ഉണ്ടാകില്ലെന്നാണ് സൂചന.

Latest