Connect with us

Malappuram

എന്‍ട്രന്‍സ് അപേക്ഷകര്‍ നെട്ടോട്ടത്തില്‍

Published

|

Last Updated

വേങ്ങര: മെഡിക്കല്‍ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ നെട്ടോട്ടത്തില്‍.
എന്‍ട്രന്‍സ് പരീക്ഷയുടെ അപേക്ഷയോടൊപ്പം നാറ്റിവിറ്റി, കമ്മ്യൂനിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണം.
അതു കൂടാത സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ നോണ്‍ ക്രിമിലയര്‍ സര്‍ട്ടിഫിക്കറ്റും നല്‍കണമെന്നാണ് പരീക്ഷാ ബോര്‍ഡിന്റെ പുതിയ ഉത്തരവ്. ഇതാണ് രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും ഏറെ ബുദ്ധിമുട്ടിക്കുന്നത്. അപേക്ഷിക്കുന്ന കുട്ടിയുടെ പിതാവിന്റെയും മാതാവിന്റെയും വരുമാന സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതുകൊണ്ട് രണ്ട് വില്ലേജ് ഓഫീസുകള്‍ കയറി ഇറങ്ങേണ്ട അവസ്ഥയാണുള്ളത്.
ഇതു കൂടാതെ നോണ്‍ ക്രിമിലയര്‍ സര്‍ട്ടിഫിക്കറ്റ് ആര് നല്‍കണമെന്ന കാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്ക് തഹസില്‍ദാറും സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വില്ലേജ് ഓഫീസറുമാണ് സാധാരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ സംസ്ഥാന എന്‍ട്രന്‍സിന് തന്നെ അവ്യക്തത കാരണം പല വില്ലേജ് ഓഫീസര്‍മാരും തഹസില്‍ദാര്‍ക്ക് അപേക്ഷകള്‍ തിരിച്ചയച്ചിട്ടുണ്ട്. ഓരോ വില്ലേജ് ഓഫീസിലും ഇത്തരത്തില്‍ അഞ്ഞൂറിലധികം അപേക്ഷകളാണ് എത്തുന്നത്.
അപേക്ഷകളുടെ തിരക്ക് കാരണം മറ്റു നടപടികളൊന്നും ചെയ്യാന്‍ വില്ലേജ് അധികൃതര്‍ക്ക് സമയവും ലഭ്യമാവുന്നില്ല. ഒരു കുട്ടിക്ക് എന്‍ട്രന്‍സ് പരീക്ഷക്ക് അപേക്ഷിക്കണമെങ്കില്‍ ഒരാഴ്ചയിലധികം കയറിയിറങ്ങണം. ഏറെ ബുദ്ധിമുട്ടി അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ ഏതാനും വിദ്യാര്‍ഥികള്‍ മാത്രമാണ് കടമ്പ കടന്ന് കയറിപറ്റുന്നത്. എന്‍ട്രന്‍സ് പരീക്ഷ അപേക്ഷകള്‍ ലളിതമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അപേക്ഷകരെല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നതിനു പകരം പ്രവേശനം ലഭിച്ചവരില്‍ നിന്ന് മാത്രം യഥാസമയം സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനുള്ള സംവിധാനം ഒരുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

Latest