Connect with us

Kerala

സന്ദേശ് വണ്‍: അഞ്ച് കോടി തൊഴിലാളികള്‍ക്ക് നൈപുണ്യ പരിശീലനം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതകളെ സംരംഭകരാക്കി വളര്‍ത്തുന്നതിനായി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന നൂതന പദ്ധതിയായ സന്ദേശ് വണ്ണിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് പ്രതാപ് റൂഡി ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് അടുത്ത ഏഴ് വര്‍ഷത്തിനകം 50 കോടി തൊഴിലാളികള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. 12-ാം പദ്ധതിക്കാലത്ത് അഞ്ച്‌കോടി തൊഴിലാളികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. 2022ല്‍ അവസാനിക്കുന്ന പതിമൂന്നാം പദ്ധതിയില്‍ 45 കോടി പേരെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉന്നത അക്കാദമിക നിലവാരമുള്ളവരുടെ എണ്ണത്തില്‍ രാജ്യം ഏറെ മുന്നിലാണെങ്കിലും ഇവരില്‍ തൊഴില്‍ വൈദഗ്ധ്യമുള്ളവര്‍ വെറും രണ്ടു ശതമാനം മാത്രമാണ്. എന്നാല്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നതില്‍ പരിശീലകരുടെ അഭാവം വെല്ലുവിളി ഉയര്‍ത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസന പദ്ധതികളില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും സന്ദേശ് വണ്‍ വനിതാ മുന്നേറ്റത്തിന് ആക്കം കൂട്ടുമെന്നും റൂഡി വ്യക്തമാക്കി. കുടുംബശ്രീ, ഷീ-ടാക്‌സി തുടങ്ങിയ സ്ത്രീ ശാക്തീകരണ പദ്ധതികളിലൂടെ കേരളം ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധനേടിയതായി സന്ദേശ് വണ്ണിന്റെ ഉദ്ഘാടനം നിര്‍വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വനിതകള്‍ക്ക് അറിവും വൈദഗ്ധ്യവും പകര്‍ന്ന് സംരംഭകരാക്കുന്ന പ്രഥമ പദ്ധതിയിലൂടെ കേരളത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടും.
പഞ്ചായത്ത് തലങ്ങളില്‍ വനിതാ സംരംഭകരുടെ കീഴില്‍ ആവിഷ്‌കരിക്കുന്ന ആയിരം സന്ദേശ് സെന്ററുകളിലൂടെ ആനുകാലിക സാമൂഹിക പ്രശ്‌നങ്ങളായ ഭക്ഷണജല ദൗര്‍ലഭ്യം, മാലിന്യ സംസ്‌കരണം, കൃഷിയിലെ ഉത്പാദന കുറവ്, തൊഴിലില്ലായ്മ തുടങ്ങിയവയില്‍ പ്രാദേശിക തലത്തില്‍ തന്നെ ശാശ്വത പരിഹാരം കണ്ടെത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റാര്‍ട്ട് അപ് വില്ലേജുപോലെ സര്‍ക്കാര്‍ അവതരിപ്പിച്ച് നടപ്പിലാക്കി വരുന്ന പദ്ധതികളുടെ സേവനങ്ങള്‍ സന്ദേശ് വണ്ണിലൂടെ താഴെത്തട്ടിലേക്ക് എത്തിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest