Connect with us

Malappuram

ട്യൂഷനെന്ന പേരില്‍ വിദ്യാര്‍ഥികള്‍ കോട്ടക്കുന്നില്‍ കറങ്ങി നടക്കുന്നു

Published

|

Last Updated

മലപ്പുറം: വീട്ടില്‍ നിന്ന് ട്യൂഷനെന്ന വ്യാജേന വിദ്യാര്‍ഥികള്‍ കോട്ടക്കുന്നില്‍ കറങ്ങി നടക്കുന്നു. ഇത് സംബന്ധിച്ച് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ചൈല്‍ഡ് ലൈനും ജുവനൈല്‍ പോലീസും സംയുക്തമായി ഇന്നലെ കോട്ടക്കുന്നില്‍ പരിശോധന നടത്തി.
പരിശോധനയില്‍ ഇരുപതോളം വരുന്ന വിദ്യാര്‍ഥികളെ പിടികൂടി. എന്നാല്‍ പരിശോധന സംഘത്തെ കണ്ട നിരവധി കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ച സമയത്താണ് സംഘം പരിശോധന നടത്തിയത്. ട്യൂഷനെന്ന പേരില്‍ രാവിലെ വീട്ടില്‍ നിന്നിറങ്ങുന്ന പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ ഉച്ച സമയങ്ങളില്‍ പോലും കോട്ടക്കുന്നില്‍ കറങ്ങുന്നതായാണ് വിവരം.
ആരുടെയും ശ്രദ്ധ പതിയാത്ത കാട് മൂടിയ ഭാഗങ്ങളിലാണ് ഇവര്‍ പ്രധാനമായും ചെന്നിരിക്കുന്നത്.
അരുതാത്ത പല കാര്യങ്ങളും വിദ്യാര്‍ഥികള്‍ ചെയ്യുന്നുണ്ടെന്നായിരുന്നു ചൈല്‍ഡ് വെല്‍ഫൈയര്‍ കമ്മിറ്റിക്ക് ലഭിച്ച രഹസ്യ വിവരം. മലപ്പുറത്തും പരിസര പ്രദേശങ്ങളിലുമുള്ള വിദ്യാര്‍ഥികളാണ് കൂടുതലായും ഇവിടെ എത്തുന്നത്.
ഇവര്‍ അധികവും ടൗണിലെ തന്നെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരാണ്. കുട്ടികള്‍ പരിശോധന സംഘത്തിന്റെ കാല്‍പിടിച്ച് കരഞ്ഞതിനാല്‍ രക്ഷിതാക്കളെ അറിയിക്കാതെ ഇവരെ താക്കീത് നല്‍കി വിട്ടയച്ചു. പരിശോധനക്ക് ഹാരിസ് പാഞ്ചിളി, നവാസ് കൂരിയാട്, നിഷ പൂക്കോട്ടൂര്‍, രത്‌നകുമാരി എന്നിവര്‍ പങ്കെടുത്തു.

Latest