Connect with us

International

പാക്കിസ്ഥാനില്‍ ബസും എണ്ണ ടാങ്കറും കൂട്ടിയിടിച്ച് 59 പേര്‍ വെന്തുമരിച്ചു

Published

|

Last Updated

ഇസ്‌ലാമാബാദ്: പശ്ചിമപാക്കിസ്ഥാനില്‍ എണ്ണ ടാങ്കര്‍ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചുരുങ്ങിയത് 59 പേര്‍ വെന്തുമരിച്ചു. തെറ്റായ ദിശയില്‍ അമിത വേഗത്തില്‍ വന്ന എണ്ണ ടാങ്കര്‍ ബസുമായി കൂട്ടിയിടച്ചതിനെ തുടര്‍ന്ന് വന്‍ അഗ്നിബാധയുണ്ടായതാണ് മരണ സംഖ്യ ഉയരാന്‍ കാരണം. കറാച്ചിയില്‍ നിന്ന് ശിക്കാര്‍പൂര്‍ നഗരത്തിലേക്ക് പോകുകയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
അപകടം നടന്ന നിമിഷത്തില്‍ തന്നെ ബസിന് തീപിടിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. പലരെയും തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ അവസ്ഥയിലാണ്. 57 മൃതദേഹങ്ങള്‍ ഇതുവരെ ആശുപത്രിയില്‍ എത്തിച്ചതായും പലരുടെയും ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞ അവസ്ഥയിലായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും കറാച്ചിയിലെ ജിന്ന ആശുപത്രിയിലെ ഡോക്ടര്‍ സെമി ജമാലി മാധ്യമങ്ങളോട് പറഞ്ഞു. വിരലിലെണ്ണാവുന്ന ചിലര്‍ അപകടമുണ്ടായ നിമിഷത്തില്‍ തന്നെ ബസില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. എണ്ണ ടാങ്കര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ മാത്രമാണോ കുറ്റക്കാരന്‍ എന്ന കാര്യം പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സംഭവ സ്ഥലത്തെത്തിയ സുരക്ഷാ സൈന്യവും നാട്ടുകാരും ചേര്‍ന്നാണ് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ നീക്കം ചെയ്തത്. പരിക്കേറ്റവരെ ഇവിടെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തില്‍ പ്രധാനമന്ത്രി നവാസ് ശരീഫ് നടുക്കവും ദുഖവും രേഖപ്പെടുത്തി. അപകടത്തില്‍പ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുടുതല്‍ കാര്യക്ഷമമാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.
മോശം റോഡുകള്‍, കാലപ്പഴക്കമേറിയ വാഹനങ്ങള്‍, ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചുള്ള ഡ്രൈവിംഗ് തുടങ്ങിയ കാരണങ്ങള്‍ മൂലം ഇവിടെയുണ്ടാകുന്ന അപകടമരണങ്ങള്‍ അനവധിയാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉണ്ടായ മറ്റൊരു അപകടത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Latest