Connect with us

International

ബോകോ ഹറാം തീവ്രവാദി ആക്രമണം; നൈജീരിയ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടി

Published

|

Last Updated

അബൂജ: നൈജീരിയയില്‍ ബോക്കോ ഹറാം തീവ്രവാദികള്‍ വടക്ക് പടിഞ്ഞാറന്‍ നഗരത്തില്‍ നടത്തിയ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ഇവരെ തുരത്താന്‍ സൈന്യം അന്താരാഷ്ട്രാ സമൂഹത്തിന്റെ സഹായം അഭ്യര്‍ഥിച്ചു. ആറ് വര്‍ഷക്കാലത്തിനിടക്ക് രാജ്യത്ത് നടന്ന ഏറ്റവും വലിയ കൂട്ടക്കുരുതിയാണ് ബാഗ നഗരത്തില്‍ തീവ്രവാദികള്‍ നടത്തിയതെങ്കിലും കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ കണക്കുകള്‍ ലഭിച്ചിട്ടില്ല. വിശദീകരിക്കാനാകാത്തവിധം ആളുകള്‍ കൊല്ലപ്പെട്ട ആക്രമണമാണ് നടന്നതെന്നും 2009 മുതല്‍ ഇതുവരെ 13,000ത്തില്‍ അധികം പേര്‍ ബോക്കോ ഹരാം ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പ്രതിരോധ വകുപ്പിന്റെ വക്താവ് ക്രിസ് ഒലൂകൊലേദ് പ്രസ്താവനയില്‍ പറഞ്ഞു. ജനുവരി മൂന്നിന് നടന്ന ആക്രമണം ബോക്കോ ഹറാമിന്റെ പൈശാചിക പ്രവര്‍ത്തികള്‍ ലോകത്തിന് വെളിവാക്കുകയും ഇവര്‍ക്കെതിരെ യോജിച്ചുപ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തതായും അദ്ദഹം പ്രസ്താവനയില്‍ പറഞ്ഞു. പശ്ചിമാഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ സൈന്യമായ നൈജീരിയന്‍ സൈന്യത്തിന് ആറ് വര്‍ഷക്കാലമായിട്ടും ഈ തീവ്രവാദികളെ അടിച്ചമര്‍ത്താന്‍ കഴിയാത്തത് തുടര്‍ച്ചയായ വിമര്‍ശനമുയര്‍ത്തുന്നതൊടൊപ്പം വലിയ തോതിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങളും നടത്തുന്നതായി ആരോപണമുണ്ട്. സൈന്യത്തിന് പര്യാപ്തമായ ആയുധങ്ങളില്ലാത്തതിനാല്‍ കൂടുതല്‍ മെച്ചപ്പെട്ട ആയുധങ്ങളുള്ള വിമതരോട് ഏറ്റുമുട്ടാന്‍ പലപ്പോഴും സൈന്യം തയ്യാറാകാറില്ല. അടുത്തമാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷം തീവ്രവാദത്തെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നാണ് സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്. ബാഗയില്‍ നടന്ന ആക്രമണത്തെത്തുടര്‍ന്ന് 20,000 പേര്‍ പലായനം ചെയ്തുവെന്നാണ് പ്രാദേശിക അധികൃതര്‍ വെളിപ്പെടുത്തിയത്.

Latest