Connect with us

Kozhikode

സി പി എം ജില്ലാ സമ്മേളനം 13 മുതല്‍ വടകരയില്‍

Published

|

Last Updated

കോഴിക്കോട്: സി പി എം ജില്ലാ സമ്മേളനം ഈ മാസം 13, 14, 15 തീയതികളില്‍ വടകരയില്‍ നടക്കും. എം വാസു- ടി സി ഗോപാലന്‍ മാസ്റ്റര്‍ എന്നിവരുടെ പേരില്‍ വടകര ടൗണ്‍ഹാളില്‍ സജ്ജമാക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം നടക്കുക. സി എച്ച് അശോകന്റെ നാമധേയത്തില്‍ നാരായണ നഗറില്‍ സജ്ജമാക്കിയ വേദിയില്‍ സമാപന സമ്മേളനം നടക്കും. 329 പ്രതിനിധികളും 39 ജില്ലാ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 368 പേര്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും.
സമാപന ദിവസമായ 15ന് വൈകിട്ട് മൂന്നിന് വടകര, ഒഞ്ചിയം, നാദാപുരം, കുന്നുമ്മല്‍ ഏരിയകളില്‍ നിന്നായി അരലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയും ജില്ലയുടെ വിവിധ ഏരിയകളില്‍ നിന്നായി 15,000 റെഡ് വളണ്ടിയര്‍മാര്‍ പങ്കെടുക്കുന്ന പരേഡും നടക്കുമെന്ന് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പോളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കരുണാകരന്‍, പി കെ ഗുരുദാസന്‍, ഡോ. ടി എം തോമസ് ഐസക്ക്, കെ കെ ശൈലജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ വി വി ദക്ഷിണാമൂര്‍ത്തി, എം വി ഗോവിന്ദന്‍, ആനത്തലവട്ടം ആനന്ദന്‍, എളമരം കരീം, സംസ്ഥാന കമ്മിറ്റി അംഗമായ എന്‍ കെ രാധ പങ്കെടുക്കും. 13ന് കാലത്ത് 10 മണിക്ക് പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
മുന്‍ സമ്മേളന കാലത്തെ ജില്ലയിലെ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 26969 ആയിരുന്നു. ഇത്തവണ അത് 31,761 ആയി ഉയര്‍ന്നു. ഈ കാലയളവില്‍ ജില്ലയില്‍ 321 ബ്രാഞ്ചുകളും 16 ലോക്കല്‍ കമ്മിറ്റികളും ഒരു ഏരിയാ കമ്മിറ്റിയും വര്‍ധിച്ചുവെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി മോഹനന്‍, കെ ചന്ദ്രന്‍, ടി പി ബാലകൃഷ്ണന്‍ നായര്‍ സംബന്ധിച്ചു.

Latest