Connect with us

Idukki

വി എസിനെ പുകഴ്ത്തിയവര്‍ക്ക് പിണറായിയുടെ താക്കീത്

Published

|

Last Updated

തൊടുപുഴ: മൂന്നാറില്‍ നടക്കുന്ന സി പി എം ജില്ലാ സമ്മേളനത്തില്‍ വി എസിനെ പുകഴ്ത്തിയവര്‍ക്ക് പിണറായിയുടെ താക്കീത്. ശനിയാഴ്ച രാവിലെ നടന്ന സംഘടനാ റിപ്പോര്‍ട്ട് ചര്‍ച്ചക്കിടെയാണ് ശാന്തമ്പാറയില്‍ നിന്നുളള ഏരിയാ കമ്മിറ്റി അംഗം വി എസിന്റെ നിലപാടുകളാണ് ശരി എന്ന മട്ടില്‍ സംസാരിച്ചത്. ഇതോടെയാണ് പിണറായി വിജയന്‍ നേതാക്കളെ വ്യക്തിപരമായി പുകഴ്ത്തുന്നത് സംഘടനാ രീതിയല്ലെന്ന മുന്നറിയിപ്പ് നല്‍കിയത്. ശാന്തമ്പാറയില്‍ നിന്നുളള പ്രതിനിധി വി എസ് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന ചാനല്‍ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം സംഘടനാ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്ന ആരോപണം വി എസ് പക്ഷം ശക്തമായി ഉയര്‍ത്തി. 37 അംഗ ജില്ലാ കമ്മിറ്റിയില്‍ ആകെയുളള വി എസ് പക്ഷക്കാരായ എന്‍ ശിവരാജനും എന്‍ വി ബേബിയും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ഇവര്‍ക്കെതിരെ നടപടി വേണമെന്നും ജില്ലാ സെക്രട്ടറി എം എം മണിയുടെ റിപ്പോര്‍ട്ടിലുളളത് ഈ വിഭാഗത്തെ ചൊടിപ്പിച്ചു. വി എസ് വിഭാഗക്കാര്‍ക്കെതിരെ കര്‍ക്കശ നിലപാടെടുക്കുന്ന ജില്ലാ കമ്മിറ്റി ഔദ്യോഗിക പക്ഷ നേതാക്കളുടെ അച്ചടക്ക ലംഘനം കണ്ടില്ലെന്നു നടിക്കുന്നുവെന്നാരോപിച്ച് ചിലര്‍ ബഹളം വെച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ തേയിലതോട്ടം തൊഴിലാളി യൂനിയന്‍ നേതാവ് പി എസ് രാജന്‍, പി എന്‍ വിജയന്‍ എന്നീ പിണറായി വിഭാഗക്കാരുടെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം മൂടിവെക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ ശ്രമമെന്ന് വി എസ് വിഭാഗക്കാര്‍ ആരോപിച്ചു. എന്‍ ശിവരാജനെയും എന്‍ വി ബേബിയെയും ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കാന്‍ പിണറായി പക്ഷം കിണഞ്ഞു ശ്രമിക്കുന്നുണ്ട്.
ദേവികുളം എം എല്‍ എ. എസ് രാജേന്ദ്രനെതിരെ കടുത്ത വിമര്‍ശനമാണ് അംഗങ്ങളില്‍ നിന്നും ഉയര്‍ന്നത്. ബൂര്‍ഷ്വാ നേതാവിനെപ്പോലെ പെരുമാറുന്ന രാജേന്ദ്രന്‍ മൂന്നാറിലെ കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും ചില പ്രതിനിധികള്‍ കുറ്റപ്പെടുത്തി. 14 ഏരിയാ കമ്മിറ്റിയില്‍ നിന്നുളള 314 അംഗങ്ങളും 37 ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 50ല്‍ താഴെ മാത്രമാണ് വി.എസ് അനുകൂലികള്‍.
എം എം മണി സ്ഥാനം ഒഴിയുന്നതോടെ പകരക്കാരനായി കെ കെ ജയചന്ദ്രന്‍ എം എല്‍ എ തന്നെ എത്തുമെന്നാണ് സൂചന. ജയചന്ദ്രന്‍ വിസമ്മതം അറിയിച്ചതായുളള വാര്‍ത്തകള്‍ തെറ്റാണെന്നാണ് വിവരം. അന്തിമ തീരുമാനം ഞായറാഴ്ച രാവിലെ നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉണ്ടാകും. മണക്കാട്ടെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എം മണിക്കു പകരം ജയചന്ദ്രനായിരുന്നു ജില്ലാ സെക്രട്ടറി. പിന്നീട് മണി തിരിച്ചെത്തിയപ്പോള്‍ സ്ഥാനം ഒഴിയുകയായിരുന്നു.

Latest