Connect with us

National

സുനന്ദയുടെ ശരീരത്തിലെ മുറിവുകള്‍ മരണകാരണമല്ലെന്ന് എഫ്‌ഐആര്‍

Published

|

Last Updated

ന്യൂഡല്‍ഹി:സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഡോ. ശശി തരൂര്‍ എം പിയെ ഉടന്‍ ചോദ്യം ചെയ്യും. കേരളത്തില്‍ ചികിത്സയിലായിരുന്ന തരൂര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. തരൂരിന്റെ സഹായികളില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങള്‍ അടിസ്ഥാനമാക്കിയാകും അദ്ദേഹത്തില്‍ നിന്ന് മൊഴിയെടുക്കുക. സുനന്ദയുടെ മകന്‍ ശിവ്‌മേനോന്‍, തരൂരിന്റെ സുഹൃത്തും പാക് മാധ്യമ പ്രവര്‍ത്തകയായ മെഹര്‍ തരാര്‍ എന്നിവരുടെയും മൊഴിയെടുക്കും. തരൂരിന്റെയും സുനന്ദയുടെയും സഹായികളെ നുണപരിശോധനക്ക് വിധേയരാക്കാനും ഡല്‍ഹി പോലീസ് തീരുമാനിച്ചിട്ടുണ്ട്.
നാല് ദിവസത്തിനകം കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സുനന്ദയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകള്‍ മരണകാരണമല്ലെന്നാണ് എഫ് ഐ ആര്‍ റിപ്പോര്‍ട്ടിലുള്ളത്.
ജനുവരി 15ന് വൈകിട്ട് 5.48നാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദ മുറിയെടുത്തത്. 17ന് ലീലാ പാലസ് ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസിനെ അറിയിച്ചത് ശശി തരൂരിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റാണ്. പിന്നീട് മരണം സ്ഥിരീകരിച്ചു. ശരീരത്തില്‍ പതിനഞ്ച് മുറിവുകള്‍ കണ്ടെത്തി. അതില്‍ പത്ത് എന്ന് രേഖപ്പെടുത്തിയ മുറിവ് സൂചി കുത്തിയുണ്ടായതാണ്. വിഷം വായിലൂടെ അകത്തുചെന്നോ കുത്തിവെച്ചോ ആകാം സുനന്ദ മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
തരൂരിന്റെ വീട്ടു ജോലിക്കാരനായ നാരായണ്‍ സിംഗിനെ കഴിഞ്ഞ ദിവസം പോലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. ജീവനോടെ സുനന്ദയെ അവസാനം കണ്ടത് നാരായണ്‍ സിംഗാണെന്നാണ് ഇതുവരെയുള്ള മൊഴി. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ പത്രപ്രവര്‍ത്തക മെഹര്‍ തരാറില്‍ നിന്ന് പോലീസ് മൊഴിയെടുക്കുന്നുണ്ട്. മെഹര്‍ തരാറിന് ചോദ്യാവലി ഇ- മെയിലിലൂടെ അയച്ചാകും മൊഴി ശേഖരിക്കുക. തരാറും ശശി തരൂരുമായുള്ള സൗഹൃദത്തെച്ചൊല്ലി സുനന്ദയും തരൂരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മരണത്തിന്റെ തലേന്ന് സുനന്ദയാണ് മെഹര്‍ തരാറുമായുള്ള സൗഹൃദം പരസ്യപ്പെടുത്തിയത്. അന്വേഷണവുമായി സഹകരിക്കുമെന്ന് തരാറും വ്യക്തമാക്കിയിട്ടുണ്ട്. ഹോട്ടലില്‍ സുനന്ദക്കൊപ്പം ഉണ്ടായിരുന്ന സുനില്‍ സാബിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. തരൂരിന്റെ വീട്ടിലെ ജോലിക്കാരന്‍ നാരായണ്‍ സിംഗ് നല്‍കിയ മൊഴിയിലാണ് സുനന്ദ താമസിച്ച ഹോട്ടലില്‍ സുനില്‍ സാബ് എത്തിയെന്ന് പറഞ്ഞത്. ഇദ്ദേഹം സുനന്ദയുടെ സുഹൃത്താണ്.
സുനന്ദ മരിച്ചത് വിഷം ഉള്ളില്‍ച്ചെന്നാണെന്ന് ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) മെഡിക്കല്‍ ബോര്‍ഡ് പോലീസിന് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്.
കഴിഞ്ഞ മാസം 29നു ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒന്നിനാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് പ്രകാരം കൊലപതാകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്.