Connect with us

Articles

കാവിവത്കരിക്കപ്പെടുന്ന ശാസ്ത്രവും വിദ്യാഭ്യാസവും

Published

|

Last Updated

ഒരു മതേതരത്വ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യയില്‍ ഏതൊരാള്‍ക്കും താന്‍ വിശ്വസിക്കുന്ന മതത്തില്‍ ആരാധന നടത്താനും ആ മതം മുന്നോട്ടുവെക്കുന്ന ആശയസംഹിതകളില്‍ ഉറച്ചുനില്‍ക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അതേപോലെത്തന്നെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും. ചരിത്രവും ശാസ്ത്രവും രൂപപ്പെടുത്തുന്നതും പഠിപ്പിക്കപ്പെടുന്നതും മതേതരത്വത്തിന്റെ കാഴ്ചപ്പാടില്‍ വേരൂന്നിക്കൊണ്ടാണ്. അങ്ങനെയല്ലാതെ വരുമ്പോള്‍ ജനാധിപത്യവും മതേതരത്വവും വഴിമാറുകയും അതിന്റെ പ്രതിസ്ഥാനത്ത് ഫാസിസം കയറിയിരിക്കുകയും ചെയ്യുന്നു. ഇറ്റലിയിലും ജര്‍മനിയിലും മുസ്സോളിനിയും ഹിറ്റ്‌ലറും പ്രയോഗവത്കരിച്ചത് ഈ ഫാസിസ്റ്റ് ആശയമായിരുന്നു. അതിന്റെ ബലിയാടുകളായി രക്തം ചിന്തേണ്ടിവന്ന പതിനായിരങ്ങളുടെ ചരിത്രം അത്രവേഗത്തില്‍ വിസ്മരിക്കാന്‍ നമുക്ക് കഴിയില്ല. അടിച്ചേല്‍പിക്കലിന്റെ പ്രത്യയശാസ്ത്രം ഇത്തരം പ്രതിലോമ ആശയങ്ങളുടെ അടിത്തറയാണെന്ന് നമുക്കറിയാം. അതുകൊണ്ടാണ് ലോകത്തെ വെളിച്ചത്തിലേക്ക് നയിച്ച ചിന്തകരും, രാഷ്ട്രീയ ദാര്‍ശനികരും ഫാസിസത്തെ എല്ലാ കാലത്തും എതിര്‍ത്തുപോന്നിട്ടുള്ളത്. വളരെ വേഗത്തില്‍ ഒരു മനുഷ്യന്റെ ഹൃദയത്തെ കീഴടക്കാന്‍ മതം ഉപയോഗിച്ചുള്ള മസ്തിഷ്‌ക പ്രക്ഷാളനത്തിന് കഴിയുമെന്ന് ലോകചരിത്രത്തില്‍ തെളിവുകളുണ്ട്.
ഇന്ത്യയില്‍, അധികാരമേറിയ ബി ജെ പി ഭരണകൂടത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ അവര്‍ എങ്ങനെയൊക്കെയാണ് മനുഷ്യസമൂഹത്തെ നൂറ്റാണ്ടുകള്‍ക്കു പിറകിലേക്ക് തേരുതെളിച്ച് കൊണ്ടുപോകുന്നതെന്ന് കാണാന്‍ അധികം ആലോചിച്ചു തല പുണ്ണാക്കേണ്ടതില്ല. അധികാരം കിട്ടുന്നതിനു മുമ്പു തന്നെ തങ്ങളുടെ ലക്ഷ്യം എന്താണെന്ന് ഒളിഞ്ഞും തെളിഞ്ഞും പറയുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തവരാണവര്‍. വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരീക്ഷിച്ചു വിജയം കണ്ടെത്തിയ ആശയങ്ങളുടെ വിശാലമായ പതിപ്പാണ് ഇപ്പോള്‍ കേന്ദ്രഭരണകൂടം അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ മതപരിവര്‍ത്തനം (ഘര്‍വാപസി) ഒരു കാല്‍വെപ്പ് മാത്രമാണ്. അതിനേക്കാള്‍ വിപത്കരമായ മറ്റൊരു പരീക്ഷണത്തിന് മുതിര്‍ന്നിരിക്കുകയാണ് ഭരണകൂടമിപ്പോള്‍. വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണമാണത്. ഇത് പുതിയതല്ലെങ്കിലും, പഴയതിന്റെ കൂടുതല്‍ വിപുലീകരിക്കപ്പെട്ട തന്ത്രമാണിപ്പോള്‍ നടക്കുന്നത്. ചരിത്രവും സംസ്‌കാരവും, ശാസ്ത്രബോധവും മാറ്റിമറിക്കുന്നതിലൂടെ പുതുതലമുറയുടെ ചിന്താബോധത്തെ വിദ്വേഷത്തിന്റെതായ വിഷം തളിച്ച് പരിവര്‍ത്തിപ്പിക്കാമെന്ന് ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ വിചാരിക്കുന്നു. മുസ്സോളിനിയും ഹിറ്റ്‌ലറും യൂറോപ്പില്‍ ഈ തന്ത്രം പരീക്ഷിച്ചവരായിരുന്നു. ആര്യരക്ത സിദ്ധാന്തം രൂപപ്പെടുന്നത് അങ്ങനെയാണ്. സമൂഹത്തെ ഭരിക്കുന്നവരും, ഭരിക്കപ്പെടുന്നവരുമെന്ന വേര്‍തിരിവ് സാധ്യമാക്കുകയാണ് ലക്ഷ്യം. അങ്ങനെ വന്നാല്‍ ഭരിക്കുന്നവരുടെ ചിന്തകള്‍ക്ക് ഭരിക്കപ്പെടുന്നവര്‍ കീഴ്‌പ്പെട്ടുകൊടുക്കേണ്ടിവരുന്നു.
വിദ്യാഭ്യാസത്തെ കാവിവത്കരിക്കുന്നതിലൂടെ ഹിന്ദു രാഷ്ട്രത്തിന്റെ സംസ്ഥാപനം എളുപ്പമാകുമെന്ന് ആര്‍ എസ് എസ് വിചാരിക്കുന്നുണ്ട്. തലമുറകളുടെ പ്രത്യയശാസ്ത്രപരമായ പ്രബോധനം ഹിന്ദുത്വ അജന്‍ഡയില്‍ വാര്‍ത്തെടുക്കപ്പെടുമ്പോള്‍ തങ്ങളുടെ സ്വപ്‌നങ്ങള്‍ വലിയ മാര്‍ഗതടസ്സമില്ലാതെ സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് ബി ജെ പി അനുകൂല ഹിന്ദുത്വ ശക്തികള്‍ക്ക് നന്നായി അറിയാം. പാഠപുസ്തകങ്ങളും പാഠ്യപദ്ധതികളും അടിമുടി മാറ്റി സ്ഥാപിക്കുന്നതിലൂടെ മാത്രമേ യുവമസ്തിഷ്‌കത്തെ ദുഷിപ്പിക്കാന്‍ കഴിയൂവെന്ന് ഇവര്‍ക്കറിയാം. ബി ജെ പി അധികാരത്തില്‍ വന്നാല്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം ഒന്നാകെ മാറ്റിമറിക്കുമെന്ന് വളരെ പണ്ടുതന്നെ അവര്‍ വീമ്പ് പറഞ്ഞിട്ടുണ്ട്. ബി ജെ പിയുടെ മുന്‍ അധ്യക്ഷനായ വെങ്കയ്യ നായിഡുതന്നെ അതിന് ഉദാഹരണം. ഇപ്പോഴത്തെ കേന്ദ്രമന്ത്രിയുമാണല്ലോ അദ്ദേഹം. പുതുതലമുറ ക്കുണ്ടാവേണ്ട മാനുഷിക മൂല്യങ്ങളും ജീവിതമൂല്യങ്ങളും നിലവിലുള്ള വിദ്യാഭ്യാസ രീതികൊണ്ട് ലഭ്യമല്ലെന്നും അതിനാല്‍ പുതിയൊരു പാഠ്യപദ്ധതി ക്രമം രൂപപ്പെടുത്തേണ്ടതുണ്ടെന്നും അത് ഭാരതീയ പൈതൃകത്തിലും ഹിന്ദുത്വ പുരാണങ്ങളിലും അടിസ്ഥാനമാക്കിയുള്ളതാകണമെന്നും ശഠിക്കുന്നതിലെ ന്യായം വരുംതലമുറയുടെ കാവിവത്കരണമാണെന്ന് ആര്‍ക്കാണറിയാത്തത്?
ഇന്ത്യക്ക് ഒരു ദേശീയ വിദ്യാഭ്യാസ നയമുണ്ട്. 1986-ല്‍ ആണത് നിലവില്‍ വന്നത്. മാനവികതയിലും ശാസ്ത്രാഭിമുഖ്യത്തിലും ചരിത്രപരതയിലും ഊന്നിയതാണത്. തികച്ചും മതേതരമായ ഒന്ന്. ഇന്ത്യയെപോലെയുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ നടപ്പില്‍വരുത്തേണ്ട ശാസ്ത്രീയ അവബോധം ഈ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മുഖ്യലക്ഷ്യമായിരുന്നു. പുതുവിദ്യാഭ്യാസത്തില്‍ കേന്ദ്രഭരണകൂടം കൊണ്ടുവന്നുകൊണ്ടിരിക്കുന്ന “പരീക്ഷണങ്ങള്‍” കാലാകാലമായി നാം അനുവര്‍ത്തിച്ചുവന്നതും ആരോഗ്യപരമെന്ന് മുദ്ര ചാര്‍ത്തപ്പെട്ടതുമായ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നതാണ്. കേന്ദ്രത്തില്‍ വന്ന രാഷ്ട്രീയ മാറ്റം വിദ്യാഭ്യാസത്തെ ഉടച്ചുവാര്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, വിദ്യാഭ്യാസത്തെ വര്‍ഗീയവത്കരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ദീനാനാഥ് ബത്ര തന്നെ ഏറ്റുപറഞ്ഞിട്ടുണ്ട്. ഹിന്ദുത്വത്തോട് പ്രതിബദ്ധതയുള്ള ഒരു വിദ്യാഭ്യാസ രീതിയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. ബത്രയുടെ കാഴ്ചപ്പാടു പ്രകാരം നിലവിലുള്ള ഇന്ത്യന്‍ ചരിത്രം മാറ്റി എഴുതപ്പെടേണ്ടതാണ്. ആര്‍ എസ് എസ് സഹചാരിയായ ബത്ര പറയുന്നത്, ഇന്ത്യന്‍ ചരിത്രം ഐതിഹ്യങ്ങളുടെയും കെട്ടുകഥകളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തണമെന്നാണ്. അങ്ങനെ മാറ്റി എഴുതപ്പെടുന്ന ഇന്ത്യന്‍ ചരിത്രം ശിവന്റെയും ഹനുമാന്റെയും മഹാഭാരത കഥകളുടെയും ഒരു ചരിത്രമായി മാറുമെന്നര്‍ഥം. മാത്രവുമല്ല, ഇന്ത്യന്‍ ദേശീയതക്ക് ഒരൊറ്റ ഭാഷ മതിയെന്നും അത് “മാതൃഭാഷ”യായ സംസ്‌കൃതമായിരിക്കണമെന്നും അദ്ദേഹം വാദിക്കുന്നു. കേന്ദ്ര മാനവ വിഭവ വികസന മന്ത്രിക്ക് അദ്ദേഹം തന്റെ പദ്ധതികളുടെ രൂപരേഘ സമര്‍പ്പിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
ചരിത്രത്തെ മാത്രമല്ല, ശാസ്ത്ര വികാസത്തെപോലും പരമപുച്ഛത്തോടെ തള്ളിക്കളയുന്ന ആശയങ്ങളുടെ ഒരു ജീര്‍ണിച്ച ഭാണ്ഡവുമായാണ് ബത്രയുടെ പ്രയാണം. ലോകത്തുണ്ടായിട്ടുള്ള മിക്ക ശാസ്ത്ര ഗവേഷണ ഫലങ്ങളും നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഭാരതത്തില്‍ ഉണ്ടായിരുന്നതായി ബത്ര വാദിക്കുന്നുണ്ട്. കാണ്ഡകോശ സിദ്ധാന്തം തന്നെ ഒരു ഉദാഹരണം. മഹാഭാരതത്തിലെ കുന്തിയുടെ കഥയാണ് ബത്ര ഇതിനായി ആശ്രയിക്കുന്നത്. ഗാന്ധാരിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തെടുക്കപ്പെട്ട മാംസപിണ്ഡം ചില ഔഷധങ്ങളുടെ സഹായത്തോടെ നൂറ് ഭാഗങ്ങളായി വിഭജിച്ചുവെന്നും രണ്ട് വര്‍ഷത്തിനു ശേഷം അവയില്‍നിന്ന് 100 കൗരവന്മാര്‍ ജനിച്ചുവെന്നുമുള്ള മഹാഭാരത കഥയാണ് കാണ്ഡകോശ സിദ്ധാന്തത്തെ പൗരാണിക ഭാരതത്തിന്റെ ആശയാനുവാദമായി ബത്ര മാറ്റുന്നത്. ഇന്നത്തെ മോട്ടോര്‍ വാഹനങ്ങള്‍ വേദകാലത്ത് ഉണ്ടായിരുന്നതായും ബത്ര പറയുന്നു. ഋഗ്‌വേദത്തെ അവലംബമാക്കിയാണ് അദ്ദേഹത്തിന്റെ ഈ “ശാസ്ത്ര” നിരീക്ഷണം. പ്രാക്തന ഭാരതത്തില്‍ ജനറ്റിക്ക് (ജനിതകം) വിദ്യ ഉണ്ടായിരുന്നതിന് തെളിവായി ബത്ര ഉദാഹരിക്കുന്നത്, മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നല്ല കര്‍ണന്‍ ജനിച്ചതെന്ന കഥയെ അടിസ്ഥാനമാക്കിയാണ്. മനുഷ്യശരീരവും ആനയുടെ മുഖവുമുള്ള ഗണപതി വിഗ്രഹം പ്ലാസ്റ്റിക്ക് സര്‍ജറി പൗരാണിക ഭാരതത്തില്‍ ഉണ്ടായിരുന്നതിന് തെളിവായും ബത്ര അസന്ദിഗ്ധം പറയുന്നു. അപ്പോള്‍ ഇന്ന് നാം പഠിപ്പിക്കുന്ന ശാസ്ത്രം ഒരു മിത്താണെന്നു വരുന്നു. ഋഗ്‌വേദവും പുരാണ കഥകളും മഹാഭാരതവും ശാസ്ത്രത്തിനു ബദലായി സിലബസില്‍ ഉള്‍പ്പെടുത്തിയാല്‍ നമ്മുടെ യുവതലമുറക്ക് ഇന്ത്യന്‍ ദേശീയതയെക്കുറിച്ച് “നല്ല” മതിപ്പുണ്ടാകുമെന്നാണ് ബത്രയുടെ മതം.
ഇതുവരെ നാം അനുവര്‍ത്തിച്ചുവന്ന വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ മതേതരത്വത്തിന്റെ ആശയ സംഹിതകളെ ഉള്‍ക്കൊള്ളുന്നതായിരുന്നു. അതുകൊണ്ടാണ് ഭൗതികതക്കൊപ്പം ആത്മീയതയും നാം പഠിച്ചത്. ആത്മീയതയില്‍ തന്നെ ബഹുവിധ മതങ്ങളുടെ സാരാംശങ്ങളെ ഉള്‍ക്കൊള്ളാന്‍ നാം തയ്യാറായത്. ഹിന്ദുത്വ അജന്‍ഡയില്‍ “ആധ്യാത്മിക ഭാരതത്തെ”ക്കുറിച്ചാണ് അവര്‍ ഊറ്റം കൊള്ളുന്നത്. അതിലേക്കുള്ള ഒരേയൊരു മാര്‍ഗം ഹിന്ദുത്വം മാത്രമാണെന്ന് അവര്‍ പറയുന്നു. മറ്റുള്ള മതങ്ങളെല്ലാം രണ്ടാംതരം പൗരന്മാര്‍ മാത്രം. ഇപ്പോള്‍ വിപുലമായി കൊണ്ടാടപ്പെടുന്ന “തേജോമയ് ഭാരത്” അസഹിഷ്ണുതയുടെ മറ്റൊരു പതിപ്പാണ്. ചരിത്ര രചനയില്‍ യുക്തിക്കു പകരം പച്ചക്കള്ളവും ശാസ്ത്രത്തിനു ബദല്‍ പൗരാണിക കാല്‍പനിക കഥകളും തിരുകിക്കയറ്റാനുള്ള ഇവരുടെ കുത്സിത നീക്കങ്ങള്‍ മറ്റൊരു ചരിത്രമാകാനാണ് സാധ്യതകളേറെ. പുരാണങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ട് രാജ്യത്തിപ്പോള്‍ ചരിത്രം മാറ്റി എഴുതാനുള്ള ശ്രമത്തിലാണവര്‍. ഇത് വിദ്വേഷവും വര്‍ഗീയതയും ഊട്ടിവളര്‍ത്താനുള്ള നടപ്പുശീലത്തിന്റെ ആവര്‍ത്തനം മാത്രമാണ്. എങ്കിലും ഈ നീക്കങ്ങള്‍ തുടക്കത്തിലെ തിരിച്ചറിയുക എന്നതാണ് മുഖ്യം. മതേതരത്വ ഭാരതം എന്ന സങ്കല്‍പ്പം തകര്‍ക്കപ്പെടുന്നത് ഒരു പൗരനും ഭൂഷണമായ ഒന്നല്ല.

Latest