Connect with us

National

ഇറ്റാലിയന്‍ നാവികര്‍ നടത്തിയത് കൊലപാതകം തന്നെയെന്ന് എന്‍ഐഎ

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചത് തൊട്ടടുത്ത് നിന്നാണെന്ന് എന്‍ ഐ എ. സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ കുറ്റപത്രത്തിലാണ് എന്‍ ഐ എ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കപ്പലും മത്സ്യബന്ധന ബോട്ടും തമ്മില്‍ 125 മീറ്റര്‍ മാത്രമേ അകലമുണ്ടായിരുന്നുള്ളൂ. ഇത്രയും അടുത്ത് നിന്ന് മത്സ്യ ബന്ധന തൊഴിലാളികളെ കണ്ടിട്ടും കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചുവെന്നത് നിലനില്‍ക്കുന്നതല്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.
യാതൊരു പ്രകോപനവും കൂടാതെ നടത്തിയ വെടിവെപ്പിന് മുമ്പ് നാവികര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. 125 മീറ്റര്‍ അകലെ നിന്ന് മത്സ്യബന്ധന ബോട്ടിനു നേരെ യന്ത്രത്തോക്ക് ഉപയോഗിച്ച് 20 തവണ വെടിവെച്ചു.
നാവികര്‍ക്ക് വേണ്ടത്ര പരിശീലനം ലഭിച്ചിരുന്നില്ല. കടല്‍ക്കൊള്ളക്കാരെ നേരിടുന്നതിനുള്ള ആദ്യ ദൗത്യത്തിനിടെയാണ് മത്സ്യത്തൊഴിലാളികള്‍ക്കു നേരെയുള്ള വെടിവെപ്പ്. ചോദ്യംചെയ്യലില്‍ മുന്‍കൂട്ടി തയ്യാറാക്കിയ മറുപടികളാണ് നാവികര്‍ നല്‍കിയത്. ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്ക് പുറത്തുവെച്ചാണ് വെടിവെപ്പ് നടന്നതെന്ന ഇറ്റലിയുടെ വാദത്തിന് എതിരായ തെളിവുകളും കുറ്റപത്രത്തില്‍ എന്‍ ഐ എ വിശദീകരിക്കുന്നുണ്ട്.
2012ലാണ് കൊല്ലം തീരത്ത് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ടു മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. കേസില്‍ നാവികരായ ലെസ്‌തോറെ മിലാനോ, സാല്‍വതോറെ ഗിറോണ്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

Latest