Connect with us

Kerala

പൊതുമേഖലാ സ്ഥാപനങ്ങള്‍ പണയം വെക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ധന വകുപ്പിന്റെ പുതിയ കുറുക്കുവഴി. ഓവര്‍ ഡ്രാഫ്റ്റ് ഒഴിവാക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളെക്കൊണ്ട് വായ്പയെടുപ്പിച്ച് ട്രഷറിയിലേക്ക് മാറ്റുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ധനലക്ഷ്മി ബേങ്കില്‍ നിന്ന് കെ എസ് എഫ് ഇ ഇരുനൂറ് കോടി രൂപ വായ്പയെടുത്ത് ട്രഷറിയില്‍ നിക്ഷേപിക്കും. ബീവറേജസ് കോര്‍പറേഷനില്‍ നിന്ന് മുന്‍കൂര്‍ നികുതി വാങ്ങിയിട്ടും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. ഓവര്‍ഡ്രാഫ്റ്റിലേക്ക് നീങ്ങിയാല്‍ വന്‍കിട പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ പുതുതായുണ്ടാക്കുന്ന നിക്ഷേപ ഫണ്ടുകള്‍ വഴി ധനസമാഹരണം സുഗമമാകില്ലെന്ന തിരിച്ചറിവാണ് കുറുക്കുവഴികള്‍ തേടാന്‍ ധനവകുപ്പിനെ പ്രേരിപ്പിക്കുന്നത്. കരാറുകാരുടെ കുടിശ്ശിക തീര്‍ക്കാന്‍ ഐ ഒ യു (ബേങ്കുകള്‍ വഴി പണം ഉറപ്പ് വരുത്തുന്ന രീതി) വഴിയും മറ്റു വന്‍കിട പദ്ധതികള്‍ക്ക് ബദല്‍ നിക്ഷേപ പദ്ധതികള്‍ നടപ്പാക്കാനും കഴിഞ്ഞ മാസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന കെ എസ് എഫ് ഇ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ധനലക്ഷ്മി ബേങ്കില്‍ നിന്ന് ഇരുനൂറ് കോടി രൂപ വായ്പയെടുക്കാന്‍ തീരുമാനിച്ചത്. ചിട്ടികളുടെ ഡെപ്പോസിറ്റായും മറ്റും നിലവില്‍ എണ്ണൂറ് കോടി രൂപയുടെ നിക്ഷേപം കെ എസ് എഫ് ഇക്ക് ട്രഷറിയിലുണ്ട്. ഈ പണത്തിന് സര്‍ക്കാര്‍ നല്‍കിയ രസീതി പണയം വെച്ചാണ് കെ എസ് എഫ് ഇ വായ്പയെടുക്കുന്നത്.
മറ്റുചില സ്ഥാപനങ്ങളില്‍ കൂടി സമാന രീതിയില്‍ പണം ട്രഷറിയിലെത്തിക്കാന്‍ നീക്കമുണ്ട്. പൊതുമേഖല സ്ഥാപനങ്ങളുടെ നിക്ഷേപം നേരത്തെ തന്നെ ട്രഷറിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ സ്ഥാപനങ്ങളെ കൊണ്ട് വായ്പയെടുപ്പിച്ച് ട്രഷറി സുരക്ഷിതമാക്കുന്നത്. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ എം ചന്ദ്രശേഖര്‍ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ ശിപാര്‍ശയനുസരിച്ച് ധനസമാഹരണത്തിന് ബേങ്കുകളുമായി ചേര്‍ന്നുള്ള വിവിധ പദ്ധതികള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു. സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ നിക്ഷേപ ഫണ്ടുകള്‍ രൂപവത്കരിച്ച് കടപ്പത്രമിറക്കി വന്‍കിട പദ്ധതികള്‍ക്ക് മൂലധനം സമാഹരിക്കുകയാണ് ഇതില്‍ ഒന്ന്. കൊച്ചി മെട്രോ, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, തിരുവനന്തപുരം- ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍, കണ്ണൂര്‍ വിമാനത്താവളം, റോഡ് വികസനം തുടങ്ങിയ വന്‍തോതിലുള്ള നിക്ഷേപം വേണ്ടിവരുന്ന പദ്ധതികള്‍ ലക്ഷ്യമിട്ടാണിത്. ഇത്തരം വന്‍കിട പദ്ധതികള്‍ക്കായി ഏതാണ്ട് 25,000 കോടി രൂപയുടെ നിക്ഷേപം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എസ് പി വി ആയ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിനെ ( കെ ഐ ഐ എഫ്)യും കേരള റോഡ് ഫണ്ട് ബോര്‍ഡിനെയും സ്‌പോണ്‍സര്‍മാര്‍ ആക്കി കടപത്രവും റവന്യൂ ബോണ്ടും പുറപ്പെടുവിക്കാനാണ് തീരുമാനം. ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലായാല്‍ സര്‍ക്കാര്‍ നല്‍കുന്ന ഗ്യാരണ്ടി കമ്പോളം മുഖവിലക്ക് എടുക്കില്ലെന്ന ആശങ്കയുള്ളതിനാല്‍ ഏതുവിധേനയും ഇതൊഴിവാക്കാനാണ് ശ്രമം.
പദ്ധതിച്ചെലവുകള്‍ കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. സെന്റര്‍ പ്ലാന്‍ മോണിറ്ററിംഗ് യൂനിറ്റിന്റെ ഡിസംബറിലെ കണക്കുകള്‍ പ്രകാരം പദ്ധതിയുടെ 15.04 ശതമാനമാണ് ചെലവായിട്ടുള്ളത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയടക്കമുളള മൊത്തം പദ്ധതിച്ചെലവ് കണക്കിലെടുത്താല്‍ ഈ തോത് 13.88 ശതമാനം മാത്രം. ട്രഷറി അക്കൗണ്ട് അനുസരിച്ച് പദ്ധതിച്ചെലവ് 20.86 ശതമാനവും കേന്ദ്രാവിഷ്‌കൃത പദ്ധതിയടക്കമുളള ചെലവ് 21.14 ശതമാനവുമാണ്. എണ്‍പത് ശതമാനം പദ്ധതിവിഹിതം ഇനിയുള്ള മൂന്ന് മാസം കൊണ്ട് ചെലവഴിക്കേണ്ട അവസ്ഥ. ഇതിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന വലിയ ചോദ്യമാണ് ധനവകുപ്പിനെ ഉറ്റുനോക്കുന്നത്.

Latest