Connect with us

Gulf

പ്രവാസി ഭാരതീയ പുരസ്‌കാരം: അശ്‌റഫ് താമരശ്ശേരിക്ക് അര്‍ഹിക്കുന്ന അംഗീകാരം

Published

|

Last Updated

അബുദാബി: പ്രവാസി ഭാരതിയ സമ്മാന്‍ അശ്‌റഫ് താമരശ്ശേരിക്ക് ലഭിച്ചത് അര്‍ഹതക്കുള്ള അംഗീകാരം. ജാതിയുടെയോ മതത്തിന്റെയോ അതിര്‍വരമ്പുകളില്ലാതെ രാജ്യത്തിന്റെ കൊടിയുടെ നിറം നോക്കാതെ ആര് മരിച്ചാലും മൃതദേഹത്തിന്റെ പിറകെയാണ് അശ്‌റഫ്. മൃതദേഹത്തിന്റെ കൈമാറ്റത്തിനാവശ്യമായ നിയമ നടപടികള്‍ക്കായി. പ്രവാസികള്‍ക്കിടയില്‍ നടത്തിയ സാമൂഹിക പ്രവര്‍ത്തനമാണ് ഇദ്ദേഹത്തെ അവാര്‍ഡിന് നിര്‍ദേശിക്കാന്‍ കാരണം.
കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് അശ്‌റഫ്. മൃതദേഹത്തിന്റെ പരിപാലനത്തിലൂടെ വ്യാപക അംഗീകാരം നേടി. അശ്‌റഫിന് എത്തുന്ന കോള്‍ മുഴുവനും പ്രവാസ ലോകത്ത് നിന്നുള്ള മൃതദേഹങ്ങളുമായി ബന്ധപ്പെട്ടാണ്. 14 വര്‍ഷമായി അശ്‌റഫ് സാമൂഹിക സേവന രംഗത്ത് സജീവമാണ്. രണ്ടായിരത്തോളം മൃതദേഹങ്ങള്‍ അശ്‌റഫിന്റെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം 330 മൃതദേഹങ്ങളാണ് നാട്ടിലെത്തിക്കാന്‍ ആവശ്യമായ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചത്. ഒരു വിദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കുവാന്‍ പത്തോളം നടപടികളാണ് പൂര്‍ത്തിയാക്കേണ്ടത്. ആദ്യ കാലത്ത് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ മാത്രമാണ് അശ്‌റഫ് നാട്ടിലെത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഏത് രാജ്യക്കാര്‍ ആവശ്യവുമായി വന്നാലും അശ്‌റഫ് അവിടെ എത്തും. ഇതിനെല്ലാം ഓടുമ്പോള്‍ വരുന്ന ചെലവുകള്‍ ദാനത്തില്‍പ്പെടുത്തി ആശ്വസിക്കും. നിരവധി സ്ഥാപനങ്ങളുടെ ഉടമയായിരുന്ന അശ്‌റഫിന് ഇന്ന് പലതും കൈവിട്ട് പോയി.
ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയില്‍ നിന്ന് അശ്‌റഫ് താമരശ്ശേരി അവാര്‍ഡ് ഏറ്റുവാങ്ങും. 15 അംഗ അവാര്‍ഡ് ജേതാക്കളില്‍ ഏക മലയാളിയാണ് അശ്‌റഫ്.
വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന അശ്‌റഫ് താമരശ്ശേരി ആവശ്യപ്പെടുന്നു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി