Connect with us

Articles

നിങ്ങളെ സൃഷ്ടിച്ച ദൈവത്തില്‍ വിശ്വസിക്കുക; നിങ്ങള്‍ സൃഷ്ടിച്ച ദൈവത്തിലല്ല!

Published

|

Last Updated

ബോളിവുഡിലെ പുതുതലമുറ സൃഷ്ടികളില്‍ സുപ്രധാനമായ സ്ഥാനത്തേക്കുയര്‍ന്ന സിനിമയാണ് പി കെ. ഐറ്റം ഡാന്‍സടക്കമുള്ള നിരവധി ഗാന നൃത്ത സീക്വന്‍സുകളും നാടകീയതയും രൂക്ഷ സംഘട്ടനങ്ങളും പ്രതികാരങ്ങളും മറവിയില്‍ നിന്ന് തെളിയുന്ന ഓര്‍മക്കഥകളും കൊണ്ട് അതിന്റെതായ ഗണം തന്നെ രൂപവത്കരിച്ച് ലോക സിനിമാ ഭൂപടത്തില്‍ പ്രത്യേക രാഷ്ട്രമായി സ്ഥലം കൈക്കലാക്കിയ സിനിമകളെയാണ് ബോളിവുഡ് എന്ന് വിളിക്കുന്നത്. കഴുത്തിലണിഞ്ഞ മാലയുടെ ലോക്കറ്റ് തുറന്നു നോക്കിയാല്‍ കാണുന്ന ഫോട്ടോ നോക്കി, കളഞ്ഞു പോയ അമ്മയെ/മക്കളെ/ഭാര്യയെ/ഭര്‍ത്താവിനെ കണ്ടെത്തുന്ന തരം കഥകളും ത്രികോണപ്രേമവും പ്രതികാരഗാഥകളും കണ്ട് കണ്ട് മടുത്ത കാലത്താണ് ഹിന്ദി സിനിമയും ന്യൂ ജനറേഷന്‍ ലേബലിലേക്ക് കൂടു മാറിയത്. ഇന്ത്യയെ പിടിച്ചുകുലുക്കുന്ന സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ കഴിഞ്ഞ പതിറ്റാണ്ടിലിറങ്ങിയ അനവധി സിനിമകള്‍ പല മട്ടില്‍ ചിത്രീകരിക്കുകയുണ്ടായി. ആമീര്‍ ഖാന്‍ മുഖ്യ വേഷത്തിലഭിനയിക്കുന്ന പി കെ അത്തരമൊരു സിനിമയാണ്, ഡിസംബര്‍ 19നാണ് പി കെ റിലീസ് ചെയ്തത്. ബോളിവുഡിലെ മുന്‍ കളക്ഷന്‍ റെക്കോഡുകള്‍ എല്ലാം ഭേദിക്കുന്ന വിധത്തില്‍ വമ്പന്‍ വാണിജ്യ ഹിറ്റാണ് പി കെ എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 492 കോടി രൂപ രണ്ടാഴ്ച കൊണ്ട് ചിത്രം നേടിക്കഴിഞ്ഞു. രാജ് കുമാര്‍ ഹിരാണിയാണ് സംവിധായകന്‍. ഹിരാണിയും വിധു വിനോദ് ചോപ്രയും യു ടി വിക്കുവേണ്ടി സിദ്ധാര്‍ഥ റോയ് കപൂറും ചേര്‍ന്നാണ് പി കെ നിര്‍മിച്ചിട്ടുള്ളത്. ആമീര്‍ഖാനു പുറമെ അനുഷ്‌ക ശര്‍മയും സുശാന്ത് സിംഗ് രാജ്പുട്ടും ബൊമാന്‍ ഇറാനിയും സൗരഭ് ശുക്ലയും ഒപ്പം സഞ്ജയ് ദത്തും പി കെയിലെ മുഖ്യ വേഷങ്ങളിലഭിനയിക്കുന്നു.
ഭൂമിക്കും സൗരയൂഥത്തിനും അപ്പുറമപ്പുറത്ത് ഏതോ അന്യഗ്രഹത്തില്‍ നിന്ന് പറക്കും തളിക വഴി ഭൂമിയില്‍ വന്നിറങ്ങുന്ന കഥാപാത്രമാണ് പി കെ. ഇയാള്‍ ടെലിവിഷന്‍ പ്രവര്‍ത്തകയായ ജഗ്ഗുവുമായി സൗഹൃദത്തിലാകുന്നു. ജഗ്ഗുവിന് പാക്കിസ്ഥാന്‍ വംശജനും മുസ്‌ലിമുമായ കാമുകനുമായുണ്ടായിരുന്ന പിണക്കവും അകല്‍ച്ചയും മാറ്റിയെടുക്കുന്നതിനും അവരെ ഒരുമിപ്പിക്കുന്നതിനും പി കെ സഹായിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ഹ്രസ്വകാല വാസത്തിനിടയില്‍ രാജ്യത്തെ പലതരം ജാതി-മത-ഭാഷാ-വംശങ്ങളും അവരുടെ അന്ധവിശ്വാസങ്ങളും ആചാരാനാചാരങ്ങളും കണ്ട് നട്ടപ്പിരാന്ത് പിടിക്കുന്ന അവസ്ഥയിലെത്തുകയാണയാള്‍.
ഇന്ത്യയിലെ സാമാന്യ ജനത്തിന്റെ ആന്തരികബോധത്തെ മതങ്ങളാണ് നയിക്കുന്നതും നിര്‍ണയിക്കുന്നതും എന്നത് വാസ്തവമാണ്. മതം എന്നാല്‍ അഭിപ്രായം എന്നാണര്‍ഥം. എല്ലാ മതങ്ങളും പലതായി പിളരുകയും ചെയ്തിരിക്കുന്നു. അപ്പോള്‍; എന്തിനാണ് മതങ്ങളുടെതെന്ന പേരില്‍, ദൈവങ്ങളുടേതെന്ന പേരില്‍ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും അടിച്ചേല്‍പ്പിക്കുന്നത്? മതങ്ങളും ദൈവസങ്കല്‍പ്പങ്ങളും മനുഷ്യരെ സമാധാനത്തിലേക്കും നിത്യ ശാന്തിയിലേക്കും നയിക്കുന്നതിനു പകരം രാജ്യത്തും ലോകത്തും അശാന്തി വിതയ്ക്കുകയാണ് ചെയ്യുന്നത് എന്നതില്‍ നിന്ന് മതത്തിന്റെ പ്രായോജകരുടെ അത്യാഗ്രഹങ്ങളും ദുര്‍വ്യാഖ്യാനങ്ങളും ആണ് കുഴപ്പങ്ങളുടെ ഹേതു എന്ന് മനസ്സിലാക്കാം. ഈ അത്യാഗ്രഹങ്ങളുടെയും ദുര്‍വ്യാഖ്യാനങ്ങളുടെയും വലക്കെട്ടിനകത്തേക്കാണ് പരിപൂര്‍ണ നഗ്നനായ പി കെ ചെന്നു വീഴുന്നത്. പറക്കും തളികയും അയാളും തമ്മിലുള്ള ബന്ധത്തിനായി അയാളുടെ കഴുത്തില്‍ ഒരു റിമോട്ട് തൂക്കിയിട്ടിരുന്നു. ആദ്യം കണ്ടുമുട്ടിയ ഭൂമനുഷ്യന്‍ തന്നെ അതു മോഷ്ടിക്കുന്നു.
ഈ റിമോട്ടും തേടിയുള്ള അലച്ചിലാണ് പിന്നെ. അതിനിടയില്‍ നല്ലവരും ചീത്തവരുമായ മനുഷ്യരെയും നിരവധി സ്ഥലങ്ങളെയും ഭാഷകളെയും അയാള്‍ അഭിമുഖീകരിക്കുന്നു. മുന്‍ധാരണകളില്ലാതെ ഒരാള്‍ പെട്ടെന്ന് ഇന്ത്യ പോലുള്ള വിചിത്ര സങ്കീര്‍ണ പ്രദേശത്തെത്തിച്ചേര്‍ന്നാല്‍ ഉണ്ടാകുന്ന സ്ഥലജലവിഭ്രമങ്ങളും കൗതുകങ്ങളും വിസ്മയങ്ങളും പരിഹാസങ്ങളും എല്ലാം അതിഭാവുകത്വത്തോടെ അവതരിപ്പിക്കുന്ന ഒരു കോമഡിയാണ് പി കെ. ആ അര്‍ഥത്തില്‍ അതിനെ ഉള്‍ക്കൊള്ളുകയും സ്വയം ചിരിക്കുകയും നമ്മുടെ ജീവിതത്തെയും രാഷ്ട്രത്തെയും ആത്മപരിശോധന നടത്താന്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിനാണ് ഇത്തരമൊരു സിനിമ ജനാധിപത്യത്തിലടിയുറച്ചതും പക്വതയും മാന്യതയും സഹിഷ്ണുതയും അഹിംസയും അടിസ്ഥാനമായുള്ളതുമായ സംസ്‌കാര ഭാവുകത്വം സ്വന്തമായുള്ള പൗരസമൂഹം തുനിയുക. എന്നാലതിനു പകരം തികഞ്ഞ അസഹിഷ്ണുതയോടെയും അക്രമാസക്ത മനോഭാവത്തോടെയും പെരുമാറാന്‍ ഒരു ചെറു ന്യൂനപക്ഷം തയ്യാറായിരിക്കുന്നു. ഇവര്‍ ചെറു ന്യൂനപക്ഷമാണെങ്കിലും ഭൂരിപക്ഷത്തിന്റെ പ്രതിനിധികളാണെന്ന് അവകാശപ്പെടുന്നുമുണ്ട്. ആ വിധത്തില്‍ മാധ്യമങ്ങള്‍ അവര്‍ക്ക് അമിതപ്രാധാന്യം കൊടുക്കുന്നുമുണ്ട്.
ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ടെ മാനാഞ്ചിറയിലുള്ള ചരിത്രപ്രസിദ്ധമായ ടൗണ്‍ഹാളില്‍, സിനിമയെ സംബന്ധിച്ച ഒരു സംവാദത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരും നിരൂപകരും അധ്യാപകരും സമുദായ പരിഷ്‌കര്‍ത്താക്കളും വിദ്യാര്‍ഥികളും മറ്റുമായി ആയിരത്തോളം പേര്‍ സമാധാന പൂര്‍ണമായി ഒത്തു കൂടിയിരുന്നു. സിനിമാ നിരൂപകനെന്ന നിലക്ക് ഞാനും ആ സംവാദത്തില്‍ പങ്കെടുത്തിരുന്നു. അര മണിക്കൂറോളം നിറഞ്ഞ സദസ്സിനെ മുന്‍നിര്‍ത്തി സംസാരിക്കുകയും ചെയ്തു. അതു സംബന്ധിച്ച പടവും വാര്‍ത്തയും പ്രാദേശിക പേജില്‍ (സിറ്റിയില്‍ മാത്രം കാണാവുന്നത്) ഒതുക്കുകയും അതില്‍ തന്നെ എന്റെ പേരിന്റെ ഇനീഷ്യല്‍ തെറ്റിക്കുകയും ചെയ്ത പത്രമടക്കമുള്ള മിക്ക പത്രങ്ങളും ടൗണ്‍ ഹാളിന് തൊട്ടടുത്തുള്ള ചരിത്ര പ്രസിദ്ധമായ മറ്റൊരു ഹാളായ ക്രൗണ്‍ സിനിമാ കോംപ്ലക്‌സില്‍ പത്തില്‍ താഴെ ആളുകള്‍ ഏതാനും മിനുറ്റുകള്‍ മാത്രം നീണ്ടു നിന്ന ഒരു മുദ്രാവാക്യം വിളിയെ അഭൂതപൂര്‍വമായ പ്രതിഷേധം എന്ന നിലക്കാണ് പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്. ടൗണ്‍ ഹാളിലെ സംവാദത്തില്‍ ഉദ്ഘാടകന്‍ പറഞ്ഞതില്‍ ചില കാര്യങ്ങള്‍ മാത്രം വാര്‍ത്തയായി പ്രസിദ്ധീകരിച്ച പത്രങ്ങളൊക്കെയും മറ്റു പ്രാസംഗികരെ തീര്‍ത്തും അവഗണിച്ചു. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന കോടിക്കണക്കിന് രൂപയുടെ ആസ്തികളുള്ള ഒരു പ്രസ്ഥാനമാണ് സംവാദം സംഘടിപ്പിച്ചത്. അതില്‍ പങ്കെടുത്തവരെല്ലാം കേരളത്തില്‍ വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരും അതിന്റെ പേരില്‍ രാഷ്ട്രപതിയുടെ മെഡലുകളടക്കം നേടിയവരുമാണ്. എന്നാല്‍, കേട്ടുകേള്‍വിയില്ലാത്തതും ഒരു ഫോറത്തിലും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതുമായ ഒരു സംഘടനയുടെ പേരില്‍ തട്ടിക്കൂട്ടിയ പ്രതിഷേധത്തെ വമ്പന്‍ സംഭവമെന്ന നിലക്ക് അവതരിപ്പിക്കുകയാണ് സെക്കുലറിസത്തില്‍ പിടിച്ച് ആണയിടുന്ന പത്രങ്ങള്‍ ചെയ്തത്. ഇത്തരം മേല്‍വിലാസമില്ലാത്തതും ഉത്തരവാദിത്വമില്ലാത്തതുമായ സംഘടനകള്‍ക്ക് ദൃശ്യത ഉണ്ടാക്കിക്കൊടുക്കുന്നതില്‍ കേരളത്തിലെ മുഖ്യധാരാ പത്രങ്ങളും ചാനലുകളും നിര്‍വഹിക്കുന്ന അശ്ലീലമായ പങ്കിനെയും ഈ അവസരത്തില്‍ തുറന്നു കാണിക്കേണ്ടതുണ്ടെന്നതിനാലാണ് വിഷയത്തിന്റെ കേന്ദ്രബിന്ദു വിട്ട് ചില പ്രാദേശിക കാര്യങ്ങള്‍ വിശദമാക്കിയത്.
ഇന്ത്യയില്‍ പ്രചാരത്തിലുള്ള എല്ലാ മതങ്ങളെയും കൂടിയും കുറഞ്ഞും പരിഹസിക്കുന്ന പി കെയുടെ മുഖ്യ വിമര്‍ശം ആള്‍ദൈവങ്ങള്‍ക്കു നേരെയാണ്. ഇതില്‍ കുപിതനായാണ് ബാബാ രാംദേവ് മുതല്‍ സുബ്രഹ്മണ്യ സ്വാമി വരെയുള്ളവര്‍ ഈ ചിത്രത്തിനെതിരെ കുരച്ചുചാടിയത്. മുമ്പുള്ള പല ചിത്രങ്ങളും മതവിമര്‍ശ വും ദൈവവിമര്‍ശനവും നടത്തിയിരുന്നു എന്നു മാത്രമല്ല, മിക്കപ്പോഴും വിവാദങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നു വരികയും ചെയ്തിരുന്നു. ദീപാ മേത്തയുടെ ഫയര്‍, വാട്ടര്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം നിരവധി പ്രതിസന്ധികളാണ് നേരിട്ടത്. പക്ഷേ, പി കെ നേരിട്ട പ്രതിഷേധവും അക്രമവും മുമ്പെന്നത്തേക്കാളും ഭയാനകവും ബീഭത്സവും വര്‍ധിച്ചതുമായിരുന്നു. ക്രൗണ്‍ തിയറ്ററില്‍ നടന്ന പ്രതിഷേധം അവഗണിക്കാവുന്നതേ ഉള്ളൂവെങ്കില്‍ പോലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം തന്നെ -ജമ്മു, ഡല്‍ഹി, അഹമ്മദാബാദ്, ഭോപാല്‍, മുംബൈ – അക്രമാസക്തരായ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരും മറ്റും തിയറ്ററുകള്‍ തല്ലിപ്പൊളിക്കുകയും പോസ്റ്ററുകള്‍ വലിച്ചു കീറുകയും ചെയ്തു. പല ഭരണാധികാരികളും അര്‍ഥഗര്‍ഭമായ മൗനവും പാലിച്ചു. പി കെയുടെ അത്യന്തം ലളിതമായ ആഖ്യാനമാണ് ചിത്രത്തെ കൂടുതല്‍ ജനപ്രിയമാക്കിയത്. ഹിന്ദിയും ഭോജ്പുരിയും മറ്റ് പ്രാദേശിക ഭാഷാഭേദങ്ങളുമാണ് സംഭാഷണങ്ങളെന്നതിനാലും സബ് ടൈറ്റില്‍ ഇല്ല എന്നതിനാലും കേരളത്തിലും മറ്റുമിരുന്ന് കാണുമ്പോള്‍ ചിത്രത്തിലെ മുഴുവന്‍ സംഭാഷണവും മനസ്സിലാകില്ല എന്നുണ്ടെങ്കിലും ലളിതമായ കഥയായതിനാല്‍ കാര്യങ്ങള്‍ പിടികിട്ടാന്‍ ബുദ്ധിമുട്ടില്ല. മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അഡ്വാനിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. മാത്രമല്ല, പി കെ മികച്ച ചിത്രമാണെന്ന് അഡ്വാനി അര്‍ഥശങ്കക്കിടയില്ലാത്ത വിധത്തില്‍ പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. ആമിറിനെപ്പോലുള്ള സൂപ്പര്‍സ്റ്റാര്‍ മുഖ്യ വേഷത്തിലഭിനയിക്കുന്നു എന്നതും ജനപ്രിയമായ മുഖ്യധാരാ ശൈലിയിലുള്ള ആഖ്യാനമാണ് എന്നതും ചിത്രത്തെ കൂടുതല്‍ ആളുകള്‍ക്ക് സ്വീകാര്യമായ തരത്തില്‍ വിജയം കരസ്ഥമാക്കുന്നതിന് സഹായിച്ചിട്ടുണ്ട്. ലവ് ജിഹാദ് ആരോപണങ്ങളും മതംമാറ്റവും പുനര്‍ മതം മാറ്റവും പാര്‍ലിമെന്റിനെ ഇളക്കി മറിക്കുകയും ബലാത്സംഗവും കൊലപാതകവുമടക്കമുള്ള കുറ്റങ്ങളുടെ പേരില്‍ പല ആള്‍ദൈവങ്ങളും അറസ്റ്റിലാകുകയും ചെയ്ത അവസരത്തിലാണ് പി കെ പുറത്തിറങ്ങിയത് എന്നതും ശ്രദ്ധേയമാണ്. നിങ്ങളെ സൃഷ്ടിച്ച ദൈവത്തില്‍ വിശ്വസിക്കുക; നിങ്ങള്‍ സൃഷ്ടിച്ച ദൈവത്തിലല്ല! എന്ന വാചകം പികെ കണ്ട് പുറത്തിറങ്ങുമ്പോള്‍ മനസ്സില്‍ തട്ടി നില്‍ക്കുന്നുണ്ട്.
ചിത്രം നിരോധിക്കാനും മറ്റുമുള്ള മുറവിളി നമ്മുടെ കാലം ഇരുളടഞ്ഞതായിക്കൊണ്ടിരിക്കുകയാണെന്ന ഓര്‍മപ്പെടുത്തലാണ് നല്‍കുന്നത്. ഒരു സിനിമ കൊണ്ട് തെറിക്കുന്ന മൂക്കാണോ ദൈവവും മതവും വിശ്വാസവും മറ്റും എന്ന ലളിതമായ ചോദ്യം പോലും ആരും ചോദിക്കുന്നില്ല. എല്ലാവരും ഭീതിയുടെ കരിമ്പടത്തിനിടയിലേക്ക് ഒളിക്കാന്‍ മാത്രത്തില്‍ തണുത്തു മരവിച്ചിരിക്കുന്നു. എന്നാണിനി സൂര്യന്‍ ഉദിക്കുക?

Latest