Connect with us

Gulf

തൊഴില്‍ കാര്‍ഡുകളുടെ പിഴയിളവ് അവസരം ഉപയോഗപ്പെടുത്തി നിരവധിപേര്‍

Published

|

Last Updated

അബുദാബി; പിഴയടക്കേണ്ട തൊഴില്‍ കാര്‍ഡുടമകള്‍ക്ക് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് നിലവില്‍ വന്നതോടെ അവസരം ഉപയോഗപ്പെടുത്താന്‍ നിരവധി പേര്‍ രംഗത്തുവരുന്നതായി മന്ത്രാലയം.

നിലവിലുള്ള തൊഴില്‍ കാര്‍ഡുകളുടെ കാലാവധി തീര്‍ന്നശേഷം പുതുക്കാത്തതിനാലോ തൊഴില്‍ വിസയില്‍ വന്ന ശേഷം തൊഴില്‍ കാര്‍ഡിന് തീരെ അപേക്ഷിക്കാത്തതിനാലോ വന്ന പിഴകളാണ് കാര്‍ഡൊന്നിന് കേവലം ആയിരം ദിര്‍ഹം മന്ത്രാലയത്തിന് നല്‍കി ഫയല്‍ നേരെയാക്കാന്‍ അവസരം നല്‍കിയത്. എത്ര വലിയ തുക പിഴയുള്ളവര്‍ക്കും ആയിരം ദിര്‍ഹം അടച്ച് പ്രശ്‌നം തീര്‍ക്കാനുള്ള അവസരം കഴിഞ്ഞ ഞായര്‍ മുതലാണ് നിലവില്‍ വന്നത്. ആറുമാസക്കാലം ഇളവ് നീണ്ടു നില്‍ക്കും.
രാജ്യത്തെ മന്ത്രാലയ സേവനങ്ങളുടെ കേന്ദ്രങ്ങളായ തസ്ഹീല്‍ സെന്റര്‍ മുഖേനയാണ് പിഴയടക്കേണ്ടത്. ഈ സുവര്‍ണാവസരം ഉപയോഗപ്പെടുത്താന്‍ ധാരാളം വ്യക്തികളും സ്ഥാപനങ്ങളും തസ്ഹീല്‍ കേന്ദ്രങ്ങളെ സമീപിക്കുന്നുണ്ടെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഭീമമായ തുകയടക്കേണ്ടവര്‍ക്കും സംഖ്യ ആയിരത്തില്‍ ഒതുക്കാവുന്ന രീതിയില്‍ തസ്ഹീല്‍ സെന്ററുകളിലെ “പെയ്‌മെന്റ് സിസ്റ്റം” ഇളവ് കാലം തീരുന്നത് വരെ മാറ്റിയതായും അധികൃതര്‍ വ്യക്തമാക്കി.
2014ലും അതിനുമുമ്പുള്ളതും എത്ര പഴക്കമുള്ളതുമായ പിഴകളാണ് കുറഞ്ഞ നിരക്കില്‍ അടക്കാന്‍ മന്ത്രാലയം അവസരം നല്‍കിയത്. രാജ്യവ്യാപകമായി തസ്ഹീല്‍ കേന്ദ്രങ്ങളില്‍ ഇളവ് ഉപയോഗപ്പെടുത്താന്‍ നിരവധി വ്യക്തികളും സ്ഥാപന പ്രതിനിധികളും എത്തുന്നുണ്ടെന്ന് തസ്ഹീല്‍ അധികൃതരും വ്യക്തമാക്കുന്നു.
അബുദാബിയില്‍ മാത്രം എട്ട് തസ്ഹീല്‍ കേന്ദ്രങ്ങളാണുള്ളത്. അബുദാബിയിലെ ഒരു ചെറുകിട കെട്ടിട മെയിന്റനന്‍സ് സ്ഥാപനത്തിലെ രണ്ടു ജീവനക്കാരുടെ തൊഴില്‍ കാര്‍ഡിന് 40,000 വീതം പിഴയടക്കേണ്ടതുണ്ടായിരുന്നു. ഇളവ് കാലം ആരംഭിച്ച ആദ്യ ദിനം തന്നെ സ്ഥാപന പ്രതിനിധി തസ്ഹീല്‍ സെന്റര്‍ വഴി 2,000 ദിര്‍ഹം മാത്രം അടച്ച് വന്‍ പിഴയില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
മന്ത്രാലയത്തിന്റെ ഏവര്‍ക്കും ഉപയോഗപ്പെടുത്താവുന്ന സ്മാര്‍ട് സേവനങ്ങളിലൂടെ തങ്ങളുടെ തൊഴിലാളികളുടെ തൊഴില്‍ കാര്‍ഡുകളുടെ നിജസ്ഥിതി കണ്ടെത്താവുന്നതാണ്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ “ഇ-നതവാസല്‍” വഴിയാണ് ഇതിന് സൗകര്യമുള്ളത്. ആപ്പിള്‍ സ്റ്റോര്‍, ഗൂഗിള്‍ പ്ലേ, ബ്ലാക്ക് ബെറിയിലൂടെ അറബി-ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ സേവനം ഉപയോഗപ്പെടുത്താവുന്നതാണ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് തൊഴില്‍ കാര്‍ഡുകളുടെമേല്‍ പിഴ അടക്കേണ്ടവരെല്ലാം ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രാലയം പൊതുജനങ്ങളോടഭ്യര്‍ഥിച്ചു. ഇത്തരത്തിലുള്ള ഒരു ലക്ഷം പേര്‍ രാജ്യത്തുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ അബുദാബിയില്‍ മാത്രം കാല്‍ ലക്ഷം പേരുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഇളവ് കാലത്തെ ആദ്യത്തെ രണ്ടു മാസങ്ങളില്‍ (ജനുവരി, ഫെബ്രുവരി) അവസരം ഉപയോഗപ്പെടുത്തുന്നവര്‍ക്കാണ് കാര്‍ഡൊന്നിന് 1,000 എന്ന് മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ പിഴയടക്കുന്നവര്‍ ഓരോ മാസവും 500 ദിര്‍ഹം അധികമായി നല്‍കേണ്ടിവരുമെ ന്നും അധികൃതര്‍ വ്യക്തമാക്കി.

 

Latest