Connect with us

Palakkad

ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങല്‍ പദ്ധതിയില്‍ വന്‍ തട്ടിപ്പ്

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയില്‍ ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്ന പദ്ധതിയില്‍ വന്‍ തട്ടിപ്പ്.
ഗുണഭോക്താവറിയാതെ അവരുടെ പേരില്‍ വ്യാജ ഒപ്പിട്ട് ലക്ഷങ്ങളുടെ ഭൂമിയിടപാട് നടത്തിയാണ് തട്ടിപ്പ് നടത്തുന്നത്. സംഭവത്തെക്കുറിച്ച് പോലീസിനോട് കേസെടുത്ത് അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.ഭൂരഹിതരായ ആദിവാസി കുടുംബത്തിന് ഒരേക്കര്‍ ഭൂമി വാങ്ങുന്നതിന് പത്തുലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയിലാണ് വന്‍ക്രമക്കേട് നടന്നിട്ടുള്ളത്. ഇനി ഈ ആധാരത്തിന്റെ പകര്‍പ്പ് കാണുക.
പദ്ധതിയുടെ അടിസ്ഥാനത്തില്‍2014 സെപ്തംബര്‍18ന് ഷോളയൂര്‍ സ്വദേശി കരുണാകരന്‍ കോഴിക്കൂടം ആദിവാസി ഊരിലെ സാലിയ്ക്ക് ഒരേക്കര്‍ ഭൂമി എട്ടര ലക്ഷം രൂപയ്ക്ക് നല്കിയതിന്റെ രേഖയാണിത്. എന്നാല്‍ ഗുണഭോക്താവായ സാലി മാത്രം തന്റെ പേരില്‍ ഭൂമിവാങ്ങിയ വിവരം അറിയുന്നത് ആധാരം നടന്നതിന് ശേഷമാണ്. ആധാരത്തില്‍ സാലിയുടെ പേരില്‍ ഇട്ട കൈവിരലടയാളം വ്യാജമാണെന്ന് കാണിച്ച് ഇവര്‍ തന്നെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇതോടെ വിശദമായ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.—
സാലിയോട് ഭൂവുടമ അഞ്ചരലക്ഷം രൂപ ക്ക് നല്‍കാമെന്ന് പറഞ്ഞ ഭൂമിയാണ് മൂന്നു ലക്ഷം രൂപ അധികം നല്‍കി വാങ്ങിയിട്ടുള്ളതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. അഭിഭാഷകനെ കാണിക്കാനെന്ന പേരില്‍ തന്റെ കൈയില്‍ നിന്നും ഫോട്ടോയും ആധാര്‍കാര്‍ഡും ഐടിഡിപി ഉദ്യോഗസ്ഥന്‍ വാങ്ങിയാണ് ഭൂമിതട്ടിപ്പ് നടത്തിയതെന്നും സാലി പരാതിപ്പെട്ടു.
ഈ മേഖലയില്‍ ഭൂമിക്ക് ഇത്രയും വിലയില്ലെന്നിരിക്കേ പദ്ധതിയുടെ പേരില്‍ നടന്ന ലക്ഷങ്ങളുടെ തട്ടിപ്പിന് പിന്നില്‍ഉദ്യോഗസ്ഥ റിയല്‍ എസ്‌റ്റേറ്റ് കൂട്ടുകെട്ടാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

Latest