Connect with us

Kerala

ഇബ്‌റാഹിം കുഞ്ഞിന്റെ ഓഫീസിനെതിരെ തെളിവുമായി ഗണേഷ് കുമാര്‍ ലോകായുക്തയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: പൊതുമരാമത്തു മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞിന്റെ മൂന്ന് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരേ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ തെളിവുമായി കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ ലോകായുക്തയുടെ മുന്നിലേക്ക്. ഇതു സംബന്ധിച്ച തെളിവുകള്‍ ഗണേഷ്‌കുമാര്‍ നേരിട്ടോ അഭിഭാഷന്‍ മുഖേനയോ ഇന്ന് ലോകായുക്ത ഡിവിഷന്‍ ബഞ്ചില്‍ ഹാജാരാക്കുമെന്നാണ് സൂചന.
ഗണേഷ്‌കുമാറിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരേ കേസെടുക്കണമെന്ന് കാട്ടി തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടക്കുളം നല്‍കിയ പരാതിയില്‍ തെളിവു നല്‍കാന്‍ ലോകായുക്ത ഗണേഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗണേഷ് കുമാര്‍ ഹാജരായിരുന്നില്ല. ഹാജരാകാത്ത സാഹചര്യത്തില്‍ ഇന്ന് നേരിട്ടെത്തി തെളിവ് നല്‍കണമെന്ന് കാട്ടി കോടതിയും സമന്‍സ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവു ഹാജാരാക്കാന്‍ ഗണേഷ്‌കുമാര്‍ തയാറെടുക്കുന്നതെന്നാണ് അറിയുന്നത്. ആവശ്യമായ തെളിവുകള്‍ ഹാജരാക്കിയാല്‍ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസനെതിരേ കേസെടുത്തേക്കും.
ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ഉപലോകായുക്ത കെ പി ബാലചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹീം കുഞ്ഞിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേയാണ് ഗണേഷ് കുമാര്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്.

Latest