Connect with us

Gulf

ഡി എസ് എഫിന് കൊടിയേറി

Published

|

Last Updated

ദുബൈ: 20-ാമത് ദുബൈ വ്യാപാരോത്സവത്തിന് (ഡി എസ് എഫ്) ഉജ്വല തുടക്കം. 32 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് ഇന്നലെ കൊടിയേറി. ആഘോഷങ്ങളുടെ യാത്ര എന്ന പേരിട്ട മേളക്ക് പ്രതിവര്‍ഷം 40 മുതല്‍ 45 ലക്ഷം സന്ദര്‍ശകരാണ് എത്തുന്നത്.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശാനുസരണം 1996ല്‍ തുടക്കം കുറിച്ച ഡി എസ് എഫ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാപാരമേളയാണ്.
ഡി എസ് എഫ് രണ്ട് ദശകം പൂര്‍ത്തിയാക്കുന്ന വേളയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്നലെ ആരംഭിച്ച വ്യാപാരോത്സവത്തില്‍ ഫെബ്രുവരി ഒന്നുവരെ വിവിധ വേദികളിലായി 150 പരിപാടികള്‍ അരങ്ങേറും.
ഇന്ത്യയില്‍ നിന്ന് അംജദ് അലി ഖാന്‍, ഉസ്താദ് സക്കീര്‍ ഹുസൈന്‍, അരിജിംഗ് സിംഗ്, സോണു നിഗം എന്നിവരുടെ സംഗീത പരിപാടികളും പ്രമുഖ ഹിന്ദി എഴുത്തുകാരന്‍ ഗുല്‍സാറും സംവിധായകന്‍ സലീം ആരിഫും നേതൃത്വം നല്‍കുന്ന നാടകമേളയും വിവിധ ദിവസങ്ങളിലായി അരങ്ങേറും.
തുടര്‍ച്ചയായി 13-ാം വര്‍ഷവും ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തന്റെ ഭാഗമായി ഇന്ത്യന്‍ കവി സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ ഫാഷന്‍ പരിപാടികളും ഭക്ഷ്യമേളകളും കരകൗശല വിപണിയും കലാമേളയും ഒരുക്കിയിട്ടുണ്ട്.
സമാപന ദിവസം കരിമരുന്ന് പ്രയോഗമുണ്ടാകും. ജുമൈറ ബീച്ച് റസിഡന്‍സിയിലും ഫസ്സാ കടപ്പുറത്തുമാണ് ആകാശത്തില്‍ വര്‍ണങ്ങള്‍ വിതറി വെടിക്കെട്ട് നടക്കുക. ജനുവരി 29 മുതല്‍ 31 വരെ ദുബൈ അന്താരാഷ്ട്ര പട്ടം ഉത്സവവും ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തുന്നുണ്ട്.
കോടിക്കണക്കിന് ദിര്‍ഹമിന്റെ സമ്മാനങ്ങളും നറുക്കെടുപ്പുകളും പ്രമോഷനുകളും ഡിസ്‌ക്കൗണ്ടുകളുമാണ് ഡി എസ് എഫിന്റെ മറ്റൊരു ആകര്‍ഷണം. ദിവസവും രണ്ടു ഇന്‍ഫിനിറ്റി കാറുകളും ഒരു നിസാന്‍ കാറും ഒരു ലക്ഷം ദിര്‍ഹമും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.

Latest