Connect with us

Idukki

ഇടുക്കിയിലെ പരാജയം: കോണ്‍ഗ്രസ് നേതാക്കള്‍ പാലം വലിച്ചെന്ന് ഉപസമിതി

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിനിടയാക്കിയത് കോണ്‍ഗ്രസിലെ പടലപ്പിണക്കമാണെന്ന് കെ പി സി സി ഉപസമിതിയുടെ റിപ്പോര്‍ട്ട്. ഡി സി സി പ്രസിഡന്റ് റോയി കെ പൗലോസിനും മുന്‍ എം എല്‍ എ. ഇ എം അഗസ്തിക്കുമെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെതിരെ മത്സരിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിന് തുണയായാത് കോണ്‍ഗ്രസിലെ തന്നെ പാലംവലിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കിയിലെ കനത്ത തോല്‍വിയെക്കുറിച്ച് അന്വേഷണം നടത്തിയ കെ പി സി സി ഉപസമിതിയുടെ റിപ്പോര്‍ട്ടിലാണ് പ്രധാന നേതാക്കള്‍ക്കെതിരെ പരാമര്‍ശമുള്ളത്.

അതേസമയം, കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ക്ലീന്‍ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ട്, തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് പാലംവലിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, സീറ്റ് നിഷേധിക്കപ്പെട്ട പി ടി തോമസിനെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. കെ പി സി സി ജനറല്‍ സെക്രട്ടറി പി എം സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേഷണ സമിതിയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. റിപ്പോര്‍ട്ട് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന് സമര്‍പ്പിച്ചു.
ഡി സി സി അധ്യക്ഷന്‍ റോയ് കെ പൗലോസ് ഉള്‍പ്പെടെ പ്രധാന നേതാക്കള്‍ പ്രചാരണത്തില്‍ സജീവമായിരുന്നില്ല. നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ല. ഇടുക്കി സീറ്റില്‍ താത്പര്യമുണ്ടായിരുന്ന റോയ് കെ പൗലോസിന് സീറ്റ് ലഭിക്കാതെ വന്നതോടെയാണ് ഈ അസംതൃപ്തി പ്രചാരണ രംഗത്ത് പ്രകടമായത്. എന്നാല്‍, മുന്‍ എം എല്‍ എ. ഇ എം ആഗസ്തിയുടെ ബന്ധുസ്‌നേഹമാണ് ജോയ്‌സ് ജോര്‍ജിന് ഗുണമായതെന്നും റിപ്പോര്‍ട്ട് പറയുന്നു.
പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഫലപ്രദമായിരുന്നില്ലെന്നും കൂട്ടായ പ്രവര്‍ത്തനം ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍, വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് ശിപാര്‍ശ ചെയ്യുന്നുണ്ട്. ഇതോടൊപ്പം തിരഞ്ഞെടുപ്പ് സമയത്ത് വിവാദമായ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും തോല്‍വിക്ക് കാരണമായതായും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നുണ്ട്.
കസ്തൂരിരംഗന്‍ വിഷയത്തില്‍ കത്തോലിക്കാ സഭയുമായുള്ള ആശയക്കുഴപ്പം പരിഹരിക്കാന്‍ കഴിഞ്ഞില്ല. മലയോര സംരക്ഷണ സമിതിയുടെ ജോയ്‌സ് ജോര്‍ജ് ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥിയായെത്തിയതും തിരിച്ചടിയായി. പാര്‍ട്ടിക്ക് വിജയപ്രതീക്ഷയുള്ള സീറ്റില്‍ അമ്പതിനായിരത്തിലേറെ വോട്ടിന് തോല്‍ക്കാനിടയായതിന് പ്രധാന കാരണം ജില്ലാ നേതൃത്വത്തിന്റെ അലംഭാവം തന്നെയാണ്.
യു ഡി എഫ് സ്ഥാനാര്‍ഥിയും സോഷ്യലിസ്റ്റ് ജനത നേതാവുമായ എം പി വീരേന്ദ്രകുമാറിന്റെ പരാജയത്തിന് കോണ്‍ഗ്രസിനുമേല്‍ പഴിചാരി യു ഡി എഫ് ഉപസമിതി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള അധ്യക്ഷനായ സമിതിയുടെതാണ് ഈ റിപ്പോര്‍ട്ട്. യു ഡി എഫിലെ കക്ഷികളെ ഏകോപിപ്പിക്കുന്നതില്‍ വീഴ്ച പറ്റി. പ്രചാരണത്തിനുള്ള പണം വേണ്ടരീതിയില്‍ ചെലവഴിച്ചില്ല. അട്ടപ്പാടി പോലുള്ള മേഖലകളില്‍ പ്രചാരണം ദുര്‍ബലമായി തുടങ്ങിയവയാണ് കോണ്‍ഗ്രസിനെതിരായി പറയുന്ന കാര്യങ്ങള്‍. എന്നാല്‍, റിപ്പോര്‍ട്ടില്‍ നേതാക്കളെ പേരെടുത്ത് പരാമര്‍ശിക്കുന്നില്ല.

Latest