Connect with us

International

പ്രമേയം യു എന്‍ തള്ളി

Published

|

Last Updated

യു എന്‍: മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഫലസ്തീന്‍ പ്രമേയം ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതി തള്ളി. ഒരു വോട്ടിനാണ് പ്രമേയം തള്ളിയത്. ജോര്‍ദാന്‍, ചൈന, ഫ്രാന്‍സ്, ലക്‌സംബര്‍ഗ്, ഛാഡ്, ചിലി, അര്‍ജന്റീന എന്നീ രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. 15 അംഗ സുരക്ഷാ സമിതിയില്‍ പ്രമേയം പാസാകാന്‍ വേണ്ടിയിരുന്നത് ഒമ്പത് വോട്ടുകളാണ്. അമേരിക്കയും ആസ്‌ത്രേലിയയും പ്രമേയത്തിന് എതിരായി വോട്ട് ചെയ്തപ്പോള്‍ അഞ്ച് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ ഒരു വോട്ടിന് പ്രമേയം തള്ളുകയായിരുന്നു. പ്രമേയത്തിന് അനുകൂലമായി ഒമ്പത് വോട്ടുകള്‍ ലഭിച്ചിരുന്നെങ്കില്‍ അത് പാസാകുന്നത് തടയാന്‍ അമേരിക്ക വീറ്റോ അധികാരം ഉപയോഗിക്കുമെന്ന് ഉറപ്പായിരുന്നു.
2017ഓടെ ഫലസ്തീന്‍ ഭൂപ്രദേശങ്ങളില്‍ നിന്ന് ഇസ്‌റാ ഈല്‍ പൂര്‍ണമായി പിന്‍മാറണമെന്ന് ആവശ്യപ്പെടുന്നതാണ് പ്രമേയം. ഇസ്‌റാഈല്‍ കൈയേറിയ കിഴക്കന്‍ ജറൂസലമിനെ ഫലസ്തീന്റെ തലസ്ഥാനമാക്കണമെന്നതായിരുന്നു പ്രമേയത്തിലെ മറ്റൊരു പ്രധാന ആവശ്യം. ഇസ് റാഈല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരുടെ മോചനം, കൈയേറിയ സ്ഥലങ്ങളിലെ അനധികൃത കെട്ടിട നിര്‍മാണം അവസാനിപ്പിക്കണം തുടങ്ങിയ കാര്യങ്ങളും പ്രമേയം മുന്നോട്ട് വെക്കുന്നു. 1967ല്‍ ഇസ്‌റാഈല്‍ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പുള്ള ഫലസ്തീന്‍ അതിര്‍ത്തി അനുസരിച്ചായിരിക്കണം ഭാവിയില്‍ ചര്‍ച്ചകള്‍ നടക്കേണ്ടതെന്നും പ്രമേയം ആവശ്യപ്പെടുന്നു.
നിലവിലെ സ്ഥിതിയില്‍ തൃപ്തരായതു കൊണ്ടല്ല, വിട്ടുവീഴ്ചയില്‍ കൂടിയാകണം സമാധാനം പുനഃസ്ഥാപിക്കേണ്ടത് എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ പ്രമേയത്തെ എതിര്‍ത്തതെന്ന് യു എസ് അംബാസഡര്‍ സാമന്ത പവര്‍ വ്യക്തമാക്കി. അത് സാധ്യമാകേണ്ടത് ചര്‍ച്ചകളിലൂടെയാണ്. ഈ വിഷയത്തില്‍ സമിതിയില്‍ ഫലസ്തീന്‍ പ്രമേയം അവതരിപ്പിച്ചത് അനുചിതമാണെന്നും പവര്‍ കൂട്ടിച്ചേര്‍ത്തു. ഫലസ്തീന്‍ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നതിലും അര്‍ഥവത്തായ പരിഹാരം കണ്ടെത്തെുന്നതിലും സുരക്ഷാ സമിതി പരാജയപ്പെട്ടെന്ന് യു എന്നിലെ ഫലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ പറഞ്ഞു.
പ്രമേയം ഫലസ്തീനികളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും ഒത്തുതീര്‍പ്പുകള്‍ക്കു വേണ്ടി ഭേദഗതികള്‍ വരുത്തിയത് അംഗീകരിക്കാനാകില്ലെന്നും ഹമാസ് കുറ്റപ്പെടുത്തിയിരുന്നു.

---- facebook comment plugin here -----

Latest