സ്റ്റാര്‍ട്ട്, ഗെയിംസ് കൗണ്ട് ഡൗണ്‍

Posted on: January 1, 2015 12:02 am | Last updated: January 1, 2015 at 12:27 am

തിരുവനന്തപുരം: ജനുവരി 31 ന് തിരിതെളിയുന്ന ദേശീയ ഗെയിംസിന്റെ വരവറിയിച്ച് ഇന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ”ഗെയിംസ് കൗണ്ട് ഡൗണ്‍” ആരംഭിക്കും. കേരളത്തിന്റെ അഭിമാനമായ മുപ്പതോളം കായിക താരങ്ങള്‍ ”30 ഡേയ്‌സ് കൗണ്‍ ഡൗണ്‍” ചടങ്ങുകള്‍ക്ക് ദീപം തെളിയിക്കും.
കായിക രംഗത്തെ അതുല്യ സംഭാവനകള്‍ പരിഗണിച്ച് താരങ്ങള്‍ക്ക് നാഷണല്‍ ഗെയിംസ് ഓര്‍ഗനൈസിംഗ് കമ്മിറ്റി ഉപഹാരങ്ങള്‍ നല്‍കി ആദരിക്കും. തുടര്‍ന്ന് ഗെയിംസ് ജേതാക്കള്‍ക്ക് സമ്മാനിക്കുന്ന മെഡലുകള്‍ ഈ വേദിയില്‍ വച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്യും. 200 ഗ്രാം തൂക്കം വരുന്ന മെഡലുകള്‍ കേന്ദ്രസര്‍ക്കാറിന്റെ മുംബയ് മിന്റില്‍ നിന്നാണ് എത്തിച്ചിരിക്കുന്നത്.
വളണ്ടിയര്‍മാര്‍ക്കായുള്ള യൂണിഫോമിന്റെ പ്രകാശനം വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വ്വഹിക്കും. വിര്‍ച്വല്‍ ടോര്‍ച്ച് ആപ്ലിക്കേഷന്‍ ഉദ്ഘാടനവും വേദിയില്‍ നടക്കും. ആന്‍ഡ്രോയ്ഡ് വേര്‍ഷനുകള്‍ക്കിണങ്ങുന്ന തരത്തിലാണ് ആപ്പിന്റെ രൂപകല്‍പ്പന. ഗെയിംസിന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കുന്ന ടീ ഷര്‍ട്ട് , ബാഗ്, വാട്ടര്‍ ബോട്ടില്‍, കീച്ചെയ്ന്‍, തുടങ്ങി വിവിധ സാധനങ്ങളുടെ ഡിസൈനുകള്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കും. സുപ്രസിദ്ധ വയലിനിസ്റ്റും, സംഗീത സംവിധായകനുമായ ബാലഭാസ്‌കറും പ്രശസ്ത ചെണ്ട വിദ്വാന്‍ ശ്രീരാജും അവതരിപ്പിക്കുന്ന ജുഗല്‍ ബന്ദിയും ചടങ്ങിന് മാറ്റു പകരും. തുടര്‍ന്ന് ”റെയ്‌സ് എഗെയ്ന്‍സ്‌റ്‌റ് ടൈം” എന്ന പ്രമേയത്തില്‍ പ്രമുഖ ഡാന്‍സ് ട്രൂപ്പായ സമുദ്ര അവതരിപ്പിക്കുന്ന ഫ്യൂഷന്‍ നൃത്തം നടക്കും. മന്ത്രിമാര്‍, എം എല്‍ എ മാര്‍, കേരള ഒളിംബിക് അസോസിയേഷന്‍ പ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക- സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗെയിംസിന് മുന്നോടിയായി ജനുവരി 15 ന് മുമ്പ് സ്റ്റേഡിയങ്ങളുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. 15 സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം ഈ മാസം മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ഗെയിംസിനോടനുബന്ധിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഗെയിംസിനോടനുബന്ധിച്ച് ടോര്‍ച്ച് റിലേ എം എല്‍ എമാരായ പി സി വിഷ്ണുനാഥും ടി വി രാജേഷും നയിക്കും.