നീതിന്യായ നിയമന കമ്മീഷന്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

Posted on: January 1, 2015 12:20 am | Last updated: January 1, 2015 at 12:20 am

ന്യൂഡല്‍ഹി: ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സമ്പ്രദായത്തിന് അവസാനം കുറിക്കുന്ന ദേശീയ നീതിന്യായ നിയമന കമ്മീഷന്‍ ബില്ലിന് (നാഷനല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ് കമ്മീഷന്‍- എന്‍ ജെ എ സി) രാഷ്ട്രപതിയുടെ അംഗീകാരം. കഴിഞ്ഞ ആഗസ്റ്റില്‍ പാര്‍ലിമെന്റ് പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇതിന്മേലാണ് അനുകൂല തീരുമാനം ഉണ്ടായിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ആറംഗ കമ്മീഷനായിരിക്കും ഇനി മുതല്‍ സുപ്രീം കോടതിയിലെയും 24 ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നതിനും സ്ഥലം മാറ്റുന്നതിനും അധികാരം. നീതിന്യായ വിഭാഗത്തിന്റെ പ്രതിനിധികളായി രണ്ട് സുപ്രീം കോടതി ജഡ്ജിമാര്‍, നിയമമന്ത്രി, രണ്ട് പ്രമുഖ വ്യക്തികള്‍ എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങള്‍. നിയമന കാര്യത്തില്‍ രണ്ട് പേരുടെ എതിര്‍പ്പുണ്ടായാല്‍ അത് വീറ്റോയായി കണക്കാക്കും. കമ്മീഷനില്‍ അംഗമാകുന്ന രണ്ട് പ്രമുഖ വ്യക്തികളില്‍ ഒരാള്‍ പട്ടിക ജാതി/ വര്‍ഗം, മറ്റു പിന്നാക്കം, ന്യൂനപക്ഷം, വനിത വിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്നിനായി സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും ലോക്‌സഭാ പ്രതിപക്ഷ നേതാവോ ലോക്‌സഭയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവോ അടങ്ങുന്ന സമിതിക്കാണ് പ്രമുഖ വ്യക്തികളെ തിരഞ്ഞെടുക്കാനുള്ള അധികാരം.
ഭരണഘടനയുടെ 124ാമത് ഭേദഗതിയായാണ് എന്‍ ജെ എ സി ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത്. 29 സംസ്ഥാനങ്ങളില്‍ 16 സംസ്ഥാനങ്ങളില്‍ നിന്നും ബില്ലിന് ഔപചാരികാംഗീകാരം ലഭിച്ചിരുന്നു. ഭരണഘടനാ ഭേദഗതി പ്രാബല്യത്തില്‍ വരുത്താന്‍ അമ്പത് ശതമാനം സംസ്ഥാന നിയമസഭകളുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.