ഗ്വാണ്ടനാമോയില്‍ നിന്ന് അഞ്ച് പേരെ കസാഖിസ്ഥാനിലേക്ക് മാറ്റി

Posted on: January 1, 2015 12:13 am | Last updated: January 1, 2015 at 12:13 am
SHARE

ഹവാന: ക്യൂബയില്‍ പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധമായ യു എസ് തടവറ ഗ്വാണ്ടനാമോയില്‍ തടവില്‍ പാര്‍പ്പിച്ച അഞ്ച് പേരെ മധ്യേഷ്യന്‍ രാഷ്ട്രമായ കസാഖിസ്ഥാനിലേക്ക് മാറ്റി.
വിചാരണയില്ലാതെ വര്‍ഷങ്ങളോളം ഇവര്‍ ഗ്വാണ്ടനാമോ തടവറയില്‍ കഴിയുകയായിരുന്നു. തുനീഷ്യക്കാരായ രണ്ട് പേരെയും മൂന്ന് യമനീ പൗരന്‍മാരെയുമാണ് പുനരധിവാസ പദ്ധതിയുടെ ഭാഗമായി കസാഖിസ്ഥാനിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.
അല്‍ഖാഇദ ബന്ധമാരോപിച്ച് പാക്കിസ്ഥാനില്‍ നിന്ന് നേരത്തെ പിടികൂടിയിരുന്ന അഞ്ച് പേര്‍ക്കും സ്വന്തം വീടുകളിലേക്ക് പോകാന്‍ അനുവാദമില്ല. ഇതോടെ ഗ്വാണ്ടനാമോയില്‍ ഇനി അവശേഷിക്കുന്നത് 127 തടവുകാരാണ്.
യു എസ് കോണ്‍ഗ്രസിന്റെ സമ്മര്‍ദഫലമായി ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടാനുള്ള ഒബാമയുടെ തീരുമാനത്തിന്റെ ഭാഗമായി മുപ്പതിലധികം തടവുകാരെ കഴിഞ്ഞ വര്‍ഷം മറ്റിടങ്ങളിലേക്ക് മാറ്റിയിരുന്നു. മൊത്തം 12 തുനീഷ്യന്‍ പൗരന്‍മാരാണ് ഗ്വാണ്ടനാമോയില്‍ ഉണ്ടായിരുന്നത്. ഇനി തുനീഷ്യക്കാരനായ ഒരാള്‍ മാത്രമേ തടവറയിലുള്ളൂ. അവശേഷിക്കുന്ന 127 പേരില്‍ 57 പേരെ സ്വദേശങ്ങളിലോ മൂന്നാം ലോക രാഷ്ട്രങ്ങളിലോ പുനരധിവസിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here