മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

Posted on: January 1, 2015 12:02 am | Last updated: January 1, 2015 at 12:02 am

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള 2014-ലെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2014 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ മലയാള പത്രങ്ങളിലും ആനുകാലികങ്ങളിലും വന്ന വികസനോന്മുഖ റിപ്പോര്‍ട്ട്, ജനറല്‍ റിപ്പോര്‍ട്ട്, വാര്‍ത്താചിത്രം, കാര്‍ട്ടൂണ്‍ എന്നീ വിഭാഗങ്ങള്‍ക്കും ടിവി വാര്‍ത്താ റിപ്പോര്‍ട്ടര്‍, ക്യാമറാമാന്‍, വീഡിയോ എഡിറ്റര്‍, ന്യൂസ് റീഡര്‍ എന്നീ വിഭാഗങ്ങള്‍ക്കുമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. വികസനോന്മുഖ റിപ്പോര്‍ട്ടിംഗ്, ജനറല്‍ റിപ്പോര്‍ട്ടിംഗ്, കാര്‍ട്ടൂണ്‍ അവാര്‍ഡുകള്‍ക്കായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനല്‍ കട്ടിങ്ങിനു പുറമേ മൂന്നു പകര്‍പ്പുകള്‍ കൂടി അയയ്ക്കണം. വാര്‍ത്താചിത്രത്തിന്റെ 10’ത 8′ വലിപ്പത്തിലുള്ള നാല് പ്രതികളും ചിത്രം അച്ചടിച്ച പത്രത്തിന്റെ ഒരു പ്രതിയും അയയ്‌ക്കേണ്ടതാണ്.
മലയാളം ടിവി ചാനലുകളിലെ വാര്‍ത്താ ബുള്ളറ്റിനില്‍ സംപ്രേഷണം ചെയ്ത ഏഴുമിനിറ്റില്‍ കവിയാത്ത റിപ്പോര്‍ട്ടുകളുടെ ഡിവിഡി ഫോര്‍മാറ്റ് സമര്‍പ്പിക്കണം. എന്‍ട്രിയോടൊപ്പം ടൈറ്റില്‍, ഉള്ളടക്കം, ദൈര്‍ഘ്യം, വിവരണപാഠം എന്നിവ എഴുതി നല്‍കണം. ഒരു സ്റ്റോറി പലഭാഗങ്ങളായി സമര്‍പ്പിക്കാതെ സമഗ്രസ്വഭാവത്തോടുകൂടിയ ഒരു വാര്‍ത്താ റിപ്പോര്‍ട്ടായാണ് സമര്‍പ്പിക്കേണ്ടത്. പ്രസിദ്ധപ്പെടുത്തിയ പത്രം/ടിവി ചാനല്‍ എന്നിവയുടെ പേര്, തീയതി, മാധ്യമപ്രവര്‍ത്തകന്റെ ഫോട്ടോ അടങ്ങിയ ബയോഡാറ്റ എന്നിവ എന്‍ട്രിയോടൊപ്പം മറ്റൊരു പേജില്‍ ചേര്‍ത്തിരിക്കണം. ഒരാള്‍ക്ക് ഒരു വിഭാഗത്തില്‍ പരമാവധി രണ്ടു എന്‍ട്രികള്‍ അയയ്ക്കാം. ഓരോ എന്‍ട്രിയും പ്രത്യേകം കവറില്‍ ആയിരിക്കണം അയയ്‌ക്കേണ്ടത്. കവറിന് പുറത്ത് മത്സരവിഭാഗം ഏതെന്ന് രേഖപ്പെടുത്തിയിരിക്കണം. എന്‍ട്രി അപേക്ഷകന്‍ തയ്യാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടേയോ മറ്റു അധികാരിയുടേയോ സാക്ഷ്യപത്രവും വെക്കണം. എന്‍ട്രികള്‍ ജനുവരി 15-ന് അഞ്ച് മണിക്കകം ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം – 695 001 എന്ന വിലാസത്തില്‍ ലഭിക്കണം.