റവന്യൂ-സര്‍വേ അദാലത്തുകള്‍ ഈമാസം എട്ട് മുതല്‍

Posted on: January 1, 2015 12:02 am | Last updated: January 2, 2015 at 12:18 am

തിരുവനന്തപുരം: റവന്യൂ-സര്‍വേ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കാന്‍ എല്ലാ ജില്ലകളിലും റവന്യൂ വകുപ്പ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. ജില്ലകളില്‍ നടക്കുന്ന അദാലത്തുകളില്‍ റവന്യൂ മന്ത്രി നേരിട്ട് പരാതികള്‍ സ്വീകരിക്കും. ഈമാസം എട്ടിന് അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. പൊതുജനങ്ങളില്‍നിന്ന് നേരിട്ട് പരാതി സ്വീകരിച്ച ് അവക്ക് പരിഹാരം കണ്ടെത്തി, തീര്‍പ്പുണ്ടാക്കുകയെന്നതാണ് അദാലത്തുകള്‍ കൊണ്ട് ലക്ഷ്യംവെക്കുന്നതെന്ന് മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടതി മുമ്പാകെ പരിഗണനയിലുള്ള തര്‍ക്കങ്ങളൊഴികെയുള്ള പരാതികള്‍ അദാലത്തില്‍ ഉള്‍പ്പെടുത്തും. 2014 ഡിസംബര്‍ 30വരെ 5,15,153 പരാതികളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരാതികള്‍ 2014 നവംബര്‍ 1 മുതല്‍ ഡിസംബര്‍ 20 വരെ പൊതുജനങ്ങളില്‍നിന്ന് സ്വീകരിച്ചിരുന്നു. ഇതിന് പുറമെ 2014 ഒക്‌ടോബര്‍ 31 വരെ വിവിധ റവന്യൂ ഓഫിസുകളില്‍ സമര്‍പ്പിച്ചിട്ടുള്ളവയും പരിഗണിക്കപ്പെട്ടിട്ടില്ലാത്തവയുമായ പരാതികളും പരിഗണിക്കും. ലാന്റ് റിക്കാര്‍ഡ്‌സ് & മെയിന്റനന്‍സ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചിട്ടുളള പരാതികള്‍, നാഷനല്‍ ഫാമിലി ബെനിഫിറ്റ് സ്‌കീം, പോക്കുവരവ്, അതിര്‍ത്തി നിര്‍ണയം, കേരള ലാന്റ് യൂട്ടിലൈസേഷന്‍ ഓര്‍ഡര്‍, പ്രകൃതി ക്ഷോഭം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാതല അദാലത്തുകളുടെ നിയന്ത്രണം അതത് ജില്ലാകലക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും.
അദാലത്തുകള്‍ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി റവന്യൂ-സര്‍വേ വകുപ്പുകളില്‍ ആവശ്യമെങ്കില്‍ നിയമഭേദഗതികളോ ഉത്തരവുകളോ പുറത്തിറക്കും. കഴിഞ്ഞവര്‍ഷം 14 ജില്ലകളിലും നടത്തിയ പ്രീ-അദാലത്തുകളില്‍ മൊത്തം 5,14,581 പരാതികള്‍ക്ക് തീര്‍പ്പുണ്ടാക്കി. ഇതില്‍ ലാന്റ് റെക്കോര്‍ഡ്‌സും മെയിന്റനന്‍സും സംബന്ധിച്ച് മാത്രം 3.5 ലക്ഷത്തോളം പരാതികളാണ് ലഭിച്ചത്. റീസര്‍വേ പൂര്‍ത്തിയായ വില്ലേജുകളില്‍പോലും നൂറുകണക്കിന് പരാതികള്‍ നിലനില്‍ക്കുന്നതിനാലാണ് ഈ വിഭാഗത്തില്‍ പരാതികള്‍ അവസാനിക്കാത്തത്. സംസ്ഥാനത്തെ 1,665 വില്ലേജുകളില്‍ 821 വില്ലേജുകളുടെ റീസര്‍വേയാണ് പൂര്‍ത്തിയായത്. അദാലത്ത് നടത്തിപ്പിനായി ലാന്റ് റവന്യൂ കമ്മീഷണറേറ്റ്, കലക്ടറേറ്റ്, താലൂക്ക് ഓഫിസുകള്‍ എിവിടങ്ങളില്‍ പ്രതേ്യക സെല്ലുകള്‍ രൂപവത്കരിച്ചു. ലാന്റ് റെക്കോര്‍ഡ്‌സ് & മെയിന്റനന്‍സ് (എല്‍ ആര്‍ എം) ഇനത്തിലുളള പരാതികളാണ് അദാലത്തില്‍ ഏറ്റവും കൂടുതലുള്ളത്. പ്രകൃതിക്ഷോഭത്തില്‍ ഇരയായവര്‍ക്കുള്ള അപേക്ഷകളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയവയില്‍ ഫണ്ടിന്റെ ലഭ്യതയനുസരിച്ച് അദാലത്തുകളില്‍ സഹായധനം വിതരണം ചെയ്യും. ഇതിനായി ജില്ലാ കലക്ടര്‍മാര്‍, ലാന്റ് റവന്യൂ കമ്മീഷണര്‍, ജോയിന്റ് ലാന്റ് റവന്യൂ കമ്മീഷണര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി മന്ത്രി അറിയിച്ചു.