Connect with us

Malappuram

നിലമ്പൂര്‍ സി പി എം ഏരിയാ കമ്മിറ്റിയില്‍ വിഭാഗീയത

Published

|

Last Updated

നിലമ്പൂര്‍: സി പി എം നിലമ്പൂര്‍ ഏരിയാ കമ്മിറ്റി തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ വിഭാഗീയത രൂക്ഷമാവുന്നു. ലോക്കല്‍ കമ്മിറ്റിയോഗം പാര്‍ട്ടി അംഗങ്ങള്‍ തടസ്സപ്പെടുത്തി. ഇന്നലെ രാവിലെ പതിനൊന്നിന് ചേരാനിരുന്ന നിലമ്പൂര്‍ ലോക്കല്‍ കമ്മിറ്റി യോഗമാണ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയത.്
ലോക്കല്‍ കമ്മിറ്റി യോഗം നടക്കുന്നുണ്ടെന്നറിഞ്ഞ് വിരാഡൂര്‍, കല്ലേമ്പാടം, കോവിലകത്തുമുറി, ചക്കാലക്കുത്ത്, താമരക്കുളം, ചന്തക്കുന്ന്, മുതുകാട്, നിലമ്പൂര്‍ ടൗണ്‍ എന്നിവിടങ്ങളിലെ പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാരില്‍ ചിലരും, ബൂത്ത്തല കണ്‍വീനര്‍മാരും പ്രവര്‍ത്തകരും രാവിലെ തന്നെ യോഗം നടക്കുന്ന നിലമ്പൂര്‍ സി പി എം പാര്‍ട്ടി ഓഫീസിലെത്തിയിരുന്നു . ഏരിയാ കമ്മിറ്റി തിരഞ്ഞെടുപ്പിലെ അപാകതകള്‍ പരിഹരിച്ച ശേഷം മതി ലോക്കല്‍ കമ്മിറ്റി യോഗമെന്ന് പറഞ്ഞാണ് പ്രവര്‍ത്തകര്‍ യോഗം തടസ്സപ്പെടുത്തിയത്. ഇന്ന് നടത്താനിരുന്ന നിലമ്പൂര്‍ ഏരിയാ കമ്മിറ്റി യോഗവും ചേരാന്‍ അനുവദിക്കില്ലെന്ന് ഒരു വിഭാഗം പാര്‍ട്ടി മെമ്പര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന യോഗം മാറ്റിവെച്ചതായാണ് സൂചന.
സീനിയര്‍ നേതാവും മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എന്‍ വേലുക്കുട്ടിയെ തഴഞ്ഞ് അടുത്ത കാലത്ത് പാര്‍ട്ടിയിലെത്തിയ ചോക്കാട് സ്വദേശിയായ പത്മാക്ഷനെ ഏരിയാ സെക്രട്ടറിയാക്കിയതും ഏരിയാകമ്മിറ്റിയില്‍ ആര്യാടനുമായി ബന്ധമുള്ള ചില പുതുമുഖങ്ങള്‍ എത്തിയതുമാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ഏരിയാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ പാര്‍ട്ടി നേതൃത്വം, തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ ഒരു സംസ്ഥാന നേതാവുമായി ചേര്‍ന്ന് ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വിവിധ ബ്രാഞ്ച് കമ്മിറ്റികളില്‍ നിന്ന് പരാതി നല്‍കിയതായി അറിയുന്നു. പ്രശ്‌നത്തില്‍ സംസ്ഥാന നേതൃത്വം ഇടപെടണമെന്നും കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും പാര്‍ട്ടി മെമ്പര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്.
നിലമ്പൂര്‍ മേഖലയില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സ് നടത്തുന്ന ആളുടെ ബിനാമിയായി പ്രവര്‍ത്തിക്കുന്നയാളാണ് പുതിയതായി ഏരിയാ കമ്മിറ്റിയിലേക്ക് വന്നതെന്നും ഇത് ചിലരുടെ പ്രത്യേക താത്പര്യപ്രകാരമാണുണ്ടായതെന്നും ആക്ഷേപമുണ്ട്. ഇതിനെതിരെ പ്രവര്‍ത്തകരുടെ വികാരം ശക്തമാണ്. സംസ്ഥാന തലത്തില്‍ കൂടുതല്‍ കേഡര്‍മാരുള്ള നിലമ്പൂരില്‍ പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത വിഭാഗീയത സംസ്ഥാന, ജില്ലാ നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത്ര രൂക്ഷമാവുന്നത് ആദ്യമാണ്. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ താത്പര്യങ്ങള്‍ സംരക്ഷകരായി നേതൃത്വം മാറുന്നുവെന്നാണ് അണികളുടെ വിമര്‍ശനം.