ധോണിയുടെ ടെസ്റ്റ് കരിയറിലൂടെ…

Posted on: December 31, 2014 12:38 am | Last updated: December 31, 2014 at 12:38 am

DHONIടീമിന്റെ ആവശ്യം അറിഞ്ഞു പെരുമാറുന്ന താരമായിരുന്നു ധോണി. ടീം പ്രതിസന്ധിയിലാകുമ്പോള്‍ ധോണി തന്റെ മാസ്റ്റര്‍ക്ലാസ് ഇന്നിംഗ്‌സ് പുറത്തെടുക്കും. ഇത് തന്നെയാണ്, ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ധോണിയെ ഉയര്‍ത്തിയത്. അനില്‍ കുംബ്ലെ പരുക്കുമായി മുടന്തിയപ്പോള്‍, നായകസ്ഥാനത്തേക്ക് പകരക്കാരനായെത്തിയ ധോണി ഇന്ത്യക്ക് പരമ്പര ജയം സമ്മാനിച്ച് വിസ്മയിപ്പിച്ചു. ആസ്‌ത്രേലിയന്‍ മണ്ണില്‍ പരമ്പര തൂത്തുവാരിയ ഇന്ത്യയെ നയിച്ചതും ഈ റാഞ്ചിക്കാരന്‍ തന്നെ…..

2005, ഡിസംബര്‍ രണ്ട് : ചെന്നൈയില്‍ ശ്രീലങ്കക്കെതിരെ ധോണിയുടെ ടെസ്റ്റ് അരങ്ങേറ്റം. സൈക്ലോണ്‍ കാരണം 146.2 ഓവര്‍ മാത്രം കളിച്ച് ഉപേക്ഷിച്ച മത്സരത്തില്‍ 54 പന്തില്‍ 30 റണ്‍സാണ് ധോണി നേടിയത്. വിക്കറ്റിന് പിറകില്‍ ധോണിയുടെ ആദ്യ ക്യാച്ചും ഈ മത്സരത്തിലായിരുന്നു.

2005, ഡിസംബര്‍ 12: ഫിറോസ്ഷാ കോട്‌ലയില്‍ ലങ്കക്കെതിരെ രണ്ടാമിന്നിംഗ്‌സില്‍ ആദ്യ ടെസ്റ്റ് ഫിഫ്റ്റി. 51 പന്തില്‍ പുറത്താകാതെ 51 റണ്‍സ്. ഏഴാം വിക്കറ്റില്‍ യുവരാജിനൊപ്പം 104 റണ്‍സ് സഖ്യമുണ്ടാക്കിയ ധോണി ലങ്കയുടെ വിജയപ്രതീക്ഷക്ക് വിലങ്ങുതടിയായി. രണ്ട് ക്യാച്ചും ഒരു സ്റ്റമ്പിംഗുമായി ധോണി തിളങ്ങി.

2006, ജനുവര 23: പാക്കിസ്ഥാന്റെ 588 നെതിരെ ഇന്ത്യ ഒന്നാമിന്നിംഗ്‌സില്‍ 281ന് 5 എന്ന നിലയില്‍ തകര്‍ച്ചയില്‍. ശുഐബ് അക്തറിന് മുന്നില്‍ വിറച്ചു പോയ ബാറ്റിംഗ് നിരക്ക് കരുത്തേകിയത് ധോണിയുടെ അറ്റാക്കിംഗ് ആയിരുന്നു. 153 പന്തില്‍ 148 റണ്‍സടിച്ച ധോണി ഇന്ത്യക്ക് ഒന്നാമിന്നിംഗ്‌സില്‍ 603 റണ്‍സൊരുക്കി. പതിനഞ്ച് റണ്‍സിന്റെ ലീഡ്. ഫോളോ ഓണ്‍ ഭീഷണി നേരിട്ട ടീം ധോണിയുടെ മികവില്‍ ടെസ്റ്റ് സമനിലയാക്കി.

2007, ജുലൈ 23: ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്ക് വിജയസമാനമായ സമനിലയൊരുക്കി. 380 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഞ്ചിന് 145 എന്ന നിലയില്‍ തകര്‍ന്നു. 159 പന്തില്‍ പുറത്താകാതെ 76 റണ്‍സെടുത്ത ധോണി വീണ്ടും രക്ഷകനായി. ശ്രീശാന്തിനൊപ്പം അവസാന വിക്കറ്റില്‍ 19 റണ്‍സ് ചേര്‍ത്ത ധോണി, അവസാന വിക്കറ്റ് സംരക്ഷിച്ചു. 203 മിനുട്ട് ക്രീസില്‍ നിന്ന ധോണി ഇംഗ്ലണ്ടിന് ഉറപ്പായിരുന്ന ജയമാണ് നിഷേധിച്ചത്.

2008, ഏപ്രില്‍ 11: അനില്‍ കുംബ്ലെയുടെ അഭാവത്തില്‍ ധോണി ആദ്യമായി ടീമിനെ നയിച്ചു. കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ മൂന്ന് ദിവസം കൊണ്ട് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി !

2008, ഒക്‌ടോബര്‍ 21 : കുംബ്ലെക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് മൊഹാലിയില്‍ ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റില്‍ ധോണി നയിച്ചു. രണ്ടിന്നിംഗ്‌സിലുമായി 130 (92, 68 *) റണ്‍സടിച്ച ധോണി ആദ്യമായി മാന്‍ ഓഫ് ദ മാച്ച് പട്ടത്തിനുടമയായി. പരമ്പരയില്‍ ഇന്ത്യ 1-0ന് ലീഡെടുക്കുകയും ചെയ്തു.

2008, നവംബര്‍ ആറ്: കുംബ്ലെയുടെ വിരമിക്കലോടെ ധോണി ടീം ഇന്ത്യയുടെ നായകനായി. നാഗ്പൂരില്‍ ആസ്‌ത്രേലിയക്കെതിരെ രണ്ടാം ടെസ്റ്റില്‍ 172 റണ്‍സ് ജയം. പരമ്പര 2-0ന് സ്വന്തമാക്കിക്കൊണ്ട് ധോണിക്ക് സ്വപ്നസമാന തുടക്കം.

2008, ഡിസംബര്‍ 23: നായകനായ ശേഷം ധോണി ആദ്യ മുഴുനീള പരമ്പരക്കിറങ്ങിയത് ഇംഗ്ലണ്ടിനെതിരെ. 1-0ന് ഇന്ത്യയെ മുന്നിലെത്തിച്ചു. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് പരമ്പര മുടങ്ങി.

2009, ഏപ്രില്‍ 7: ന്യൂസിലാന്‍ഡ് പര്യടനത്തില്‍ വെല്ലിംഗ്ടണില്‍ മൂന്നാം ടെസ്റ്റ് സമനിലയാക്കിയതോടെ, 41 വര്‍ഷത്തിനിടെ ന്യൂസിലാന്‍ഡില്‍ ടെസ്റ്റ് പരമ്പര ജയിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റനായി ധോണി.

2009, ഡിസംബര്‍ ആറ്: ശ്രീലങ്കക്കെതിരെ 2-0ന് പരമ്പര ജയം. ഇന്ത്യ ആദ്യമായി ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക്. 726ന് ഒമ്പത് എന്ന കൂറ്റന്‍ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യക്കായി ക്യാപ്റ്റന്‍ 154 പന്തില്‍ പുറത്താകാതെ 100 റണ്‍സ് നേടി.

2010, ഫെബ്രുവരി 18: ഈഡന്‍ഗാര്‍ഡനില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്നിംഗ്‌സ് വിജയത്തോടെ ഇന്ത്യ ടെസ്റ്റിലെ ഒന്നാം റാങ്ക് നിലനിര്‍ത്തി. പരമ്പര സമനിലയാക്കിയ ഈ വിജയത്തില്‍ ധോണി സെഞ്ച്വറിയോടെ തിളങ്ങി. 187 പന്തില്‍ പുറത്താകാതെ 132.

2011, ജനുവരി ആറ്: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യ ആദ്യമായി ടെസ്റ്റ് പരമ്പര സമനിലയാക്കി ധോണിയുടെ ക്യാപ്റ്റന്‍സിയില്‍.

2011, ആഗസ്റ്റ് 22: ഇംഗ്ലണ്ടില്‍ പരമ്പര 4-0ന് പരാജയപ്പെട്ടു. ഇതോടെ, ഒന്നാം റാങ്കും നഷ്ടമായി.

2011, നവംബര്‍ 15: വെസ്റ്റിന്‍ഡീസിനെ ഇന്നിംഗ്‌സിനും പതിനഞ്ച് റണ്‍സിനും തോല്‍പ്പിച്ചു. ഒന്നാമിന്നിംഗ്‌സ് 631/7 ഡിക്ലയര്‍ ചെയ്ത ഇന്ത്യക്കായി ധോണി പുറത്താകാതെ 144 നേടി.

2012, ജനുവരി : കുറഞ്ഞ ഓവര്‍ റേറ്റ് നിരക്കിനെ തുടര്‍ന്ന് ധോണിക്ക് ആദ്യമായി ഒരു ടെസ്റ്റില്‍ വിലക്ക് വന്നു. പെര്‍ത്ത് ടെസ്റ്റിലായിരുന്നു ധോണി ഓവര്‍ റേറ്റ് പാലിക്കാതിരുന്നത്. പരമ്പര 3-0ന് ഇന്ത്യ തോറ്റു.

2012, ഡിസംബര്‍ 17: ക്യാപ്റ്റന്‍ ധോണിക്ക് വലിയ തിരിച്ചടിയേല്‍ക്കുന്നു. ഇംഗ്ലണ്ടിനോട് നാട്ടില്‍ 2-1ന് പരമ്പര തോറ്റു. 28 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ ഹോം ടെസ്റ്റ് പരമ്പര തോല്‍വിയായി ഇത്.

2013, ഫെബ്രുവരി 24: ചെന്നൈയില്‍ ആസ്‌ത്രേലിയക്കെതിരെ ധോണിക്ക് ഡബിള്‍ സെഞ്ച്വറി (224). ഒരു വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍ നേടുന്ന ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. കരിയറിലെ രണ്ടാമത്തേയും അവസാനത്തേയും മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ധോണിക്ക്.

2013, മാര്‍ച്ച് അഞ്ച്: ഹൈദരാബാദില്‍ ആസ്‌ത്രേലിയക്കെതിരെ ഇന്ത്യ ഇന്നിംഗ്‌സിനും 135 റണ്‍സിനും ജയിച്ചു. ഇതോടെ, 21 ടെസ്റ്റ് വിജയങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് ധോണി മറികടന്നു. ആസ്‌ത്രേലിയക്കെതിരെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വിജയം കൂടിയാണിത്.

2013, മാര്‍ച്ച് 24: ആസ്‌ത്രേലിയയില്‍ 4-0ന് പരമ്പര ജയം.

2013, ഡിസംബര്‍ 30: ദക്ഷിണാഫ്രിക്കയിലും പരമ്പര തോല്‍വി (1-0). വിദേശത്ത് ധോണിയുടെ നേതൃത്വത്തില്‍ തുടരെ മൂന്നാം പരമ്പര നഷ്ടം.

2014, ഫെബ്രുവരി: പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഇന്ത്യ ന്യൂസിലാന്‍ഡിനോട് പരമ്പര തോറ്റു. വിദേശത്ത് തുടരെ നാലാം തിരിച്ചടി.

2014, ജൂലൈ: 28 വര്‍ഷത്തിന് ശേഷം ലോര്‍ഡ്‌സില്‍ ഇന്ത്യക്ക് ടെസ്റ്റ് ജയം. ധോണിയുടെ കീഴില്‍ ഇന്ത്യ നേടുന്ന ഏറ്റവും പ്രശസ്തമായ ജയം.

2014, ആഗസ്റ്റ് 17: ഇംഗ്ലണ്ടിനെതിരെ ഓവല്‍ ടെസ്റ്റ് മൂന്ന് ദിനം കൊണ്ട് തോറ്റു. ഇതോടെ, പരമ്പര 3-1ന് കൈവിട്ടു. ലോര്‍ഡ്‌സ് ജയത്തോടെ നേടിയ ലീഡ് നഷ്ടമാക്കിയാണ് ഇന്ത്യ ധോണിയുടെ കീഴില്‍ വിദേശത്ത് തുടരെ അഞ്ചാം പരമ്പര തോല്‍വിയേറ്റത്.

2014, ഡിസംബര്‍ : മെല്‍ബണില്‍ ആസ്‌ത്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയാക്കിയ ധോണിക്ക് പരമ്പര തോല്‍വി ഒഴിവാക്കാന്‍ സാധിച്ചില്ല. വിദേശത്ത് തുടരെ ആറാം പരാജയമേറ്റ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.