Connect with us

Ongoing News

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഓസീസിന്‌

Published

|

Last Updated

മെല്‍ബണ്‍: മെല്‍ബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതോടെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ആസ്‌ത്രേലിയക്ക് സ്വന്തം. നാല് മത്സരങ്ങളുടെ പരമ്പര ആസ്‌ത്രേലിയ 2-0ന് മുന്നിലെത്തിയാണ് ഇന്ത്യന്‍ സാധ്യതകള്‍ അവസാനിപ്പിച്ചത്. പരമ്പരയിലെ നാലാം ടെസ്റ്റ് ജനുവരി ആറിന് സിഡ്‌നിയില്‍ തുടങ്ങും. ഓസീസിനായി രണ്ട് ഇന്നിംഗ്‌സിലൂടെ ആറ് വിക്കറ്റ് വീഴ്ത്തുകയും ആദ്യ ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറി (74) നേടുകയും ചെയ്ത റയാന്‍ ഹാരിസ് മാന്‍ ഓഫ് ദ മാച്ചായി.
സ്‌കോര്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് 530, രണ്ടാം ഇന്നിംഗ്‌സ് 318/9 ഡിക്ലയേര്‍ഡ്. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 465. രണ്ടാം ഇന്നിംഗ്‌സ് 174/6.
പതിനേഴ് വര്‍ഷത്തിന് ശേഷമാണ് മെല്‍ബണില്‍ ഒരു ടെസ്റ്റ് സമനിലയില്‍ അവസാനിക്കുന്നത്. 1997-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റാണ് ഇതിന് മുന്‍പ് സമനിലയില്‍ കലാശിച്ചത്.
സമനിലക്ക് വേണ്ടി തന്നെയാണ് ഓസീസ് കളിച്ചത്. ഡിക്ലറേഷന്‍ വൈകിപ്പിക്കാനുള്ള സ്റ്റീവ് സ്മിത്തിന്റെ തീരുമാനം തന്നെ പരാജയം ഒഴിവാക്കാനായിരുന്നു. നാലാം ദിനം അവസാനിക്കുമ്പോള്‍ ലീഡ് 326 ഉണ്ടായിരുന്നിട്ടും അവസാന ദിനം ഉച്ചഭക്ഷണം വരെ അവര്‍ ബാറ്റ് ചെയ്തു. ഫോം മങ്ങിയിരുന്ന ഷോണ്‍ മാര്‍ഷ് 99 റണ്‍സില്‍ ഇല്ലാത്ത റണ്ണിന് ഓടി പുറത്തായത് ഓസീസിന് തിരിച്ചടിയായി. ഉച്ചഭക്ഷണത്തോടെ 318/9 എന്ന നിലയില്‍ ക്യാപ്റ്റന്‍ സ്മിത്ത് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. ഇന്ത്യയ്ക്ക് 71 ഓവറില്‍ 384 റണ്‍സ് വിജയലക്ഷ്യം.
അപ്രാപ്യമായ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടമായി. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് ധവാന്‍ റയാന്‍ ഹാരിസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അരങ്ങേറ്റക്കാരന്‍ ലോകേഷ് രാഹുലിനെ മൂന്നാം നമ്പറില്‍ ഇറക്കി നടത്തിയ പരീക്ഷണവും പരാജയപ്പെട്ടു. ഒരു റണ്‍ നേടി ജോണ്‍സണ് മുന്നില്‍ വീണ രാഹുലിന് മറക്കാന്‍ ആഗ്രഹിക്കുന്ന അരങ്ങേറ്റമായി മെല്‍ബണിലേത്. അംപയറുടെ തെറ്റായ തീരുമാനത്തില്‍ മുരളി വിജയ് (11) കൂടി മടങ്ങിയതോടെ ഇന്ത്യ 19/3 എന്ന നിലയിലായി.
എന്നാല്‍ ആദ്യ ഇന്നിംഗ്‌സിലെ സെഞ്ചുറി വീരന്മാര്‍ നാലാം വിക്കറ്റില്‍ ഒരുമിച്ചതോടെ ഇന്ത്യക്ക് പുത്തന്‍ ഊര്‍ജം ലഭിച്ചു. കോഹ്‌ലി-രഹാനെ സഖ്യം ഓസീസ് ബൗളര്‍മാരെ അനായാസം നേരിട്ടു. ചായയ്ക്ക് മുന്‍പ് അര്‍ധ സെഞ്ചുറി നേടിയ കോഹ്‌ലി ചായ്ക്ക് ശേഷമുള്ള ആദ്യ പന്തില്‍ പുറത്തായി. 54 റണ്‍സ് നേടിയ കോഹ്‌ലിയെ ഹാരിസാണ് മടക്കിയത്. പിന്നാലെ എത്തിയ പൂജാര രഹാനയ്‌ക്കൊപ്പം ഉറച്ചു നിന്നെങ്കിലും ജോണ്‍സന്റെ മനോഹരമായ ഒരു പന്തില്‍ വിക്കറ്റ് തെറിച്ചു. 21 റണ്‍സായിരുന്നു പൂജാര നേടിയത്.

Latest