Connect with us

National

ആമസോണിനെതിരെ ഉടനെ നടപടി വേണ്ടെന്ന് ഹൈക്കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: എ എസ് സി ഐ (അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ) നിയമ പ്രകാരം ആമസോണിനെതിരെ അടുത്ത അഞ്ചാം തീയതി വരെ നടപടിയെടുക്കരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് ഡല്‍ഹി ഹൈക്കോടതി. “ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയില്‍ സ്റ്റോര്‍” എന്ന് അവകാശപ്പെടുന്ന പരസ്യം പിന്‍വലിക്കുകയോ പരിഷ്‌കരിക്കുകയോ വേണമെന്ന് ഇ കൊമേഴ്‌സ് സൈറ്റായ ആമസോണിന് എ എസ് സി ഐ നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ 18 ാം തീയതിയിലെ പരസ്യത്തിനെതിരെ കൗണ്‍സിലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ആമസോണ്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് വിഭു ബഖ്രു, കേന്ദ്രത്തിനും എ എസ് സി ഐക്കും നോട്ടീസ് നല്‍കിയത്. നോട്ടീസിന് അടുത്ത അഞ്ചാം തീയതിക്കകം മറുപടി നല്‍കണം. അച്ചടി, ഇന്റര്‍നെറ്റ് അടക്കം എല്ലാ മാധ്യമങ്ങളില്‍ നിന്നും അടുത്ത രണ്ടാം തീയതിക്കകം പരസ്യം പിന്‍വലിക്കണമെന്ന് ആമസോണിന് എ എസ് സി ഐ നിര്‍ദേശം നല്‍കിയിരുന്നു. അച്ചടി മാധ്യമങ്ങളിലാണ് പരസ്യം പ്രസിദ്ധീകരിച്ചത് എന്നതിനാല്‍ നടപടി സ്വീകരിക്കാന്‍ എ എസ് സി ഐക്ക് അധികാരമില്ലെന്ന് കാണിച്ചാണ് ആമസോണ്‍ കോടതിയെ സമീപിച്ചത്. നിര്‍ദേശം നല്‍കുന്നതിന് മുമ്പ് എ എസ് സി ഐ ആ പരസ്യം കൈമാറാന്‍ നിര്‍ദേശിച്ചെങ്കിലും കമ്പനി നല്‍കിയില്ലെന്ന് കേന്ദ്രവും കോടതിയില്‍ നിലപാട് സ്വീകരിച്ചു. ഈ വാദമാണ് ആമസോണ്‍ എതിര്‍ക്കുന്നത്.