ജമ്മു കാശ്മീര്‍: വിശാല സഖ്യം ജനാധിപത്യവിരുദ്ധം- ബി ജെ പി

Posted on: December 31, 2014 12:15 am | Last updated: December 30, 2014 at 11:18 pm

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപവത്കരണം അനിശ്ചിതമായി തുടരുന്നതിനിടെ രണ്ടംഗ ബി ജെ പി പ്രതിനിധി സംഘം ഗവര്‍ണര്‍ എന്‍ എന്‍ വോറയെ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച ബി ജെ പിയുടെ കാഴ്ചപ്പാട് നാളെ ഔപചാരികമായി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. നാഷനല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് എന്നിവയുമായി വിശാല സഖ്യത്തെക്കുറിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പി ഡി പി സൂചന നല്‍കിയതിന് പിറകേയാണ് ബി ജെ പി ഗവര്‍ണറെ കണ്ടത് എന്നത് ശ്രദ്ധേയമാണ്.
ഇന്നലെ നടന്ന കൂടിക്കാഴ്ച സര്‍ക്കാര്‍ രൂപവത്കരണത്തിന്റെ ആദ്യപടിയാണെന്നും വ്യാഴാഴ്ചയോടെ അന്തിമ രൂപമാകുമെന്നും ഗവര്‍ണറെ കണ്ട ശേഷം ബി ജെ പി സംസ്ഥാന മേധാവി ജുഗല്‍ കിശോര്‍ ശര്‍മയും ജനറല്‍ സെക്രട്ടറി രാം മാധവും പറഞ്ഞു. മഹാസഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന വാര്‍ത്തയെക്കുറിച്ച് ചോദിച്ചപ്പോള്‍ അത്തരം ഒരു നീക്കത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു ശര്‍മയുടെ മറുപടി. ഇനി അത്തരമൊരു സഖ്യം വരികയാണെങ്കില്‍ അത് ജനങ്ങളോടുള്ള വഞ്ചനയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ വോട്ട് വിഹിതം നേടിയ ബി ജെ പിയെ പുറത്ത് നിര്‍ത്തി വരുന്ന സര്‍ക്കാര്‍ ജനാഭിലാഷത്തിന് എതിരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി ഡി പിയുമായുള്ള ചര്‍ച്ച തുടരുകയാണ്. അവരുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കാന്‍ ബി ജെ പി സന്നദ്ധമാണ്. ഇത് ഒരു സാധ്യതയാണ്. വേറെയും സാധ്യതകള്‍ ആരായും. ബി ജെ പിക്ക് മാത്രമേ സംസ്ഥാനത്ത് സുസ്ഥിര സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധിക്കുകയുള്ളൂ. പാര്‍ട്ടി തിരക്ക് കൂട്ടില്ല. എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പി ഡി പി, കോണ്‍ഗ്രസ്, എന്‍ സി സഖ്യം രൂപപ്പെടുന്നതില്‍ ബി ജെ പി കടുത്ത അതൃപ്തിയുണ്ടെന്നും അതിനെതിരെയുള്ള നീക്കം ശക്തമാക്കുമെന്നുമുള്ള സൂചനയാണ് ഇന്നലത്തെ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച. 87 അംഗ സഭയില്‍ പി ഡി പിക്ക് 28ഉം ബി ജെ പിക്ക് 25ഉം സീറ്റുകളാണ് ഉള്ളത്. നാഷനല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12ഉം സീറ്റുകളാണ് ഉള്ളത്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ 44 അംഗങ്ങളുടെ പിന്തുണ വേണം. ഗവര്‍ണര്‍ എന്‍ എന്‍ വോറ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചു പി ഡി പിക്കും ബി ജെ പിക്കും വെവ്വേറെ കത്തുകള്‍ നേത്തെ കൈമാറിയിയിരുന്നു. നിലവിലുള്ള നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് ജനുവരി 16നാണ്.