Connect with us

Kerala

ജില്ലാ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം; വി എസും പാര്‍ട്ടിയും നേര്‍ക്കുനേര്‍

Published

|

Last Updated

തിരുവനന്തപുരം: ജില്ലാസമ്മേളനങ്ങള്‍ നാളെ തുടങ്ങാനിരിക്കെ പാര്‍ട്ടിക്കുള്ളില്‍ വി എസ് അച്യുതാനന്ദന്‍ പുതിയ പോര്‍മുഖം തുറന്നു. തിരുത്തണമെന്ന് വി എസിന് കര്‍ശന താക്കീത് നല്‍കി സംസ്ഥാന സെക്രട്ടേറിയറ്റും നിലപാടെടുത്തതോടെ സി പി എം രാഷ്ട്രീയം വീണ്ടും കലുഷിതമാകുന്നു. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് പിന്നില്‍ ആരെന്ന തര്‍ക്കമാണ് വിഭാഗീയതയുടെ പുതിയ ഇന്ധനം. സംസ്ഥാനസമ്മേളനത്തിന് വേദിയാകുന്ന ആലപ്പുഴ കേന്ദ്രീകരിച്ച് തന്നെയാണ് ഈ പടയൊരുക്കമെന്നതും സി പി എം രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകം. ആദ്യ ജില്ലാസമ്മേളനവും ഇവിടെയാണ്.

സമ്മേളനങ്ങളിലെ ചര്‍ച്ചകളുടെ ദിശ നിശ്ചയിക്കാനാണ് വി എസിന്റെ നീക്കമെന്ന ബോധ്യം തന്നെയാണ് ശക്തമായ പ്രതികരണത്തിലൂടെ സംസ്ഥാനനേതൃത്വം നല്‍കിയത്. നിലപാട് തിരുത്തണമെന്ന് വി എസിനോട് ആവശ്യപ്പെട്ട സി പി എം, ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തു. സംസ്ഥാന നേതൃത്വത്തിലും ആറ് ജില്ലാഘടകങ്ങളിലും സെക്രട്ടറിമാര്‍ മാറുമെന്നത് മുന്‍കൂട്ടി കണ്ടാണ് വി എസിന്റെ നീക്കമെന്ന ബോധ്യമുള്ളതിനാല്‍ ശക്തമായി നേരിടാന്‍ തന്നെയാണ് ഔദ്യോഗിക നേതൃത്വത്തിന്റെ തീരുമാനം.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ അറസ്റ്റിലായവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന നിലപാടാണ് വി എസിന്. പ്രതിചേര്‍ത്തവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെയും അദ്ദേഹം ശക്തമായി എതിര്‍ത്തു. കോണ്‍ഗ്രസുകാരാണ് സംഭവത്തിന് പിന്നിലെന്നും രമേശ് ചെന്നിത്തലയുടെ ഗൂഢാലോചനയാണ് അറസ്റ്റിന് പിന്നിലെന്നുമാണ് വി എസ് കഴിഞ്ഞദിവസം വരെ വാദിച്ചിരുന്നത്. ഒരു പടി കൂടി കടന്ന് പാര്‍ട്ടിയിലെ ഒറ്റുകാരാണ് സ്മാരകം തകര്‍ത്തതിന് പിന്നിലെന്ന, ഇന്നലെ നടത്തിയ പ്രസ്താവനയാണ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്.
ആലപ്പുഴ ജില്ലാകമ്മിറ്റിയംഗം കൂടിയായ ടി കെ പളനിയെയാണ് വി എസ് പ്രധാനമായും ലക്ഷ്യമിട്ടത്. മാരാരിക്കുളത്ത് തന്നെ തോല്‍പ്പിച്ചത് പാര്‍ട്ടിയിലെ ഒറ്റുകാരായിരുന്നു. ടി കെ പളനിയുടെ നേതൃത്വത്തിലാണ് തന്നെ ഒറ്റിക്കൊടുത്തതെന്ന് ചടയന്‍ ഗോവിന്ദന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി കണ്ടെത്തിയിരുന്നു. ഈ സംഭവത്തിന് പിന്നിലും പളനിക്ക് പങ്കുണ്ട്. ഇപ്പോള്‍ സ്വീകരിച്ച അച്ചടക്ക നടപടി സംസ്ഥാന കമ്മിറ്റി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വി എസ് വ്യക്തമാക്കി.
വി എസിന്റെ പ്രസ്താവന മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. പാര്‍ട്ടി നിലപാടിനോട് യോജിക്കാതെ വി എസ് പരസ്യമായി പ്രതികരിച്ചത് ശരിയായില്ലെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയാക്കപ്പെട്ട ലതീഷ്ചന്ദ്രനെ മഹത്വവത്കരിച്ച വി എസ്, പോലീസ് റിപ്പോര്‍ട്ട് പാര്‍ട്ടി അവജ്ഞയോടെ തള്ളിക്കളയണമായിരുന്നു എന്നാണ് പ്രസ്താവിച്ചത്.
കമ്യൂണിസ്റ്റ് വിരുദ്ധ വികാരത്തോടെ ജീവിക്കുന്ന ലതീഷ്ചന്ദ്രനെ വി എസ് അറിയാത്തതല്ലെന്നും ജീവിച്ചിരിക്കുന്ന പാര്‍ട്ടി നേതാക്കളുടെ കോലം കത്തിക്കാന്‍ പരസ്യമായി തയ്യാറായ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് നേരത്തെ പുറത്താക്കിയതാണെന്നും പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
പാര്‍ട്ടി വിരുദ്ധ വികാരത്തിനപ്പുറം പാര്‍ട്ടിയോട് ശത്രുതാമനോഭാവം കൂടി ലതീഷ്ചന്ദ്രനില്‍ നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടിയെ തകര്‍ക്കാനുള്ള പരസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ലതീഷ്ചന്ദ്രനെ വി എസ് മുഖ്യമന്ത്രിയായിരിക്കെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഒഴിവാക്കണമെന്ന് ആലപ്പുഴ ജില്ലാ ഘടകം നിരന്തരം ആവശ്യപ്പെട്ടിട്ടും ലതീഷ്ചന്ദ്രന്‍ സ്റ്റാഫില്‍ തുടര്‍ന്നത് വി എസിന്റെ പ്രത്യേക മനോഭാവം കാരണമായിരുന്നു. അതേ മനോഭാവം തന്നെയാണ് കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ ലതീഷ്ചന്ദ്രനടക്കമുള്ളവരുടെ കാര്യത്തില്‍ വി എസ് തുടരുന്നത്. വി എസ് അച്യുതാനന്ദന്റെ തെറ്റായ ഈ നിലപാട് പാര്‍ട്ടിക്ക് അംഗീകരിക്കാനാകില്ലെന്നും ശരിയായ നിലപാട് സ്വീകരിക്കണമെന്നും സി പി എം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഏരിയാസമ്മേളനങ്ങള്‍ പൂര്‍ത്തിയായി ജില്ലാസമ്മേളനങ്ങളിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് വി എസിന്റെ രംഗപ്രവേശമെന്നത് ശ്രദ്ധേയമാണ്. മൂന്ന് ടേം പൂര്‍ത്തീകരിച്ച അഞ്ച് ജില്ലകളില്‍ പുതിയ സെക്രട്ടറിമാര്‍ വരുമെന്നുറപ്പാണ്. പിണറായി വിജയന്‍ സെക്രട്ടറി പദം ഒഴിയുമെന്നതും ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്. കൊല്ലം ജില്ലസെക്രട്ടറി കെ രാജഗോപാല്‍, പത്തനംതിട്ടയില്‍ എ അനന്തഗോപന്‍, ഇടുക്കിയില്‍ എം എം മണി, കോഴിക്കോട് ടി പി രാമകൃഷ്ണന്‍, കോട്ടയത്ത് കെ ജെ തോമസ് തുടങ്ങിയവരാണ് മൂന്ന് ടേം പൂര്‍ത്തീകരിച്ചവര്‍.

---- facebook comment plugin here -----

Latest