സംസ്ഥാന കേരളോത്സവം ;കലാമത്സരങ്ങളില്‍ കണ്ണൂര്‍, തിരുവനന്തപരം ഓവറോള്‍ ചാമ്പ്യന്‍മാര്‍

Posted on: December 31, 2014 5:42 am | Last updated: December 30, 2014 at 10:47 pm

logoker14തിരുവനന്തപുരം: 27 ാമത് സംസ്ഥാന കേരളോത്സവം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരം ജില്ലക്ക്. കലാ- കായിക മത്സരങ്ങളില്‍ 306 പോയിന്റുകള്‍ വാരിക്കൂട്ടി മറ്റ് ജില്ലകളെ ബഹുദൂരം പിന്നിലാക്കിയാണ് തലസ്ഥാന ജില്ല ജേതാക്കളായത്. 212 പോയിന്റുകളോടെ കണ്ണൂര്‍ ജില്ലയും 200 പോയിന്റുകളോടെ കോഴിക്കോടും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കലാതിലകമായി എറണാകുളം ജില്ലയുടെ ദേവികാസതീഷും കലാപ്രതിഭയായി കോഴിക്കോട് ജില്ലയുടെ പി അനൂപ്കുമാറും തിരഞ്ഞെടുക്കപ്പെട്ടു. കലാമത്സരങ്ങളില്‍ 83 പോയിന്റുകളുമായി കണ്ണൂര്‍ ജില്ലയാണ് ഒന്നാം സ്ഥാനത്ത്.

അരുവിക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കേരളോത്സവം സമാപന സമ്മേളനത്തില്‍ ജേതാക്കള്‍ക്കുള്ള സമ്മാനങ്ങള്‍ യുവജനക്ഷേമ കാര്യ മന്ത്രി പി കെ ജയലക്ഷ്മി വിതരണം ചെയ്തു. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി എസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. കായിക മത്സരങ്ങളിലെ വ്യക്തമായ ലീഡാണ് തിരുവനന്തപുരം ജില്ലക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്തത്.
അവസാന ദിനത്തില്‍ നടന്ന മിമിക്രിയില്‍ തിരുവനന്തപുരത്തിന്റെ ഷൈജു എസ് ഒന്നാം സ്ഥാനവും തൃശൂരിന്റെ വൈഷ്ണവ് കെ എസ് പണിക്കറിന് രണ്ടാം സ്ഥാനവും കോഴിക്കോടിന്റെ അനുപം ജയ്‌സിന് മൂന്നാം സ്ഥാനവും കിട്ടി. വള്ളംകളിയില്‍ ഒന്നും മൂന്നും സ്ഥാനങ്ങള്‍ പാലക്കാടിനും കോഴിക്കോടിനുമാണ്. രണ്ടാം സ്ഥാനം കോട്ടയത്തിനാണ്.
കഥാപ്രസംഗത്തില്‍ തെക്കന്‍ ജില്ലകളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്കായിരുന്നു മുന്നേറ്റം. കൊല്ലത്ത് നിന്നുള്ള റാണിമോനച്ചന്‍ ഒന്നാം സ്ഥാനവും കോട്ടയത്തു നിന്നുള്ള മിധുതെരേസ മാത്യു രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തിരുവനന്തപുരത്തു നിന്നുള്ള സംഗീത ജെ പി, കണ്ണൂര്‍ നിന്നുള്ള ജയശ്രി ഇ എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. ഭാവാഭിനയത്തിന്റെ മുഴുവന്‍ മാസ്മരികതയും ആവാഹിച്ചു പെണ്‍കുട്ടികള്‍ വേദി കൈയടക്കിയപ്പോള്‍ കണ്ണൂരിന്റെ ഷിഫിന ബിബിന് ഒന്നാം സ്ഥാനവും പത്തനംതിട്ടയിലെ അങ്കിതക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. മൂന്നാം സ്ഥാനത്തിന് ഇടുക്കിയില്‍ നിന്നുള്ള ചിഞ്ചു കാതറിന്‍ റോയിയും പാലക്കാടിന്റെ കീര്‍ത്തി പി കെ യും അര്‍ഹരായി. സംഘഗാന മത്സരത്തില്‍ തൃശൂരിന് ഒന്നാം സ്ഥാനവും തിരുവനന്തപുരത്തിന് രണ്ടാം സ്ഥാനവും പത്തനംതിട്ടക്കും കണ്ണൂരിനും മൂന്നാം സ്ഥാനവും ലഭിച്ചു. കഥാരചനയില്‍ തിരുവനന്തപുരത്തിന്റെ ഗിരിശങ്കറിന് ഒന്നാം സ്ഥാനവും തൃശ്ശൂരിന്റെ ശ്യാംലാല്‍ എം എസിന് രണ്ടാം സ്ഥാനവും മലപ്പുറത്തിന്റെ വൈശാഖ് എം പിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
വട്ടപ്പാട്ടില്‍ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള കലാകാരന്‍മാര്‍ക്കായിരുന്നു ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍. മലപ്പുറം ഒന്നാമതെത്തിയപ്പോള്‍ വയനാടിനും കാസര്‍കോടിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഉപന്യാസ രചനയില്‍ മലപ്പുറത്തിന്റെ ചന്ദ്രന്‍ എം പി ഒന്നാം സ്ഥാനം നേടിയപ്പോള്‍ കോഴിക്കോടിന്റെ സുനില്‍ കെ പിക്ക് രണ്ടാം സ്ഥാനവും കൊല്ലത്തിന്റെ കീര്‍ത്തന സന്തോഷിന് മൂന്നാം സ്ഥാനവും ലഭിച്ചു. കവിതാ രചനയില്‍ കണ്ണൂരിന്റെ നിപിന്‍ നാരായണന്‍ ഒന്നാമതെത്തിയപ്പോള്‍ മലപ്പുറത്തിന്റെ വൈശാഖ് എം പി രണ്ടാം സ്ഥാനവും തൃശൂരിന്റെ രതീഷ് ടി കെ മൂന്നാം സ്ഥാനവും നേടി. മൂകാഭിനയത്തിലും വടക്കന്‍ ജില്ലകള്‍ക്ക് തന്നെയാണ് മേധാവിത്വം.