പ്രകൃതിവിരുദ്ധ പീഡനം;പള്ളിവികാരിയെ കൈകാര്യം ചെയ്തു

Posted on: December 30, 2014 11:46 pm | Last updated: December 30, 2014 at 11:46 pm

കൊച്ചി: കൗമാര പ്രായക്കാരെ പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കിയ പള്ളിവികാരിയെ രക്ഷിതാക്കള്‍ കൈകാര്യം ചെയ്തു. കലൂരിലെ പ്രമുഖപള്ളിയിലാണ് സംഭവം. ഇതേ തുടര്‍ന്ന് വികാരി ഒരാഴ്ചയായി മുങ്ങിയിരിക്കുകയാണ്. ശനിയാഴ്ചകളില്‍ പള്ളിയിലെ സണ്‍ഡേ കഌസുകളിലെത്തുന്ന കുട്ടികളില്‍ ചിലരെയാണ് വികാരി ലൈംഗികകമായി ചൂഷണം ചെയ്തത്.
നിരന്തരം പീഢനത്തിനിരയായ ഒരു കുട്ടി വീട്ടില്‍ അസ്വസ്ഥത കാണിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിശദമായി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് വികാരിയച്ചന്റെ ചെയ്തികളെക്കുറിച്ച് കുട്ടി പറയുന്നത്. പീഡനത്തിനിരയായ മറ്റ് കുട്ടികളുടെ രക്ഷിതാക്കളെയും ഇവര്‍ വിവരമറിയിച്ചു. ഇതേ തുടര്‍ന്ന് മൂന്നു രക്ഷിതാക്കള്‍ പ്രമുഖരാഷ്ട്രീയ പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ കൂട്ടി അരമനയില്‍ ചെന്നാണ് അഛനെ കൈകാര്യം ചെയ്തത്. അഛനെതിരെ അതിരൂപതാ അധികൃതര്‍ക്ക് കത്തോലിക്കാ അസോസിയേഷനും മൂന്ന് രക്ഷിതാക്കളും പരാതി നല്‍കി. പരാതി ഒത്തുതീര്‍ക്കാന്‍ അതിരൂപതയില്‍ നിന്ന് കുട്ടികളുടെ വീടുകളിലെത്തി ചര്‍ച്ചകള്‍നടത്തിയെങ്കിലും വിട്ടുവീഴ്ചയ്ക്ക് ഇവര്‍ തയ്യാറായില്ല. എന്നാല്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.