പാലക്കാട്: മാവോയിസ്റ്റുകളെ സൈനികമായി നേരിടുന്നത് ആദിവാസി സമൂഹത്തിന് പ്രത്യാഘാതമുണ്ടാക്കുമെന്ന് ട്രൈബല്‍ മന്ത്രാലയത്തിലെ ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട്. പിന്നാക്ക മേഖലയില്‍ അടിസ്ഥാന സൗകര്യവികസനം കുറ്റമറ്റതാക്കിയാലേ മാവോയിസ്റ്റ് ഭീഷണിക്ക് പരിഹാരമാകുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രൊഫ. വിജിയസ് സാസ ചെയര്‍മാനായ ഏഴംഗ ഉന്നതല സമിതിയുടെ റിപ്പോര്‍ട്ടിലാണ് മാവോയിസ്റ്റുകളെ സൈനികമായി നേരിടുന്നത് പ്രയോഗികമല്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്. മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ച ഒമ്പത് സംസ്ഥാനങ്ങളില്‍ ആറിലെയും 83 ജില്ലകള്‍ ആദിവാസി മേഖലയാണ്. പിന്നാക്ക വിഭാഗം അരക്ഷിതാവസ്ഥ നേരിടുന്ന സ്ഥലങ്ങളിലാണ് ഇത്തരം ഗ്രൂപ്പുകള്‍ സജീവം. ഇത് തടയുന്നതിന് അടിസ്ഥാന സൗകര്യ വികസനം കുറ്റമറ്റതാക്കുകയാണ് നിലവിലെ സാഹചര്യത്തില്‍ ആവശ്യം. ആദിവാസി മേഖലയില്‍ കുടിവെള്ളം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, നടപ്പാത, വൈദ്യുതി വരുമാനദായകമായ പദ്ധതികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. സൈനിക നീക്കം ഇപ്പോഴത്തെ അവസ്ഥയേക്കാള്‍ ആദിവാസികളുടെ ജീവിത നിലവാരം പിറകോട്ടടിക്കാനേ ഉപകരിക്കുകയൂള്ളൂ. ഖനന ലോബികള്‍ ഉള്‍പ്പെടെ ആദിവാസി മേഖലയിലേക്ക് നുഴഞ്ഞ് കയറുകയും തത്ഫലമായി കൈവശഭൂമിയില്‍ നിന്ന് തന്നെ ആദിവാസികള്‍ നിഷ്‌കാസിതരാകുകയുമാണ് ചെയ്യുന്നത്. വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്കുള്ള ഭൂമി വിതരണം അട്ടിമറിച്ചതുള്‍പ്പെടെയുള്ള കാരണങ്ങളും ഇതില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് തടയാന്‍ ശാശ്വതമായ നടപടിക്കൊപ്പം ആദിവാസികളുള്‍പ്പെടുന്ന പട്ടിക വിഭാഗത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തിയാലേ മാവോയിസ്റ്റുകളില്‍ നിന്ന് ആദിവാസി ഊരുകള്‍ക്ക് മോചനമാകുകയുള്ളൂ. കേരളത്തിലും മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും സൈനികനീക്കം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ട്രൈബല്‍ മന്ത്രാലയം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതേസമയം സംസ്ഥാനത്ത് സായുധ വിപ്ലവത്തിന് സമയമായെന്ന് മാവോയിസ്റ്റുകള്‍ വിശ്വസിക്കുന്നുണ്ടെന്നും, തുടര്‍ സംഭവങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമെന്നും പഴയകാല നക്‌സല്‍ നേതാവ് മുണ്ടൂര്‍ രാവുണ്ണി അഭിപ്രായപ്പെട്ടു. പാലക്കാടും അട്ടപ്പാടിയിലുമുണ്ടായ അക്രമസംഭവങ്ങളുടെ പുറകില്‍ മാവോയിസ്റ്റ് സംഘടനകളാണെന്നും നിലവില്‍ പിടിയിലായവര്‍ യഥാര്‍ഥ പ്രതികളാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ സംസ്ഥാനത്ത് അടിസ്ഥാനവര്‍ഗങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യധാരയിലെത്തിക്കാന്‍ ആളില്ലാത്തതിനാലാണ് മാവോയിസ്റ്റുകള്‍ ശക്തിപ്പെടാന്‍ കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.