കെ എസ് ആര്‍ ടി സി ടൗണ്‍ ടു ടൗണ്‍ സര്‍വീസ് നിര്‍ത്തലാക്കുന്നു

Posted on: December 30, 2014 10:12 am | Last updated: December 30, 2014 at 10:12 am

കൊടുവള്ളി: 2004ല്‍ ആരംഭിച്ച കെ എസ് ആര്‍ ടി സിയുടെ ടൗണ്‍ ടു ടൗണ്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ ആലോചന തുടങ്ങി. ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്ന കാര്യവും ഗൗരവമായി പരിഗണനയിലുണ്ട്. ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വീസുകള്‍ കെ എസ് ആര്‍ ടി സിക്ക് മാത്രമായി നല്‍കിയ കോടതി വിധിയെ തുടര്‍ന്നാണ് ടി ടി ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം തുടങ്ങിയത്.

41ലധികം ബസുകള്‍ സ്വന്തമായുള്ള കമ്പനികള്‍ക്ക് മാത്രമേ ഇനി സ്വകാര്യ മേഖലയില്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ നടത്താനാകൂ. ഇതുസംബന്ധമായി മന്ത്രി, മാനേജിംഗ് ഡയറക്ടര്‍ തുടങ്ങിയ ഉന്നതാധികൃതര്‍ യൂനിറ്റ് അധികാരികളുടെ അഭിപ്രായം തേടിയിട്ടുണ്ട്.
2015 ഏപ്രില്‍ ഒന്ന് മുതല്‍ക്കാണ് ടി ടി ബസുകള്‍ നിര്‍ത്തി പകരം ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുന്നത്. ടി ടി സര്‍വീസിനേക്കാള്‍ ഫാസ്റ്റ് പാസഞ്ചറില്‍ യാത്രാനിരക്ക് കൂടുതലാണ്. ഇത് കെ എസ് ആര്‍ ടി സിയുടെ കലക്ഷന്‍ വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് അധികൃതരുടെ ന്യായം. മുമ്പ് കെ എസ് ആര്‍ ടി സി ലോക്കല്‍ സര്‍വീസുകളുള്ള പല റൂട്ടുകളിലും ടി ടി, എല്‍ എസ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുകയായിരുന്നു.