ആറന്‍മുള: പാരിസ്ഥിതിക അനുമതി നേടിയെടുക്കാന്‍ കെ ജി എസ് ശ്രമം

Posted on: December 30, 2014 4:37 am | Last updated: December 29, 2014 at 11:38 pm

Aranmula-Runwayതിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി തേടി കെ ജി എസ് ഗ്രൂപ്പ് പുതിയ അപേക്ഷ നല്‍കി. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അനുമതി ഹരിതട്രൈബ്യൂണലും സുപ്രീം കോടതിയും റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ അപേക്ഷയുമായി കേന്ദ്ര സര്‍ക്കാറിനെ കെ ജി എസ് സമീപിച്ചത്. കഴിഞ്ഞ 24ന് സമര്‍പ്പിച്ച അപേക്ഷയില്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്. കേരളത്തിലെ ബി ജെ പിയും ആര്‍ എസ് എസും ശക്തമായി എതിര്‍ക്കുന്ന പദ്ധതിയാണ് നിര്‍ദിഷ്ട ആറന്മുള വിമാനത്താവളം. വ്യോമയാന മേഖലയില്‍ നടത്തിയ പുതിയ നിയമങ്ങള്‍ കെ ജി എസിന് അനുകൂലമാകുമെന്നാണ് കരുതുന്നത്. വിമാനത്താവളങ്ങള്‍ തമ്മിലുള്ള ദൂരപരിധി 150 കിലോമീറ്റര്‍ വേണമെന്നുള്ള നിയമം റദ്ദാക്കിയത് കെ ജി എസിന് അനുകൂലമായിട്ടുണ്ട്. ന്യൂ മുംബൈ, നോയിഡ എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന വിമാനത്താവളങ്ങളുടെ പേരിലാണ് ദൂരപരിധി നിയമം ഒഴിവാക്കിയതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം പറഞ്ഞിരുന്നുവെങ്കിലും രാജ്യത്ത് കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുകയെന്നതാണ് നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് ഇരുനൂറ് വിമാനത്താവളങ്ങള്‍ നിര്‍മിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനം.

പ്രതിവര്‍ഷം മൂന്ന് കോടി മലയാളികള്‍ വിമാനയാത്ര നടത്തുന്നുവെന്നും ആറ് കോടി ഭക്തര്‍ ശബരിമലയിലെത്തുന്നുവെന്നും പദ്ധതി കൊണ്ട് ഇവര്‍ക്ക് വലിയ ഗുണം ലഭിക്കുമെന്നും അപേക്ഷയില്‍ കെ ജി എസ് ഗ്രൂപ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറുമായി ചേര്‍ന്നുള്ള സംയോജിത സംരംഭം എന്ന നിലയിലാണ് പദ്ധതി അവതരിപ്പിക്കുന്നത്. 490 ഏക്കര്‍ സ്ഥലത്ത് 550 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്നതെന്ന് അപേക്ഷയോടൊപ്പം സമര്‍പ്പിച്ച പദ്ധതിരേഖയില്‍ പറയുന്നു.
പദ്ധതി പ്രദേശം സര്‍ക്കാര്‍ വ്യവസായ മേഖലയായി വിജ്ഞാപനം ചെയ്തതായി അപേക്ഷയിലുണ്ട്. 490 ഏക്കറില്‍ അമ്പത് ഏക്കര്‍ തരിശുഭൂമിയും 41 ഏക്കര്‍ റബ്ബര്‍ പ്ലാന്റേഷനുമാണ്. 54 ഏക്കര്‍ നിലം നികത്തി. കൃഷിയോഗ്യമല്ലാത്ത 325 ഏക്കറും പദ്ധതി പ്രദേശത്ത് ഉള്‍പ്പെടുമെന്നും അപേക്ഷയിലുണ്ട്. സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ ഭൂമിയും ഉള്‍പ്പെട്ടതാണ് പദ്ധതി പ്രദേശം. ഇതില്‍ 66 ശതമാനവും കൃഷിയോഗ്യമല്ലാത്തതാണ്. ഭൗമശാസ്ത്ര പഠന കേന്ദ്രം തയ്യാറാക്കിയ പട്ടിക പ്രകാരം നിര്‍ദിഷ്ട പദ്ധതി പ്രദേശം സ്ഥിതി ചെയ്യുന്ന ആറന്മുള വില്ലേജില്‍ ചതുപ്പുനിലം ഉള്ളതായി കണ്ടെത്തിയിട്ടില്ല. പദ്ധതി പ്രദേശത്തു കൂടി കടന്നു പോകുന്ന കോഴിത്തോട് വര്‍ഷങ്ങളായി വൃത്തിയാക്കാതെ കിടക്കുന്നതിനാല്‍ ഒഴുക്ക് തടസ്സപ്പെട്ട് പലസ്ഥലങ്ങളിലായി കെട്ടിനില്‍ക്കുകയാണ്. തോടിന്റെ സംരക്ഷണത്തിന് സംസ്ഥാന ചെറുകിട ജലസേചന വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തോടിന്റെ ഒഴുക്കിനെ ബാധിക്കാത്ത നിലയിലാകും റണ്‍വേ നിര്‍മിക്കുകയെന്നും അപേക്ഷയിലുണ്ട്. പദ്ധതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും അനുമതി ലഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ പത്ത് ശതമാനം ഓഹരി പങ്കാളിത്തം പദ്ധതിയുടെ പ്രാധാന്യത്തിന്റെ തെളിവായാണ് കെ ജി എസ് അവകാശപ്പെടുന്നത്. പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്നതും അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
നേരത്തെ പരിസ്ഥിതി ആഘാത പഠനം നടത്തിയ എന്‍വിറോകെയര്‍ എന്ന സ്ഥാപനത്തിന് മതിയായ യോഗ്യതയില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാണിച്ചിരുന്നു. സുപ്രീം കോടതി ഇത് ശരിവെക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ പുതിയ ഏജന്‍സിയാണ് പഠനം നടത്തിയത്. എസ് ജി എസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തയ്യാറാക്കിയ പുതിയ റിപ്പോര്‍ട്ട് അപേക്ഷയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നാബെറ്റ് അക്രഡിറ്റേഷന്‍ ലഭിച്ച ലോകത്തെ മുന്‍നിര ഏജന്‍സിയാണ് എസ് ജി എസ് എന്ന് കെ ജി എസിന്റെ അപേക്ഷയിലുണ്ട്. കൃത്യമായ പരിസ്ഥിതി ആഘാത പഠനം നടത്തിയില്ല, പഠനം നടത്തിയ എന്‍വിറോ കെയര്‍ എന്ന സ്ഥാപനത്തിന് അംഗീകാരമില്ല, പൊതുജനങ്ങളില്‍ നിന്ന് മതിയായ തെളിവെടുപ്പ് നടത്തിയില്ല തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഹരിത ട്രൈബ്യൂണല്‍ പദ്ധതിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കിയത്. ഇതിനാലാണ് അംഗീകൃത ഏജന്‍സിയെക്കൊണ്ട് വീണ്ടും പഠനം നടത്തിയത്.