കാണാതായ വിമാനം കടലിന്റെ അടിത്തട്ടിലെന്ന് സൂചന

Posted on: December 30, 2014 1:31 am | Last updated: December 29, 2014 at 11:33 pm

air asiaജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രാമധ്യേ കാണാതായ വിമാനം കടലിന്റെ അടിത്തട്ടില്‍ ഉണ്ടാകാമെന്ന് തിരച്ചിലിന് നേതൃത്വം നല്‍കുന്ന ഇന്തോനേഷ്യയിലെ ഏജന്‍സി. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തിരച്ചില്‍ നടത്തുന്നതിനായി വിവിധ രാജ്യങ്ങള്‍ കപ്പലുകളും വിമാനങ്ങളും അനുവദിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ സുരബയയില്‍ നിന്ന് സിംഗപ്പൂരിലേക്ക് ജീവനക്കാരുള്‍പ്പെടെ 162 പേരുമായി പുറപ്പെട്ട എയര്‍ ഏഷ്യയുടെ ക്യു ഇസഡ് 8501 വിമാനമാണ് ഞായറാഴ്ച രാവിലെ കാണാതായത്. മോശം കാലാവസ്ഥ കാരണം സഞ്ചാരപാത മാറ്റാന്‍ അനുവദിക്കണമെന്ന് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് ആവശ്യപ്പെട്ടിരുന്നു. സന്ദേശം ലഭിച്ച് മിനുട്ടുകള്‍ക്കകം വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തു.
ഇന്നലെ രാവിലെ പുനരാരംഭിച്ച ആകാശമാര്‍ഗമുള്ള തിരച്ചില്‍ രാത്രി താത്കാലികമായി അവസാനിപ്പിച്ചു. ഇന്ന് വീണ്ടും തിരച്ചില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. കപ്പലുകളും ചെറു ബോട്ടുകളും ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുകയാണ്. വിമാനം തകര്‍ന്ന് കടലില്‍ പതിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നതെന്ന് തിരച്ചിലിന് നേതൃത്വം നല്‍കുന്ന ഏജന്‍സി മേധാവി അഭിപ്രായപ്പെട്ടു. വിമാനത്തില്‍ നിന്ന് അവസാന സന്ദേശം ലഭിച്ച ബെലിതുംഗ്, ബോര്‍നിയോ ദ്വീപുകള്‍ക്കിടയിലുള്ള പ്രദേശത്താണ് തിരച്ചില്‍ ഊര്‍ജിതമാക്കിയതെന്ന് ഇന്തോനേഷ്യയിലെ ഗതാഗത മന്ത്രി ഇഗ്നേഷ്യസ് ജൊനാന്‍ പറഞ്ഞു. ഈ പ്രദേശത്ത് കടലിന് അമ്പത് മുതല്‍ നൂറ് മീറ്റര്‍ വരെ മാത്രമേ ആഴമുള്ളൂവെന്നും അത് തിരച്ചില്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ സഹായിക്കുമെന്നും ജൊനാന്‍ അഭിപ്രായപ്പെട്ടു.
ബെലിതുംഗ് ദ്വീപിന് സമീപത്ത് കടലില്‍ എണ്ണ പരന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് വ്യോമസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, ഇത് കാണാതായ വിമാനത്തില്‍ നിന്നുള്ളതാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം എച്ച് 370ന്റെ തിരോധാനം ദുരൂഹമായി തുടരുന്നതിനിടെയാണ് വീണ്ടും വിമാന ദുരന്തമുണ്ടായത്. ജീവനക്കാരുള്‍പ്പെടെ 239 പേരുമായി ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പോകുന്നതിനിടെയാണ് മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കാണാതായത്. ഇന്ത്യന്‍ സമുദ്ര മേഖലയില്‍ വെച്ച് കാണാതായ വിമാനത്തെ കുറിച്ച് ഇതുവരെ കാര്യമായ വിവരം ലഭിച്ചിട്ടില്ല.