Connect with us

Kasargod

നിര്‍മാണ സാമഗ്രികളുടെ ലഭ്യത നടപടി ലളിതമാക്കും :മുഖ്യമന്ത്രി

Published

|

Last Updated

കാസര്‍കോട്: നിര്‍മാണമേഖല നേരിടുന്ന വലിയ പ്രതിസന്ധി നേരിടാന്‍ നിര്‍മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പ് വരുത്താനായി നടപടികള്‍ ലളിതമാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ച്് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
മണല്‍, ചെങ്കല്ല് തുടങ്ങിയവയുടെ ലഭ്യതകുറവ് മൂലം നിര്‍മാണ മേഖല പ്രതിസന്ധി നേരിടുന്നു. അതിനായി ഇവയുടെ ലഭ്യത ഉറപ്പ് വരുത്തണം. എന്നാല്‍ ഇതെല്ലാം പരിസ്ഥിതി നിയമങ്ങള്‍കൂടി പാലിച്ചുവേണം ആവശ്യഘട്ടങ്ങളില്‍ നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ വേണ്ട ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഐടി ഉള്‍പ്പെടെയുളള വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളം രാജ്യത്തു തന്നെ ഒന്നാം സ്ഥാനത്താണ്. എന്നാല്‍ ഐടി കയറ്റുമതിയുടെ കാര്യത്തില്‍ തുലോം പിന്നിലാണ്. ഐ ടി എക്‌സ്‌പോര്‍ട്ടിങ്ങിന്റെ കാര്യത്തില്‍ കര്‍ണാടകം ഒരു ലക്ഷം കവിയുമ്പോള്‍ കേരളത്തിന്റേത് 7000 കോടി മാത്രമാണ്. അതിനാല്‍ ഐടി മേഖലയില്‍ നാം ഒന്നാമതെത്താനുളള ശ്രമത്തിലാണ്.
ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വന്നെങ്കിലും ജനങ്ങളില്‍ നിന്ന് കിട്ടികൊണ്ടിരിക്കുന്ന ചില പരാതികള്‍ ഏറെ ദയനീയമാണ്. ചില സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ അനുഭവിക്കുന്ന നിയമകുരുക്ക് ഉദ്യോഗസ്ഥരെയും പ്രശ്‌നത്തിലാക്കുന്നു. സര്‍ക്കാര്‍ സേവനം ആരുടെയും ഔദാര്യമല്ല. അവകാശമാണ്. ജനങ്ങളും ഉദ്യോഗസ്ഥരും ഒരുമിച്ച് സഹകരിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു.
നാല് കോടി രൂപയിലധികം ചെലവില്‍ നിര്‍മിച്ച സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ ആദ്യഘട്ടമായി 12ഓളം താലൂക്ക് ഓഫീസുകളാണ് പ്രവര്‍ത്തിക്കുക. നൂറ് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഹോസ്ദുര്‍ഗ്് താലൂക്ക് പഴയകെട്ടിടം അതിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് പൈതൃകസ്വത്തായി നിലനിര്‍ത്തണമെന്നും അടൂര്‍ പ്രകാശ് അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ശതവാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി കെ സി ജോസഫ് നിര്‍വഹിച്ചു. പിഡബ്ല്യൂഡി കെട്ടിടവിഭാഗം സൂപ്രന്‍ഡിംഗ് എന്‍ജിനീയര്‍ വി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശതവാര്‍ഷികാഘോഷ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അവതരിപ്പിച്ചു.
പി കരുണാകരന്‍ എം പി മുഖ്യാതിഥിയായിരുന്നു. എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), കെ കുഞ്ഞിരാമന്‍ (ഉദുമ), എന്‍ എ നെല്ലിക്കുന്ന്, അബ്ദുറസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരും പ്രസംഗിച്ചു. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ സ്വാഗവും സബ്കലക്ടര്‍ ജീവന്‍ബാബു നന്ദിയും പറഞ്ഞു.
വൈകുന്നേരം നടന്ന സാംസ്‌ക്കാരിക പരിപാടി പ്രൊഫ. എം എ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഡോ. എ.എം ശ്രീധരന്‍, പ്രൊഫ. അംബികാസുതന്‍ മാങ്ങാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. പി കെ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. വിവിധ സാംസ്‌ക്കാരിക പരിപാടികളും അരങ്ങേറി.