Connect with us

Articles

തിരിച്ചുവരാന്‍, ഏത് ഭവനത്തില്‍ നിന്നാണ് ഇവര്‍ മതം മാറിപ്പോയത്?

Published

|

Last Updated

ഇപ്പോള്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്ന “മതപരിവര്‍ത്തന മഹാമേളകള്‍” യഥാര്‍ഥത്തിലുള്ള മതപരിവര്‍ത്തനമാണോ? അല്ലെന്നേ പറയാനാകൂ. എന്തുകൊണ്ടെന്നാല്‍, മതപരിവര്‍ത്തനം അന്തഃസത്തയുള്ളതും പരമാര്‍ഥവുമാകണമെങ്കില്‍ വ്യക്തിയുടെ മനഃപരിവര്‍ത്തനവും സംഭവിച്ചിരിക്കണം. മനഃപരിവര്‍ത്തനം സംഭവിക്കാത്ത മതപരിവര്‍ത്തനം, സിനിമയില്‍ മമ്മൂട്ടി എന്ന മുസ്‌ലിം “ഹിന്ദു അയ്യരാ”യും മോഹന്‍ലാല്‍ എന്ന ഹിന്ദു “മുസ്‌ലിം പ്രവാസി”യായും വേഷം കെട്ടുന്ന അത്ര പോലും ശക്തിയും സൗന്ദര്യവും ഇല്ലാത്ത ഒരു ആഭാസ പ്രഹസനമായിത്തീരും. സംഘ്പരിവാരത്തിന്റെ “ഘര്‍ വാപ്പസി” മിക്കവാറും ഇത്തരം ഒരു ആഭാസ പ്രഹസനമായി മാത്രം വിലയിരുത്തേണ്ടവിധം വിലകെട്ടതാണെന്ന് പറയാതെ വയ്യ.
ഒരു വ്യക്തിക്ക് അയാളുടെ ചിന്താശക്തി ഉപയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തി നടത്തുന്ന, ആത്മാര്‍ഥമായ സത്യാന്വേഷണത്തിന്റെ പിന്‍ബലത്തില്‍, കൈവരിക്കുന്ന മാറ്റമാണ് യഥാര്‍ഥത്തില്‍ മനഃപരിവര്‍ത്തനാധിഷ്ഠിതമായ മതപരിവര്‍ത്തനം എന്നത്. അത്തരം മനപരിവര്‍ത്തനത്തിന് വിധേയരാകുന്ന മനുഷ്യരാണ് വാല്‍മീകിയോ ബുദ്ധനോ മഹാവീരനോ സോറസ്റ്ററോ ഗുരുനാനാക്കോ ശ്രീനാരായണ ഗുരുവോ മഹര്‍ഷി അരബിന്ദോ ഒക്കെയായി തീരുന്നതെന്ന് ലോക ചരിത്രം തെളിയിക്കുന്നു. ഇത്തരത്തില്‍ സത്യാന്വേഷണ തപസ്യ വഴി വ്യക്തിയില്‍ സംഭവിക്കുന്ന മനഃപരിവര്‍ത്തനം എക്കാലത്തും ലോകാനുഗ്രഹപ്രദായകങ്ങളും ആയിത്തീരാറുണ്ട്. എന്നാല്‍ ഇവ്വിധത്തില്‍ സമാദരണീയമായ സ്വഭാവമുള്ളതാണ് ഇപ്പോള്‍ നടന്നുവരുന്ന മതപരിവര്‍ത്തനങ്ങള്‍ എന്ന് പറയാന്‍ മതപരിവര്‍ത്തനത്തിന് വിധേയരാകുന്നവര്‍ക്കോ അതിന് നേതൃത്വം നല്‍കുന്നവര്‍ക്കോ ധൈര്യമുണ്ടാകില്ലെന്ന് തീര്‍ച്ച. അതിനാല്‍, എന്‍ കെ പ്രേമചന്ദ്രന്‍ എന്ന ഇടതുപക്ഷ നേതാവ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വലതുപക്ഷത്തേക്ക് ചേരി മാറിയതിന് പിന്നിലുള്ളതിനെക്കാള്‍ കൂടുതല്‍ ആദര്‍ശാടിസ്ഥാനങ്ങളൊന്നും ഇപ്പോള്‍ നടന്നുവരുന്ന മതപരിവര്‍ത്തന മഹാമേളകളുടെ അരങ്ങത്തും അണിയറയിലും ഉണ്ടെന്ന് കരുതുക വയ്യ. കഴിഞ്ഞ ആഴ്ച വരെ ഹിന്ദുവും ഇന്നലെ വരെ ക്രിസ്ത്യാനിയും ഇന്ന് വീണ്ടും ഹിന്ദുവും ആകാന്‍ തയ്യാറാകുന്ന ഏതൊരു വ്യക്തിയുടെയും മതം എന്നത് ആത്യന്തികമായി “എനിക്കെന്തു മെച്ചം” എന്നത് മാത്രമാണ്. നരേന്ദ്ര മോദി എന്ന “ഹിന്ദു രാഷ്ട്രവാദിയായ” ആര്‍ എസ് എസ് സ്വയം സേവകന്‍ സാങ്കേതികമായി ഇന്ത്യന്‍ പ്രധാനമന്ത്രിയായി തീര്‍ന്ന രാഷ്ട്രീയാനുകൂല സാഹചര്യത്തില്‍, “ഹിന്ദുമതക്കാരനായാല്‍ തനിക്ക് എന്തെങ്കിലും മെച്ചം കിട്ടും” എന്ന് തെറ്റിദ്ധരിച്ചവരാണ് ഇപ്പോള്‍ മതംമാറാന്‍ മുന്നോട്ട് വന്നവര്‍. അവരെ അങ്ങനെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരാണ് മതംമാറ്റ മഹാമേളകള്‍ സംഘടിപ്പിക്കുന്നവര്‍.
ഇതൊന്നുമല്ല, ക്രൈസ്തവ മതത്തേക്കാളും ഇസ്‌ലാം മതത്തേക്കാളും ബുദ്ധമതത്തേക്കാളും ഉത്കൃഷ്ടമാണ് ജാതീയ ഉച്ച നീചത്വങ്ങള്‍ നിറഞ്ഞ “ഹിന്ദു മതഭവനം” എന്ന് യോഗി ആദിത്യനാഥ്, ഭാര്‍ഗവരാമന്‍ തുടങ്ങിയ സംഘ്പരിവാര്‍ സന്ന്യാസിമാരുടെ ഉദ്‌ബോധനങ്ങള്‍ കേട്ട് ഉത്തമബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണ് അങ്ങ് ആഗ്ര മുതല്‍ ഇങ്ങ് കോട്ടയം വരെയുള്ള ഇന്ത്യന്‍ പ്രദേശങ്ങളിലെ മുസ്‌ലിംകളും ക്രൈസ്തവരും ആയിരുന്ന പിന്നാക്ക വിഭാഗക്കാര്‍ ഹിന്ദു മതം എന്ന വീട്ടിലേക്ക് മടങ്ങാന്‍ തയ്യാറായതെങ്കില്‍, ചില ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടിവരുന്നു.
മുഖ്താര്‍ അബ്ബാസ് നഖ്‌വി, നജ്മ ഹിബത്തുല്ല, ജോര്‍ജ് കുര്യന്‍, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയ മുസ്‌ലിംകളും ക്രിസ്ത്യാനികളും ബി ജെ പിക്കാരായി നേതൃനിരയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടല്ലോ. ഇവരുടെയും പൂര്‍വികര്‍, സംഘ്പരിവാര സിദ്ധാന്ത പ്രകാരം ഹിന്ദു കുടുംബസ്ഥരായിരുന്നു. എന്നിട്ടും എന്തുകൊണ്ട് നജ്മാ ഹിബത്തുല്ലയെയോ അല്‍ഫോണ്‍സ് കണ്ണന്താനത്തേയോ ഹിന്ദുമതമെന്ന വീട്ടിലേക്ക് മടക്കിക്കൊണ്ടുവരാന്‍ യോഗി ആദിത്യനാഥിനെ പോലുള്ള സംഘ്പരിവാരത്തിനു സംപൂജ്യരായ സ്വാമി മഹാരാജാക്കന്മാര്‍ക്കു കഴിയുന്നില്ല? അവരെന്തുകൊണ്ട് അതിനു ശ്രമിക്കുന്നില്ല? കൂടെ നില്‍ക്കുന്ന മുസ്‌ലിംകളെയും ക്രൈസ്തവരെയും പോലും അവരുടെ യഥാര്‍ഥ മതഭവനം ഹിന്ദുമതമാണെന്ന് ബോധ്യപ്പെടുത്താന്‍ കഴിയാത്തവരും ശ്രമിക്കാത്തവരും ദളിത് ക്രൈസ്തവരെയും പിന്നാക്കാവസ്ഥയില്‍ കഴിയുന്ന മുസ്‌ലിംകളെയും തിരഞ്ഞുപിടിച്ച് മതം മാറ്റാന്‍ ഹെല്‍പ്പ് ലൈന്‍ വഴി സഹായം ചെയ്യുന്നത് മതത്തിനുവേണ്ടി എന്നതിനേക്കാള്‍ അധികാരത്തിന് വേണ്ടിയാണെന്നേ കരുതാനാകൂ.
അധികാരത്തിന് വേണ്ടി സാധാരണക്കാരുടെ മതവിശ്വാസത്തെ ദുരുപയോഗിക്കുന്ന പ്രവണതയാണ്, ചുരുക്കത്തില്‍ വര്‍ഗീയത. അതാണ് “ഘര്‍ വാപ്പസി”യിലൂടെ രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്നത്. അതിനാല്‍, തന്നെയാണ് സംഘ്പരിവാരത്തിന്റെ “ഘര്‍ വാപ്പസി” പരിപാടിയെ എതിര്‍ക്കേണ്ടിവരുന്നതും. എന്തായാലും ആര്‍ എസ് എസ്, വി എച്ച് പി, ബി ജെ പി എന്നിങ്ങനെ പല പേരില്‍ അറിയപ്പെടുന്ന കാവി ഫാസിസ്റ്റുകള്‍, അവരുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന ജോര്‍ജ് കുര്യന്‍, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയ തറവാടി ക്രൈസ്തവരെ എങ്കിലും ഹിന്ദു മതമെന്ന വീട്ടിലേക്ക് മടക്കിക്കൊണ്ടുവരാന്‍ വല്ലതുമൊക്കെ ചെയ്തിട്ടു മാത്രം പാവപ്പെട്ട ദളിതരെ ഹിന്ദുമതമെന്ന വീട്ടിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഉത്സാഹം കാണിക്കുന്നത് കൂടുതല്‍ നന്നായിരിക്കും.
വേദോപനിഷത്തുകളെ ആധാരമാക്കുന്ന മതമാണ് “ഹിന്ദു” എന്നതെങ്കില്‍ ആ മതത്തിന് ഏറ്റവും കുറഞ്ഞത് അയ്യായിരം വര്‍ഷത്തെ പാരമ്പര്യമെങ്കിലും ഉണ്ടെന്ന് വേണം കരുതാന്‍. ഇത്രയും വര്‍ഷം പഴക്കമുള്ള ഹിന്ദുമത ഭവനത്തില്‍ നൂറ്റമ്പത് വര്‍ഷം മുമ്പ് വരെ ഈഴവരും അവരില്‍ താഴ്ന്ന ജാതി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരുന്നവരുമായ ഇന്ത്യയിലെ ബഹുഭൂരിപക്ഷ ജനവിഭാഗമായ അവര്‍ണരും ഒന്നും അംഗങ്ങളായിരുന്നില്ല. 1938ലെ ക്ഷേത്ര പ്രവേശ വിളംബരത്തിന് ശേഷമാണ് കേരളത്തിലെ ഈഴവര്‍ പോലും “ഹിന്ദു”ക്കളായി അംഗീകരിക്കപ്പെട്ടുതുടങ്ങുന്നത്. വസ്തുത ഇതായിരിക്കേ, എ ഡി 200 മുതല്‍ എ ഡി 1800 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ അവര്‍ണ ജനവിഭാഗങ്ങള്‍ക്കിടയില്‍ നടന്ന ക്രൈസ്തവ, ഇസ്‌ലാമിക മത സ്വീകാര്യങ്ങള്‍ എങ്ങനെ ഹിന്ദു മതഭവനത്തില്‍ ഉള്‍പ്പെട്ടവരുടെ മതംമാറ്റമായി കണക്കാക്കാനാകും? കണക്കാക്കാനാകണമെങ്കില്‍ ഇപ്പോള്‍ ഇവിടെ ക്രൈസ്തവരും മുസ്‌ലിംകളും ആയിരിക്കുന്ന ബഹുഭൂരിപക്ഷം മനുഷ്യരുടെയും പൂര്‍വികര്‍, ബ്രാഹ്മണരോ ക്ഷത്രിയരോ വൈശ്യരോ ശൂദ്രരോ ആയിരുന്നു എന്ന് തെളിയിക്കേണ്ടിവരും. ഇത്തരം വാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ വാല്‍മീകി എന്ന രാമായണ കര്‍ത്താവ് വനവാസിയാണ്, വ്യാസന്‍ എന്ന മഹാഭാരത കര്‍ത്താവ് മുക്കുവത്തിയുടെ മകനാണ് എന്നൊക്കെ പറഞ്ഞ് ഇവിടെയുള്ളവരെല്ലാം ഹിന്ദുക്കളായിരുന്നു എന്നു സ്ഥാപിക്കാന്‍ സംഘ്പരിവാര ബുദ്ധിജീവികള്‍ തത്രപ്പെടാറുണ്ട്. ജാതീയമായ ഉച്ചനീചത്വ ഭേദമില്ലാതെ വനവാസിയായ വാല്‍മീകിയെയും മുക്കുവത്തിയുടെ മകനായ വ്യാസനേയും ആചാര്യന്മാരായി ആദരിക്കുന്ന വിശാലതയുടെ ഭവനമാണ് ഹിന്ദുമതം എന്നും അതിലേക്കാണ് ആളുകള്‍ മടങ്ങിവരുന്നതെന്നുമാണ് സംഘ്പരിവാരത്തിന്റെ വാദം. പക്ഷേ, അതാണ് സംഘ്പരിവാരത്തിന്റെ ഉദ്ദേശ്യമെങ്കില്‍, അവര്‍ മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പരസ്യമായി തയ്യാറാകണം. ഉത്തരേന്ത്യയില്‍ ജാതി മാറി പ്രേമിച്ചു വിവാഹിതരാകുന്നവരെ വേട്ടയാടി കൊല്ലുന്ന ജാതി ഭ്രാന്ത് അഥവാ, അഭിമാന ഹത്യകള്‍ ഉണ്ടാകാതിരിക്കാന്‍ അരയും തലയും മുറുക്കി പ്രവര്‍ത്തിക്കാനും വിഭിന്ന ജാതിക്കാരായ യുവതീ യുവാക്കള്‍ തമ്മിലുള്ള പ്രണയത്തെയും വിവാഹത്തെയും പ്രോത്സാഹിപ്പിക്കാനും സംഘ്പരിവാരം സന്നദ്ധമാകണം. ഇതൊന്നും ചെയ്യാതെ ഞങ്ങള്‍ ലക്ഷ്യമിടുന്നതും ദളിതരെ ക്ഷണിക്കുന്നതും ജാതിഭേദമില്ലാത്ത വിശാല ഹിന്ദുഭവനത്തിലേക്കാണെന്ന് മതപരിവര്‍ത്തനം നടത്തുന്ന വേദിയില്‍ മാത്രം പറയുന്നത് കാപട്യമാണ്. ഇത്തരം കാപട്യങ്ങള്‍ക്ക് “സത്യമേവജയതേ” എന്നത് മുദ്രാവാക്യമാക്കി ജീവിച്ച മഹര്‍ഷിമാരുടെ രാഷ്ട്രമായ ഇന്ത്യയില്‍ ഹിരണ്യനും രാവണനും ഉണ്ടായിരുന്നതിനേക്കാള്‍ നിലനില്‍പ്പ് ഉണ്ടാകുകയില്ല.

Latest