ആദര്‍ശവും പ്രായോഗികതയും

Posted on: December 30, 2014 5:11 am | Last updated: December 29, 2014 at 8:39 pm

മദ്യനയത്തെച്ചൊല്ലി കോണ്‍ഗ്രസ് കേരള ഘടകത്തില്‍ ഉളവായ അഭിപ്രായ ഭിന്നതകള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നാണ് എ കെ ആന്റണി പറയുന്നത്. കോണ്‍ഗ്രസിന്റെ 130-ാം സ്ഥാപക ദിനത്തില്‍ ഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് ആന്റണി പറഞ്ഞ അതേ അഭിപ്രായം തന്നെയാണ് തിരുവനന്തപുരത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ വി എം സുധീരനും പ്രകടിപ്പിച്ചത്. അതേസമയം, സുധീരനും മറ്റു നേതാക്കളും തമ്മിലുള്ള ഭിന്നത എല്ലാ മറയും നീക്കി പുറത്തുവരികയും തൊട്ടുകൂടായ്മയിലേക്കും കണ്ടുകൂടായ്മയിലേക്കും അത് വളര്‍ന്നു കൊണ്ടിരിക്കുകയുമാണെന്നതാണ് വസ്തുത. തിരുവനന്തപുരത്ത് വി എം സുധീരന്‍ പങ്കെടുത്ത പാര്‍ട്ടി ജന്മദിനാഘോഷച്ചടങ്ങില്‍ നിന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിട്ടുനില്‍ക്കുകയുണ്ടായി. കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസന്‍ നേതൃത്വം നല്‍കുന്ന ജനശ്രീ മിഷന്റെ സംസ്ഥാന ക്യാമ്പ് ഉദ്ഘാടനത്തില്‍ വി എം സുധീരന്‍ പങ്കെടുത്തുമില്ല. വ്യക്തിപരമായ അസൗകര്യങ്ങളാണ് അഭാവത്തിന് നേതാക്കള്‍ പറയുന്ന കാരണമെങ്കിലും മദ്യനയത്തെച്ചൊല്ലിയുള്ള അഭിപ്രായ ഭിന്നതയുടെ ഭാഗമാണിതെന്ന് വ്യക്തമാണ്.
സര്‍ക്കാറിന്റെ പ്രതിച്ഛായയെയും ഭരണത്തെ തന്നെയും ഇതു ബാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും പാര്‍ട്ടിയിലെ സഹമന്ത്രിമാരും കഴിഞ്ഞ കുറേ ദിവസങ്ങളായി സുധീരനെ ഒതുക്കാനുള്ള തന്ത്രം മെനയുന്ന തിരക്കിലായിരുന്നു. എം എല്‍ എമാരെയും മുതിര്‍ന്ന നേതാക്കളില്‍ ബഹുഭൂരിഭാഗത്തെയും തങ്ങളുടെ പിന്നില്‍ അണിനിരത്തുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. കോഴക്കഥകളുമായി രംഗത്തു വന്ന ബാര്‍ ഉടമകളെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലായിരുന്നു അതിന് മുമ്പ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തന്നെ സമയം തികയുന്നില്ലെന്നിരിക്കെ ഇവര്‍ക്കെവിടെ ഭരിക്കാന്‍ സമയം? അല്ലെങ്കിലും ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതു തൊട്ടേ പ്രശ്‌നങ്ങളായിരുന്നല്ലോ. മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രി, ഗണേശ്- പിള്ള ഭിന്നത, പാമോലിന്‍ വിധി, ചീഫ് വിപ്പിന്റെ നിലപാടുകള്‍, സോളാര്‍ തട്ടിപ്പ്, സരിതാ നായര്‍ പ്രശ്‌നം, ബോര്‍ഡ,് കോര്‍പറേഷന്‍ വിഭജനത്തില്‍ ഘടക കക്ഷികള്‍ക്കിടയിലെ തര്‍ക്കം തുടങ്ങി പ്രശ്‌നങ്ങളിലൂടെ കടന്നു വന്ന സര്‍ക്കാറിനെ രമേശ് ചെന്നിത്തലയുടെ മന്ത്രിപദം സംബന്ധിച്ച തര്‍ക്കം പ്രതിസന്ധിയുടെ മുര്‍ധന്യതയിലെത്തിച്ചു. അന്ന് ചേരിപ്പോരിന്റെ തീവ്രത ഭരണതലത്തിലേക്കും കടന്നു. ഐ വിഭാഗത്തിന്റെ കൈവശമുള്ള വകുപ്പുകളുടെ പ്രവര്‍ത്തനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബോധപൂര്‍വം താളം തെറ്റിക്കുന്നതായി മറുഭാഗം ആരോപിച്ചു. അടിയന്തര ഫയലുകളുടെ പോലും നീക്കം നിലച്ചു. പ്രശ്‌നം സംസ്ഥാനത്ത് നിന്ന് പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ നേതൃത്വം ഹൈക്കമാന്‍ഡിനെ സമീപിച്ചു. ചെന്നിത്തലക്ക് ആഭ്യന്തര പദം നല്‍കിയാണ് ഒടുവില്‍ ഭിന്നത ഒതുക്കിയത്. മദ്യനയത്തെച്ചൊല്ലിയുള്ള ഇപ്പോഴത്തെ ചേരിപ്പോരും അതേ മട്ടില്‍ ഭരണത്തെ ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നടപ്പു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളും പദ്ധതി നടത്തിപ്പും ഒച്ചിന്റെ വേഗതയിലാണ് നീങ്ങുന്നത്. വാര്‍ഷിക പദ്ധതികള്‍ക്ക് പ്രഖ്യാപിച്ച 22,762 കോടി രൂപയില്‍ 33 ശതമാനം മാത്രമാണ് കഴിഞ്ഞ ഒമ്പത് മാസത്തിനിടെ വിനിയോഗിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ഈ മെല്ലെപ്പോക്കിന് പ്രധാന കാരണമെങ്കിലും കോണ്‍ഗ്രസിലേയും ഘടക കക്ഷികള്‍ക്കിടയിലേയും ഭിന്നതക്കും ഇതില്‍ ചെറുതല്ലാത്ത പങ്കുണ്ട്.
വി എം സുധീരന്റെ ആദര്‍ശ രാഷ്ട്രീയവും മുഖ്യമന്ത്രിയുടെ പ്രായോഗിക രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലാണ് നിലവിലെ പ്രശ്‌നത്തിന്റെ അടിസ്ഥാനം. മദ്യനയത്തില്‍ കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വങ്ങളിലും നയപരിപാടികളിലും ഉറച്ചുനില്‍ക്കണമെന്ന് സുധീരന്‍ ശഠിക്കുമ്പോള്‍, ഭരണ രംഗത്ത് ആദര്‍ശം അത്രയങ്ങ് നടപ്പാക്കാനാകില്ലെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭ്യമാക്കാമെന്ന ഉറപ്പിന്മേല്‍ സര്‍ക്കാറിലെ പല പ്രമുഖരും ബാര്‍ ഉടമകളില്‍ നിന്ന് വന്‍തുകകള്‍ കൈപ്പറ്റിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രായോഗിക രാഷ്ട്രീയം മനസ്സിലാക്കാവുന്നതേയുള്ളൂ. ബാര്‍ ഉടമകള്‍ കോഴക്കഥകള്‍ വിളിച്ചു കൂവാന്‍ തുടങ്ങിയാല്‍, അവരെ അനുനയിപ്പിക്കുന്നതിന് മദ്യനയത്തില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയാറാവുകയല്ലാതെ പിന്നെന്തു ചെയ്യാനാകും? ഈ ചക്കരക്കുടത്തില്‍ ഭരണ രംഗത്തുള്ളവര്‍ മാത്രമല്ല, ഭരണത്തിനു പുറത്തുള്ള രാഷ്ട്രീയ നേതാക്കളും കയ്യിട്ടു വാരിയിട്ടുണ്ടെന്നാണ്, സുധീരന്റെ ആദര്‍ശ രാഷ്ട്രീയത്തെ തള്ളി മുഖ്യമന്ത്രിയുടെ പ്രായോഗിക രാഷ്ട്രീയത്തെ പിന്തുണക്കാന്‍ പാര്‍ട്ടി നേതൃത്വത്തിലെ ബഹുഭൂരിഭാഗവും കാണിച്ച സന്നദ്ധത ബോധ്യപ്പെടുത്തുന്നത്. ഈ സാഹചര്യത്തില്‍ വി എം സുധീരന് ഇനി മറുഭാഗത്തിന് മുമ്പില്‍ കീഴടങ്ങുകയേ നിര്‍വാഹമുള്ളു. കോണ്‍ഗ്രസ് സ്ഥാപക ദിനച്ചടങ്ങിലെ സുധീരന്റെ പ്രസംഗത്തില്‍ അദ്ദേഹവും പ്രായോഗിക രാഷ്ട്രീയം മനസ്സിലാക്കി ത്തുടങ്ങിയതിന്റെ സൂചനകളുണ്ട്. ജനുവരി ആറിന് ചേരുന്ന കെ പി സി സി -സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തോടെ അദ്ദേഹത്തിന് ഇത് കൂടുതല്‍ ബോധ്യപ്പെടുകയും എല്ലാം ശുഭമായി പര്യവസാനിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.!