Connect with us

International

മുല്ലാ ഉമര്‍ പാകിസ്ഥാനിലുണ്ടെന്ന് അഫ്ഗാനിസ്ഥാന്‍

Published

|

Last Updated

ന്യൂയോര്‍ക്ക് : താലിബാന്റെ പരമോന്നത നേതാവ് മുല്ല മുഹമ്മദ് ഉമര്‍ ജീവിച്ചിരിപ്പുണ്ടെന്നും ഇയാള്‍ പാക്കിസ്ഥാന്‍ നഗരമായ കറാച്ചിയില്‍ ഒളിച്ചുകഴിയുകയാണെന്നും അഫ്ഗാനിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാശ്ചാത്യ രഹസ്യാന്വേഷണ അധികൃതരും നേരത്തെ ഇക്കാര്യം പറഞ്ഞിരുന്നു. ഉമര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് സംബന്ധിച്ച് നിരവധി സംശയങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ ഇയാള്‍ കറാച്ചിയിലുണ്ടെന്ന് തങ്ങള്‍ക്ക് വ്യക്തമാണെന്നും അഫ്ഗാന്‍ രഹസ്യാന്വേഷണ വിഭാഗം നിയുക്ത മേധാവി റഹ്മത്തുല്ല നബീല്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മുല്ല ഉമര്‍ ജീവിച്ചിരിക്കുന്നുവെന്ന കാര്യത്തില്‍ അഫ്ഗാന്‍ സുരക്ഷാ സേനയുടെ മൂന്ന് വിഭാഗത്തിനും യോജിച്ച അഭിപ്രായമാണുള്ളതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യൂറോപ്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മുല്ല ഉമര്‍ ജീവിച്ചിരിക്കുന്നുവെന്ന് മാത്രമല്ല കറാച്ചിയിലുണ്ടെന്നും മൂന്ന് സേനാ വിഭാഗത്തിനും അറിയാമെന്നും റിപ്പോര്‍ട്ടിലുണ്ട്.
താലിബാന്റെ ആത്മീയപ്രചാരണ രംഗത്താണ് ഉമര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ തുടര്‍ന്ന് പറയുന്നു. ഉമര്‍ കഴിഞ്ഞാല്‍ താലിബാനില്‍ രണ്ടാം സ്ഥാനം കൈയാളുന്നത് മുല്ല അക്തര്‍ മുഹമ്മദ് മന്‍സൂറാണെന്നും ഇയാളാണ് മുല്ല ഉമറുമായി ബന്ധപ്പെടുന്നതെന്നും നബീല്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. പെഷാവറിലെ സൈനിക സ്‌കൂളിലെ വിദ്യാര്‍ഥികളെ താലിബാന്‍ കൂട്ടക്കൊല നടത്തിയതിനെത്തുടര്‍ന്ന് പാക് സൈന്യം താലിബാനെതിരെ ശക്തമായ സൈനിക നീക്കം തുടരുന്നതിനിടെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

Latest