സ്ത്രീശക്തിയുടെ ചോദ്യശരങ്ങളുയര്‍ത്തി ‘പെണ്ണ്’

Posted on: December 29, 2014 8:00 pm | Last updated: December 29, 2014 at 8:10 pm

അബുദാബി: വര്‍ത്തമാനകാല സമൂഹത്തില്‍ സ്ത്രീ അഭിമുഖികരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളെ കോര്‍ത്തിണക്കിയ ദുബൈ സ്പാര്‍ട്ടക്കസിന്റെ ‘പെണ്ണ്’ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ചുവരുന്ന ആറാമത് ഭരത് മുരളി നാടകോത്സവത്തില്‍ എട്ടാമത്തെ നാടകമായി അരങ്ങേറി.
സുരേഷ് ബാബു ശ്രീസ്ഥ രചിച്ച് ഉമേഷ് കല്ല്യാശ്ശേരി സംവിധാനം ചെയ്ത പെണ്ണില്‍ ജൂലിയറ്റെന്ന പെണ്‍കുട്ടിയായി വേഷമിട്ട ആതിര പ്രേം മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. നുസൈബ, ഫെബി ഷാജഹാന്‍, സുമതി, മോഹനന്‍ മൊറാഴ, ശശി, അബ്ദുല്‍ സലീം, ആര്യ, സജീര്‍ ഗോപി, അഷറഫ്, സുനില്‍, നൗഷാദ്, പ്രഭാകരന്‍ എന്നിവര്‍ വിവിധ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. സംഗീതം: ഉമേഷ് കല്ല്യാശ്ശേരി, പ്രകാശവിതാനം: പ്രസാദ്, രംഗസജ്ജീകരണം ഹരി ബക്കളം, കുമാര്‍, ചമയം ക്ലിന്റ് പവിത്രന്‍.
ഭരത് മുരളി നാടകോത്സവത്തിന്റെ ഒന്‍പതാം ദിവസമായ ഇന്നലെ (ഞായര്‍) രാത്രി ജെയിംസ് എലിയ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഞായറാഴ്ച’ അബുദാബി നാടകസൗഹൃദം അരങ്ങിലെത്തിച്ചു.