അബുദാബിയില്‍ വഴിയോര കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടി

Posted on: December 29, 2014 7:47 pm | Last updated: December 29, 2014 at 7:47 pm

municipalityഅബുദാബി;വഴിയോര കച്ചവടക്കാര്‍ക്കെതിരെ അബുദാബി നഗരസഭ കര്‍ശന നടപടിക്കൊരുങ്ങുന്നു.ബനിയാസ് പോലീസ്, സാമ്പത്തിക കാര്യവകുപ്പ്, ഭക്ഷ്യവകുപ്പ്, മാലിന്യ നിര്‍മാര്‍ജന വകുപ്പ്, റെഡ് ക്രസന്റ് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് നടപടി. അബുദാബി എമിറേറ്റിലെ മുന്‍സിപ്പല്‍ നിയമത്തിന് വിരുദ്ധമാണ് വഴിയോര കച്ചവടമെന്ന് നഗരസഭ അറിയിച്ചു. പൊതു ജനാരോഗ്യത്തിനും ഉയര്‍ന്ന പരിസ്ഥിതി സംരക്ഷണത്തിനും ക്ഷേമത്തിനും കെട്ടുറപ്പിനും വേണ്ടിയാണ് നടപടി സ്വീകരിക്കുന്നതെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.

ഒറിജിനല്‍ ഉത്പന്നങ്ങളുടെ വ്യാജന്‍ വിപണി കയ്യടക്കുന്നത് വഴിയോരക്കച്ചവടം വഴിയാണ്. വ്യാജന്റെ വിപണനത്തിന് വഴിയോര കച്ചവടക്കാരെ പലരും ഉപയോഗപ്പെടുത്തുന്നു.
മുസഫ്ഫ, ഐക്കാഡ് സിറ്റി, മഫ്‌റഖ് എന്നീ ഭാഗങ്ങളിലാണ് വഴിയോര കച്ചവടം ഏറെയും. രാത്രി ആറു മുതല്‍ രാത്രി 11 വരെയാണ് കച്ചവടം. വ്യാഴാഴ്ച പുലര്‍ച്ചെ വരെ നീണ്ടുനില്‍ക്കും.
കുറഞ്ഞ വിലക്ക് ലഭിക്കുന്നത്‌കൊണ്ട് ഗുണനിലവാരം ഉറപ്പുവരുത്താതെയാണ് പലരും വഴിയോര കച്ചവടക്കാരില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നത്. മുന്‍നിര കമ്പനികളുടെ ഉത്പന്നങ്ങളുടെ വ്യാജനാണ് വില്‍ക്കപ്പെടുന്നവയിലേറെയും. ലേബര്‍ ക്യാമ്പുകളുടെയും കമ്പനികളുടെയും പരിസരങ്ങളിലാണ് വഴിയോര ചന്ത നടക്കുന്നത്.
അല്‍വത്ബ മുനിസിപ്പല്‍ സെന്ററാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. വഴിയോര കച്ചവടം കാരണം നഗരപരിധിയില്‍ മാലിന്യം കുമിഞ്ഞ് കുടുന്നതായും നഗരസഭ അധികൃതര്‍ അറിയിച്ചു.