സിറാജ് വാര്‍ത്ത തുണയായി: ഒറ്റക്ക് കഫ്‌തേരിയ നടത്തുന്നയാള്‍ക്ക് സഹായവുമായി മലയാളി

Posted on: December 29, 2014 5:17 pm | Last updated: December 29, 2014 at 5:17 pm

siraj dailyഷാര്‍ജ; ഒറ്റക്കു കഫ്‌തേരിയ നടത്തി ശ്രദ്ധേയനായ തലശ്ശേരി പെരിങ്ങത്തൂര്‍ സ്വദേശി റാശിദിന് തുണയായി മലയാളി എത്തി. സിറാജ് വാര്‍ത്തയെ തുടര്‍ന്ന് കോഴിക്കോട്, തിരുവള്ളൂരിലെ മൂസയാണ് റാശിദിന്റെ സഹായത്തിനായി എത്തിയത്. ഒറ്റക്കു കഫ്‌തേരിയ നടത്തുന്നത് മൂലം റാശിദ് അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് സിറാജ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ശ്രദ്ധയില്‍പെട്ടാണ് ഹോട്ടല്‍ രംഗത്ത് പരിചയമുള്ള മൂസ സഹായ ഹസ്തവുമായി സമീപിച്ചത്.

18 വര്‍ഷത്തോളമായി ഹോട്ടല്‍ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന മൂസയെ തന്റെ കഫ്‌തേരിയയില്‍ പങ്കാളിയാക്കുമെന്ന് റാശിദ് പറഞ്ഞു. കച്ചവടം വിപുലപ്പെടുത്താനാണ് യുവാവ് ഉദ്ദേശിക്കുന്നത്. അതേ സമയം ജോലിക്കാരെ വെക്കാന്‍ താത്പര്യപ്പെടുന്നുമില്ല. ജോലിക്കാരെ കിട്ടാത്തതിനാലാണ് റാശിദ് തനിച്ച് കഫ്‌തേരിയ നടത്തിവന്നത്.
നബ്ബയിലെ, അല്‍ മനാമ സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്താണ് കഫ്‌തേരിയ. നാലുമാസം മുമ്പ് ആരംഭിച്ച കഫ്‌തേരിയയുടെ ഉടമ റാശിദ് തനിച്ചാണ്. തുടക്കത്തില്‍ ഒരു ജീവനക്കാരനുണ്ടായിരുന്നുവെങ്കിലും അധികം താമസിയാതെ ഇയാള്‍ വിസ റദ്ദ് ചെയ്ത് നാട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് റാശിദ് ഒറ്റക്കു നടത്തി വരികയായിരുന്നു. രാവിലെ 6.30 മുതല്‍ രാത്രി 10.30 വരെ വിശ്രമമില്ലാതെയാണ് റാശിദ് പ്രവര്‍ത്തിച്ചത്.
ഒരേ സമയം തന്നെ പാചകക്കാരനും, സപ്ലൈയറും, ഡെലിവറി ബോയിയുമായും മറ്റും പ്രവര്‍ത്തിച്ചിരുന്ന യുവാവിനു വിശ്രമം എന്താണെന്ന് അറിഞ്ഞിരുന്നില്ല. അതേ സമയം തന്റെ വിഷമം പുറത്ത് പ്രകടിപ്പിച്ചിരുന്നില്ല. പുഞ്ചിരിയോടെയാണ് ഉപഭോക്താക്കളെ വരവേറ്റത്. പൊറോട്ട ഒഴികെയുള്ള മുഴുവന്‍ ഭക്ഷണ സാധനങ്ങളും ലഭ്യമായിരുന്നു. എല്ലാം തനിച്ചായിരുന്നു തയ്യാറാക്കിയിരുന്നത്. ഉപഭോക്താക്കളുടെ തിരക്കിനിടയിലും തയ്യാറാക്കുന്ന പലഹാരങ്ങള്‍ക്കും മറ്റും രുചിക്കുറവും അനുഭവപ്പെട്ടിരുന്നില്ല. തുടര്‍ന്നും ഒറ്റക്കു തന്നെ നടത്താനായിരുന്നു തീരുമാനമെങ്കിലും സഹായത്തിനായി മൂസ തയ്യാറായപ്പോള്‍ സ്വീകരിക്കുകയായിരുന്നു.
സിറാജ് വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് താന്‍ റാശിദുമായി ബന്ധപ്പെട്ടതെന്ന് മൂസ പറഞ്ഞു. ഹോട്ടല്‍ നടത്തുന്നവരുടെ വിഷമം തനിക്കറിയാമെന്നും ഇയാള്‍ വ്യക്തമാക്കി.