Connect with us

Wayanad

ഗൂഡല്ലൂരില്‍ ഗതാഗതകുരുക്ക് പതിവാകുന്നു

Published

|

Last Updated

ഗൂഡല്ലൂര്‍: നഗരത്തില്‍ ഗതാഗതകുരുക്ക് പതിവാകുന്നു. ഊട്ടി-മൈസൂര്‍ പാതയിലാണ് ഏറ്റവും കൂടുതല്‍ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നത്. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്റ്റാന്‍ഡും, ടി എന്‍ എസ് ടി സി ഡിപ്പോയും സ്ഥിതിചെയ്യുന്നത് ഈ പാതയിലാണ്. ഇത് കാരണം ട്രാന്‍സ്‌പോര്‍ട്ട് ബസുകളാണ് പലപ്പോഴും ഗതാഗതാകുരുക്കിന് കാരണമാകുന്നത്.
ബസ്റ്റാന്‍ഡിന് ആവശ്യമായ സൗകര്യമില്ലാത്തതാണ് വലിയ പ്രയാസം സൃഷ്ടിക്കുന്നത്. പത്തോളം ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം മാത്രമാണ് ബസ്റ്റാന്‍ഡിലുള്ളത്. തമിഴ്‌നാട് ബസുകള്‍ക്ക് പുറമെ കേരള, കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകളും ഇവിടെ തന്നെയാണ് പാര്‍ക്ക് ചെയ്യുന്നത്. ബസ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലെങ്കില്‍ ബസുകള്‍ റോഡിലാണ് പാര്‍ക്ക് ചെയ്യാറുള്ളത്. അങ്ങനെ തലങ്ങും വിലങ്ങും ബസുകള്‍ പാര്‍ക്ക് ചെയ്യുമ്പോഴാണ് ഗതാഗതം തടസപ്പെടാറുള്ളത്. പ്രധാന പാതയായതിനാല്‍ ചെറുതും വലുതുമായ നൂറുക്കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി സഞ്ചരിക്കുന്നത്.
പുതിയ ബസ്റ്റാന്‍ഡിന് സമീപത്തും സിഗ്നല്‍ സൗകര്യം ഏര്‍പ്പെടുത്തുകയാണെങ്കില്‍ ഒരു പരിധിവരെ ഗതാഗതകുരുക്കിന് പരിഹാരമാകും. ചിലസമയങ്ങളില്‍ മണിക്കൂറുകളോളമാണ് ഗതാഗത തടസമുണ്ടാകാറ്. ഇത് യാത്രക്കാരെയാണ് ഏറെ പ്രയാസത്തിലാക്കുന്നത്. ചിലപ്പോള്‍ ആംബുലന്‍സ് വാഹനത്തിന് പോലും കടന്ന് പോകാന്‍ പറ്റാത്ത വിധത്തിലാകും. ബസ്റ്റാന്‍ഡ് വിപൂലീകരണ പ്രവൃത്തികള്‍ നീണ്ടുപോകുകയാണ്. ബസ്റ്റാന്‍ഡ് വിപുലപ്പെടുത്തിയാല്‍ ബസുകള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാനാകും. റോഡിന്റെ രണ്ട് വശങ്ങളിലും ബസുകള്‍ പാര്‍ക്ക് ചെയ്യാറാണ് പതിവ്. ബസ്റ്റാന്‍ഡ് വിപുലീകരിക്കുമെന്ന് ഡി എം കെ, എ ഐ എ ഡി എം കെ പാര്‍ട്ടികള്‍ അധികാരത്തിലെത്തിയാല്‍ നാഴികക്ക് നാല്‍പ്പത് വട്ടം പറയുമെങ്കിലും പ്രവൃത്തി പദത്തില്‍ കൊണ്ടുവരാന്‍ ആര്‍ക്കും താത്പര്യമില്ല. പ്രവൃത്തികള്‍ നടക്കാത്തതിന്റെ പിന്നില്‍ രാഷ്ട്രീയ കളികളുമുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. കൂടാതെ റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുകയും ചെയ്യും.
ഓരോരുത്തരുടെയും സൗകര്യത്തിനാണ് പലയിടത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമാണ് പലരും പിന്നീട് വാഹനങ്ങള്‍ എടുക്കാറ്. അത്‌പോലെ കോഴിക്കോട് റോഡിലും, ദേവര്‍ഷോല റോഡിലും ഗതാഗതകുരുക്ക് അനുഭവപ്പെടാറുണ്ട്.